
തിരുവനന്തപുരം: നഗരത്തിലെ വാട്ടര്‍ അതോറിറ്റി ആസ്ഥാനത്ത് അതിക്രമിച്ച് കടന്നയാള്‍ ഓഫീസ് തല്ലിത്തകർത്തു. പുലർച്ചെയായിരുന്നു സംഭവം. സുരക്ഷാമതില്‍ ചാടിക്കടന്നെത്തിയ അക്രമി താഴത്തെ നിലയിലെ ഗ്ലാസ് ഡോറുകൾ തകർത്തു. പിന്നാലെ ഓഫീസിലെ മേശയും കസേരയും കംപ്യൂട്ടര്‍ അടക്കുള്ളവയും നശിപ്പിച്ചു. തുടര്‍ന്ന് ചീഫ് എൻജിനീയറുടെ ഓഫീസ് മുറി അടിച്ചുതകര്‍ത്തു.
അതിനുശേഷം മുകള്‍നിലയിലെ ജലനിധി ഓഫിസിലെത്തി അവിടത്തെ വസ്തുവകകളും ഫയലും നശിപ്പിക്കുകയായിരുന്നു. 80,000 രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കുകൾ. സുരക്ഷാജീവനക്കാര്‍ ചേര്‍ന്ന് കീഴ്പ്പെടുത്തിയ പ്രതിയെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ മാനസികാസ്വാസ്ഥ്യമുള്ള ആളാണെന്ന് പൊലീസ് പറഞ്ഞു. സെപ്റ്റംബറിലും സമാനമായ സംഭവം ഉണ്ടായിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും മനോരോഗിയാണെന്ന് സംശയം തോന്നിയതോടെ പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റിയെന്ന് പൊലീസ് അറിയിച്ചു.