
മീനങ്ങാടി: കാര്‍ തടഞ്ഞുനിര്‍ത്തി യാത്രികന്‍റെ മുഖത്ത് കുരുമുളക് സ്‌പ്രേ ചെയ്ത് പണവും വാഹനവും കവര്‍ന്ന കേസില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. കണ്ണൂര്‍ സ്വദേശികളായ മണത്തണ സ്വദേശി പി. പ്രണവ് (24), കെ. കനകരാജ് (28), കണ്ണൂര്‍ ചൊക്ലി പെരിങ്ങളം സ്വദേശി നിഥുല്‍ കുമാര്‍ (29) എന്നിവരെയാണ് പോലീസ് പിടികൂടിയത്. പ്രണവിനെയും കനകരാജിനെയും പേരാവൂര്‍ എടത്തൊട്ടിയില്‍നിന്നും നിഥുല്‍ കുമാറിനെ കണ്ണൂര്‍ കണ്ണമ്പള്ളിയില്‍നിന്നുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ഇവരെ മീനങ്ങാടി പോലീസ് സ്റ്റേഷനിലെത്തിച്ചു. കേസില്‍ കണ്ണൂര്‍ സ്വദേശികളായ എം. രഞ്ജു (32), സൗരവ് സുനില്‍ (26) എന്നിവരെ സംഭവദിവസം തന്നെ പോലീസ് പിടികൂടിയിരുന്നു. ഇവര്‍ ഉള്‍പ്പെടെ കേസില്‍ ഇതുവരെ അഞ്ചുപേരാണ് അറസ്റ്റിലായത്.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
2026 സെപ്റ്റംബര്‍ 30ന് വൈകിട്ടാണ് മീനങ്ങാടി എഫ്.സി.ഐ ഗോഡൗണിന് സമീപം കവര്‍ച്ച നടന്നത്. കര്‍ണാടകയിലെ ബെംഗളൂരില്‍നിന്ന് കൊടുവള്ളിയിലേക്ക് ഇന്നോവ കാറില്‍ യാത്ര ചെയ്യുകയായിരുന്ന യുവാവിന്‍റെ വാഹനം രണ്ട് കാറുകളിലായി എത്തിയ പത്തോളം പേര്‍ തടഞ്ഞുനിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് മാരകായുധങ്ങള്‍ ഉപയോഗിച്ച് കാറിന്‍റെ സൈഡ് ഗ്ലാസുകള്‍ അടിച്ചുതകര്‍ക്കുകയും യുവാവിന്‍റെ മുഖത്ത് എരിവുള്ള സ്‌പ്രേ അടിച്ച് ബലമായി പുറത്തിറക്കുകയും ചെയ്തു. പിന്നീട് ഇന്നോവ കാറും അതിലുണ്ടായിരുന്ന 21,000 രൂപയും കവര്‍ന്നതായാണ് കേസ്.
കനകരാജിനെതിരെ മുഴക്കുന്ന്, കൂത്തുപറമ്പ്, കരിപ്പൂര്‍ പോലീസ് സ്റ്റേഷനുകളിലായി അഞ്ചോളം കേസുകളുണ്ടെന്ന് പോലീസ് അറിയിച്ചു. പ്രണവിനെതിരെയും പേരാവൂര്‍ പോലീസ് സ്റ്റേഷനില്‍ കേസുണ്ട്. നേരത്തെ പിടിയിലായ രഞ്ജുവിനെതിരെ ബത്തേരി, ചൊക്ലി സ്റ്റേഷനുകളിലായി 13 ഓളം കേസുകളുണ്ടെന്നും സൗരവ് സുനിലിനെതിരെയും വിവിധ കേസുകളുണ്ട്. ജില്ലാ പോലീസ് മേധാവി എസ് ദേവമനോഹര്‍ ഐ.പി.എസിന്‍റെ നിര്‍ദ്ദേശപ്രകാരം ബത്തേരി ഡിവൈ.എസ്.പി എം.എം അബ്ദുള്‍കരീമിന്‍റെ മേല്‍നോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ പിടിയകൂടിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam