
തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധന വിവാദത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ മന്ത്രി മേഴ്‌സിക്കുട്ടിയമ്മ. ഇഎംസിസിയും പ്രതിപക്ഷ നേതാവുമായി ചേർന്നുള്ള ഗൂഢാലോചന നടത്തുന്നുവെന്ന് സംശയിക്കുന്നതായി മേഴ്‌സിക്കുട്ടിയമ്മ പ്രതികരിച്ചു. ഇഎംസിസി പ്രതിനിധികളുമായി ചേർന്ന് പോയി മുഖ്യമന്ത്രിയെ കണ്ടിട്ടില്ലെന്നും പ്രതിനിധികളുടെ നിലപാട് ദുരൂഹമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ആഴക്കടൽ മത്സ്യബന്ധനത്തിലെ വിവാദ അമേരിക്കൻ കമ്പനി പ്രതിനിധികൾ മുഖ്യമന്ത്രിയെയും കണ്ട് ചർച്ച നടത്തിയെന്നാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചത്. കരാറുമായി ബന്ധപ്പെട്ട രണ്ട് രേഖകൾ കൂടി പ്രതിപക്ഷനേതാവ് ഇന്ന് പുറത്ത് വിട്ടിരുന്നു.
ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് വിദേശകമ്പനിയുമായി ഒരുകരാറും ഒപ്പിട്ടില്ലെന്ന് മുഖ്യമന്ത്രി ന്യായീകരിക്കുമ്പോഴാണ് പിആർഡിയുടെ പരസ്യം പുറത്ത് വന്നത്. ബോട്ട് നിർമ്മിക്കുന്നതിന് വിദേശകമ്പനിയുമായി ധാരണായായെന്ന സർക്കാർ പരസ്യം ഓർമ്മിപ്പിച്ചാണ് മുഖ്യമന്ത്രിയുടെ പ്രതിരോധം പ്രതിപക്ഷനേതാവ് പൊളിച്ചത്.
പരസ്യം മാത്രമല്ല കെ എസ് ഐ ഡി സിയുമായി ഇ എം സി സി ആഴക്കടൽ മത്സബന്ധനവുമായി ബന്ധപ്പെട്ട് ഒപ്പുവച്ച ധാരണപത്രവും ചേർത്തല പള്ളിപ്പുറത്ത് നാല് ഏക്കർ സ്ഥലം അനുവദിച്ചുള്ള ഉത്തരവും ചെന്നിത്തല പുറത്ത് വിട്ടു. കരാറുകളെല്ലാം റദ്ദാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ട്രോളറുകൾ നിർമ്മിക്കാൻ ധാരണാപത്രം ഒപ്പുവച്ച ഇൻലാന്റ് നാവിഗേഷൻ കോർപ്പറേഷൻ എം ഡി എൻ പ്രശാന്തിനെതിരെ സർക്കാർ നീങ്ങുകയാണ്. എന്നാൽ ആ ഉദ്യോഗസ്ഥനോട് ഇക്കാര്യം സംസാരിച്ചിട്ടില്ലെന്നാണ് ചെന്നിത്തലയുടെ വിശദീകരണം. ആരോപണങ്ങൾ തള്ളിയ സിപിഎം മത്സ്യതൊഴിലാളികൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ലെന്ന് വിശദീകരിച്ചു.
അതേസമയം, കരാറിനെക്കുറിച്ച് മുഖ്യമന്ത്രി പറയുന്നത് വിശ്വസിക്കാൻ കഴിയില്ലെന്ന വ്യക്തമാക്കി ബിജെപിയും രംഗത്തെത്തി. പ്രതിപക്ഷനേതാവിന് പിന്നാലെ സമഗ്രമായ അന്വേഷണം ബിജെപിയും ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam