കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തട്ടിപ്പ്; ഉപകരണങ്ങള്‍ വാങ്ങിയതില്‍ ക്രമക്കേട്, അനക്കമില്ലാതെ വിജിലന്‍സ്

Published : Mar 05, 2022, 09:02 AM ISTUpdated : Mar 05, 2022, 02:46 PM IST
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തട്ടിപ്പ്; ഉപകരണങ്ങള്‍ വാങ്ങിയതില്‍ ക്രമക്കേട്, അനക്കമില്ലാതെ വിജിലന്‍സ്

Synopsis

മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഉദ്യോഗസ്ഥർ തന്നെയാണ് വ്യാജ ഉപകരണങ്ങളടക്കം വാങ്ങി ക്രമക്കേട് നടത്തിയെന്ന് തെളിവുകൾ സഹിതം കോഴിക്കോട് വിജിലന്‍സിന് പരാതി നല്‍കിയത്.

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ (Kozhikode medical college) വൈറോളജി ലാബിലേക്ക് വാങ്ങിയ ഉപകരങ്ങളില്‍ ലക്ഷങ്ങളുടെ വെട്ടിപ്പ് നടന്നെന്ന് കാട്ടി വിജിലന്‍സിന് (Vigilance) നല്‍കിയ പരാതിയില്‍ തുടരന്വേഷണത്തിന് മൂന്ന് വർഷത്തിനപ്പുറവും സർക്കാർ അനുമതിയില്ല. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഉദ്യോഗസ്ഥർ തന്നെയാണ് വ്യാജ ഉപകരണങ്ങളടക്കം വാങ്ങി ക്രമക്കേട് നടത്തിയെന്ന് തെളിവുകൾ സഹിതം കോഴിക്കോട് വിജിലന്‍സിന് പരാതി നല്‍കിയത്. അതേസമയം കോടതിയെയും കേന്ദ്ര ഏജന്‍സികളെയും സമീപിക്കാന്‍ ഒരുങ്ങുകയാണ് പരാതിക്കാർ.

2019 ലാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വൈറസ് റിസർച്ച് ആന്‍ഡ് ഡയഗ്നോസ്റ്റിക് ലബോറട്ടറിയിലേക്കായി വിവിധ ഉപകരണങ്ങൾ വാങ്ങിയതില്‍ ഗുരുതര ക്രമക്കേടുകളുണ്ടെന്ന പരാതി കോഴിക്കോട് വിജലന്‍സ് സംഘത്തിന് ലഭിക്കുന്നത്. ആശുപത്രിയിലെ തന്നെ ഉദ്യോഗസ്ഥരായിരുന്നു രഹസ്യമായി പരാതി നല്‍കിയത്. 2017 ല്‍ 6.92 ലക്ഷം രൂപ മുടക്കി ലാബിലേക്ക് വാങ്ങിയ നാല് തരം ടെസ്റ്റിംഗ് കിറ്റുകളെ പറ്റിയായിരുന്നു ആദ്യത്തെ പരാതി. ആർഎഎസ് ലൈഫ് സയന്‍സ് പ്രൈവറ്റ് ലിമിറ്റഡില്‍ നിന്നാണ് കിറ്റുകൾ വാങ്ങിയത്. എന്നാല്‍ വിതരണം ചെയ്തതില്‍ 3 തരം കിറ്റുകളും തങ്ങൾ നിർമ്മിച്ചതോ വിതരണം ചെയ്തതോ അല്ലെന്ന് കമ്പനി അധികൃതർ തന്നെ പിന്നീട് അറിയിച്ചു. ഈ കിറ്റുകൾ ആര് നിർമ്മിച്ചതെന്ന് ഇപ്പോഴും വ്യക്തമല്ല.

ലാബിലേക്ക് വാങ്ങിയ ഡീപ് ഫ്രീസറുകളെ പറ്റിയായിരുന്നു മറ്റൊരു പരാതി. ഇറ്റാലിയന്‍ നിർമ്മിത ഡീപ് ഫ്രീസർ എന്ന പേരില്‍ ഇന്ത്യന്‍ കമ്പനിയുടെ ഉപയോഗിച്ച ഫ്രീസർ കൊണ്ടുവന്ന് ലാബില്‍ ഫിറ്റ് ചെയ്തെന്നാണ് സംശയം. 2018 ലും 19ലും നടന്ന അക്കൗണ്ടന്‍റ് ജനറലിന്‍റെ പരിശോധന റിപ്പോർട്ടിലും വ്യാജ ഫ്രീസർ വാങ്ങിയതിലെ ക്രമക്കേടിനെപറ്റി പറയുന്നുണ്ട്. ആശുപത്രി ആവശ്യപ്പെട്ട ഫ്രീസറല്ല കമ്പനി വിതരണം ചെയ്തതെന്നും 7 ലക്ഷം രൂപ മാത്രം വിലവരുന്ന ഫ്രീസറുകളാണ് 14 ലക്ഷം രൂപയ്ക്ക് വാങ്ങിയതെന്നും ആരോപണമുയർന്നിരുന്നു. തുടർന്ന് ഇതുവരെ ഫ്രീസറുകളുടെ വിലയായ 14 ലക്ഷം രൂപ കമ്പനിക്ക് നല്‍കിയിട്ടില്ല. ലാബിലേക്കായി വാങ്ങിയ ഒരു കോടിയിലധികം രൂപ വില മതിക്കുന്ന കൺഫോക്യല്‍ മൈക്രോസ്കോപ്പിന്‍റെ വിലയുടെ ആറ് ശതമാനം മുതല്‍ 26 ശതമാനം വരെ നേരത്തെ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ കമ്മീഷനായി ആവശ്യപ്പെട്ടെന്ന ഗുരുതര ആരോപണവും പരാതിയിലുണ്ടായിരുന്നു.

പരാതി ലഭിച്ചതിന് പിന്നാലെ കോഴിക്കോട് വിജിലന്‍സ് സംഘം വൈറോളജി ലാബിലെത്തി പരിശോധന നടത്തി. പരാതിയില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടു. തുടർ നടപടിയെടുക്കാന്‍ അനുമതിക്കായി ഫയല്‍ തിരുവനന്തപുരത്തേക്ക് അയച്ചെങ്കിലും ഇതുവരെ മറുപടി കിട്ടിയില്ല. തുടരന്വേഷണത്തിന് സർക്കാർ അനുമതി നല്‍കിയില്ലെന്നാണ് വിജിലന്‍സ് ഉദ്യോഗസ്ഥർ പറയുന്നത്. അതേസമയം വിഷയത്തില്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്‍റെ പ്രതികരണം തേടിയെങ്കിലും ലഭിച്ചില്ല. പരാതിയുമായി ഇനി ഹൈക്കോടതിയെയും കേന്ദ്ര ഏജന്‍സികളെയും സമീപിക്കാനാണ് പരാതിക്കാരുടെ തീരുമാനം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സർക്കാരിനെതിരെ അതിരൂക്ഷ വിമർശനവുമായി ജോസഫ് പാംപ്ലാനി; കൃഷി നിർത്തി ജയിലിൽ പോകാൻ മനുഷ്യരെ പ്രലോഭിപ്പിക്കുന്നുവെന്ന് പരിഹാസം
കരിപ്പൂരിൽ പൊലീസിന്‍റെ വിചിത്ര നടപടി; ആരോപണ വിധേയനായ എസ്എച്ച്ഒയെ ഡിറ്റക്ടിങ് ഓഫീസറാക്കി