
കൊച്ചി: എറണാകുളത്തെ കുസാറ്റിൽ വിദ്യാർത്ഥികളിൽ നിന്നും എംഡിഎംഎ പിടിച്ചെടുത്തു. രണ്ട് വിദ്യാർത്ഥികളിൽ നിന്നും 10 ഗ്രാം എംഡിഎംഎ ആണ് പിടിച്ചെടുത്തത്. സംഭവത്തിൽ മാരാരിക്കുളം സ്വദേശി എംപി അതുൽ, തൃശ്ശൂർ ആളൂർ സ്വദേശി ആൽബിൻ റിബി എന്നിവർ പിടിയിലായി. ഇവർ മൂന്നാം വർഷ സിവിൽ എൻജിനീയറിങ് വിദ്യാർത്ഥികളാണ്. കളമശ്ശേരി പൊലീസ് നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് പിടികൂടിയത്. പിടിയിലായ ഇരുവരും കോളേജിന് പുറത്ത് വാടക മുറിയിൽ താമസിച്ച് വരികയായിരുന്നു.
അതുലിൻ്റെ പക്കൽ നിന്ന് 5.550 ഗ്രാം എംഡിഎംഎയും ആൽവിൻ്റെ പക്കൽ നിന്ന് 4.99 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു. കുസാറ്റിന് പിറകിലെ ഹിദായത്ത് നഗറിൽ വാടകവീട്ടിൽ നിന്നാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. രഹസ്യ വിവരത്തെ തുടർന്ന് ഡാൻസാഫ് സംഘമാണ് പുലർച്ചെ വീട്ടിലെത്തി പരിശോധന നടത്തിയത്. പ്രതികളെ സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.