
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളേജുകളും നഴ്‌സിംഗ് കോളേജുകളും യാഥാര്‍ത്ഥ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വയനാട്, കാസര്‍ഗോഡ് മെഡിക്കല്‍ കോളേജുകള്‍ക്ക് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ അനുമതി നല്‍കിയതോടെയാണ് ഇത് സാധ്യമായത്. പത്തനംതിട്ട, ഇടുക്കി മെഡിക്കല്‍ കോളേജുകള്‍ ഉള്‍പ്പെടെ 4 മെഡിക്കല്‍ കോളേജുകള്‍ക്കാണ് അനുമതി ലഭിച്ചത്. ഇതോടെ 300 എംബിബിഎസ് സീറ്റുകളാണ് സര്‍ക്കാര്‍ ഫീസില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ ലഭ്യമാക്കിയത്.
വയനാട്, കാസര്‍ഗോഡ് മെഡിക്കല്‍ കോളേജുകളില്‍ എത്രയും വേഗം നടപടി ക്രമങ്ങള്‍ പാലിച്ച് ഈ അധ്യായന വര്‍ഷം തന്നെ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഈ സര്‍ക്കാരിന്റെ കാലത്ത് സര്‍ക്കാര്‍, സര്‍ക്കാരിതര മേഖലകളിലായി 21 നഴ്‌സിംഗ് കോളേജുകളാണ് ആരംഭിച്ചത്. കാസര്‍ഗോഡ്, വയനാട്, ഇടുക്കി, പാലക്കാട്, മലപ്പുറം, പത്തനംതിട്ട, കൊല്ലം, തിരുവന്തപുരം അനക്‌സ് ഉള്‍പ്പെടെ സര്‍ക്കാര്‍ മേഖലയില്‍ നഴ്‌സിംഗ് കോളേജുകള്‍ ആരംഭിച്ചു.
സ്വകാര്യ മേഖലയില്‍ 20 നഴ്‌സിംഗ് കോളേജുകളും ആരംഭിച്ചു. സര്‍ക്കാര്‍ മേഖലയില്‍ 478 ബി.എസ്.സി. നഴ്‌സിംഗ് സീറ്റുകളില്‍ നിന്ന് 1060 സീറ്റുകളാക്കി വര്‍ധിപ്പിച്ചു. ആകെ 10300 ലധികം ബി.എസ്.സി. നഴ്‌സിംഗ് സീറ്റുകളാക്കി വര്‍ധിപ്പിച്ചു. ഈ കാലഘട്ടത്തില്‍ നമ്മുടെ കുട്ടികള്‍ക്ക് സംസ്ഥാനത്ത് തന്നെ മെറിറ്റില്‍ പഠിക്കാനുള്ള സാഹചര്യം ഒരുക്കാനായി. 80 പിജി സീറ്റുകള്‍ക്ക് അനുമതി ലഭ്യമായി. സര്‍ക്കാര്‍ മേഖലയില്‍ ഫെലോഷിപ്പ് പ്രോഗ്രാം ആരംഭിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് വളരെ മുന്നേറ്റം കൈവരിക്കാനായി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam