ഇബ്രാഹിംകുഞ്ഞിന്‍റെ ആരോഗ്യനില പരിശോധിക്കാന്‍ മെഡിക്കൽ ബോർഡ്; വിജിലൻസ് കോടതി ഉത്തരവ് ഇന്ന്

By Web TeamFirst Published Nov 20, 2020, 6:29 AM IST
Highlights

വിജിലൻസ് അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് ആശുപത്രിയിലായ ഇബ്രാംഹിംകുഞ്ഞിന്‍റെ ആരോഗ്യനില വ്യക്തമായി അറിയുന്നതിനാണ് വിജിലൻസ് കോടതി മെഡിക്കൽ ബോർഡ് രൂപീകരിക്കുന്നത്.

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ അറസ്റ്റിലായ മുൻമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്‍റെ ആരോഗ്യനില പരിശോധിക്കാനുള്ള മെഡിക്കൽ ബോർഡിന്‍റെ വിശദാംശങ്ങളിൽ മൂവാറ്റുപുഴ വിജിലൻസ് കോടതി ഇന്ന് ഉത്തരവ് പറയും. ബോർഡിൽ ഉൾപ്പെടുത്തേണ്ട ഡോക്ടർമാരുടെയും പരിശോധന വിഷയങ്ങളുടെയും വിശദാംശങ്ങൾ ഇന്ന് സമർപ്പിക്കാൻ കോടതി വിജിലൻസിന് നിർദ്ദേശം നൽകിയിരുന്നു. മെഡിക്കൽ ബോർഡ് രൂപീകരിച്ച് തിങ്കളാഴ്ച റിപ്പോർട്ട് സമർപ്പിക്കാനാണ് വിജിലൻസിന് കോടതി നൽകിയിരിക്കുന്ന നിർദ്ദേശം. ഈ മെഡിക്കൽ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാകും വിജിലൻസിന്‍റെ കസ്റ്റഡി അപേക്ഷയിൽ കോടതി ചൊവ്വാഴ്ച തീരുമാനം എടുക്കുക.

വിജിലൻസ് അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് ആശുപത്രിയിലായ ഇബ്രാംഹിംകുഞ്ഞിന്‍റെ ആരോഗ്യനില വ്യക്തമായി അറിയുന്നതിനാണ് വിജിലൻസ് കോടതി മെഡിക്കൽ ബോർഡ് രൂപീകരിക്കുന്നത്. എറണാകുളം ജനറൽ ആശുപത്രിയിൽ നിന്നടക്കമുള്ള ഡോക്ടർമാർ സംഘത്തിലുണ്ടാകും. ഇവരുടെ റിപ്പോർട്ട് അനുസരിച്ചാകും ഇബ്രാംഹികുഞ്ഞിനെ കസ്റ്റഡിയിൽ വേണമെന്ന വിജിലൻസിന്‍റെ അപേക്ഷയിൽ കോടതി തീരുമാനം എടുക്കുക. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കൊച്ചി ലേക് ഷോർ ആശുപത്രിയിൽ ചികിത്സയിലുള്ള ഇബ്രാഹിംകുഞ്ഞിന്‍റെ ആരോഗ്യനിലയിൽ മാറ്റമില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ആശുപത്രി മുറിയ്ക്ക് പൊലീസ് കാവലുണ്ട്.

ഇതിനിടെ വിജിലൻസ് മൂവാറ്റുപുഴ കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ ഇബ്രാഹിംകുഞ്ഞിനെതിരെ ഗുരുതര ആരോപണങ്ങളാണുള്ളത്. നിർമ്മാണ കരാർ, ആർഡിഎസ് കന്പനിയ്ക്ക് നൽകാൻ  മന്ത്രി ഗൂഢാലോചന നടത്തി. ഇതിലൂടെ 13 കോടിയിലേറെ രൂപയുടെ നഷ്ടം സർക്കാരിനുണ്ടായി. പാലം പണിയ്ക്കായി നൽകിയ അഡ്വാൻസ് തുകയുടെ പലിശ ഏഴ് ശതമാനമായി കുറച്ച് നൽകിലൂടെ സർക്കാരിനുണ്ടായ നഷ്ടം 85 ലക്ഷം രൂപ. ചന്ദ്രിക പത്രത്തിൽ നിക്ഷേപിച്ച നാലരക്കോടി രൂപ കമ്മീഷൻ തുകയാണോ എന്ന്  സംശയമുണ്ടെന്നും വിജിലൻസ് കോടതിയെ അറിയിച്ചു.

എന്നാൽ ആരോപണങ്ങൾ ഇബ്രാഹിംകുഞ്ഞിന്‍റെ അഭിഭാഷകൻ നിഷേധിച്ചു. കൂടുതൽ രേഖകൾ ഹാജരാക്കാൻ സമയം നൽകണമെന്ന വാദം പരിഗണിച്ച് ജാമ്യാപേക്ഷ ചൊവ്വാഴ്ചയിലേക്ക് മാറ്റി. കസ്റ്റഡി അപേക്ഷയും ഇതിനൊപ്പം പരിഗണിക്കും.

click me!