
തിരുവനന്തപുരം: 2022 ലോകകപ്പ് നേടിയ അർജന്‍റീന ടീമിനെയും നായകൻ ലയണൽ മെസിയേയും കേരളത്തിൽ കൊണ്ടുവരുമെന്ന് പറഞ്ഞ് നടത്തിയ തട്ടിപ്പിൽ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാമെന്ന് ഡി ജി പി. മെസിയുടെ പേരിലെ തട്ടിപ്പിൽ അഴിമതി നിരോധന വകുപ്പ് കൂടി ചുമത്താൻ അനുമതി നൽകണമെന്നും സർക്കാരിനോട് ഡി ജി പി ആവശ്യപ്പെട്ടു. എസ് ഐ ടി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് സർക്കാർ ഡി ജി പി അനുമതി തേടിയത്. മുൻ കായിക മന്ത്രി വി അബ്ദുറഹ്മാൻ ഉള്‍പ്പെടെയുള്ളവർ പ്രതിപട്ടികയിലേക്ക് വരുമെന്നാണ് വ്യക്തമാകുന്നത്.
മെസ്സിയുടെ പേര് പറഞ്ഞുള്ള തട്ടിപ്പിൽ എ ഡി ജി പി പി. വിജയന്റെ നേതൃത്വത്തിലുള്ള സംഘത്തിന്‍റെ അന്വേഷണം അതിവേഗമാണ് പുരോഗമിക്കുന്നത്. ആന്‍റോ അഗസ്റ്റിനും, റിപ്പോർട്ടർ ബ്രോഡ് കാസ്റ്റിംഗ് കമ്പനിയുമാണ് നിലവിൽ പ്രതിപട്ടികയിലുള്ളത്. വഞ്ചനയും ഗൂഢാലോചനയും മാത്രമല്ല, മന്ത്രി തലത്തിലെ ഗൂഢാലോചനയുമുണ്ടെന്നാണ് എസ് ഐ ടിയുടെ കണ്ടെത്തൽ. ടെണ്ടറില്ലാതെ സ്പോണ്‍സറെ കണ്ടെത്തിയത് മുതൽ നടക്കാൻ സാധ്യതയില്ലാതെ മത്സരത്തിനായി വിദേശ യാത്ര ചെയ്ത് അധികാര ദുർവിനിയോഗം നടന്നുവെന്നടക്കമുള്ള കാര്യങ്ങൾ റിപ്പോർട്ടിലുണ്ട്. മുൻ കായികമന്ത്രി വി അബ്ദു റഹാമാനും ഓഫീസും സെക്രട്ടറിയേറ്റ് ചട്ടങ്ങള്‍ മറികടന്ന് സ്പോണ്‍സർക്ക് വേണ്ടി നടത്തിയ പ്രവർത്തനങ്ങള്‍ റിപ്പോർട്ടിൽ ചൂണ്ടികാട്ടിയിരുന്നു. അഴിമതി നിരോധന വകുപ്പ് ചുമത്തണമെന്ന് ശുപാർശയിൽ ഡി ജി പി പ്രത്യേക സംഘത്തെ വിളിച്ച് അന്വേഷണം വിലയിരുത്തി. കൂടുതൽ വകുപ്പ് ചുമത്താനാണ് യോഗം തീരുമാനം. വിജിലൻസ് പ്രത്യേക കേസെടുത്ത് അന്വേഷിക്കണോ, എസ് ഐ ടിക്ക് തുടരന്വേഷണം കൈമാറണോ എന്നതായിരുന്നു ഡി ജി പി മുന്നിലുള്ള കാര്യം. അഴിമതി നിരോധന വകുപ്പ് ചുമത്തി എസ് ഐ ടി അന്വേഷണം നടത്താനാണ് ഡി ജി പിയുടെ ശുപാർശ. സർക്കാർ അനുമതി കിട്ടിയാൽ പുതിയവകുപ്പ് ചുമത്തി എസ് ഐ ടി വിജിലൻസ് കോടതിയിൽ റിപ്പോർട്ട് നൽകും. അതിന് പിന്നാലെ മുൻ മന്ത്രി വി അബ്ദു റഹ്മാനെയും പേഴ്സൺൽ സ്റ്റാഫിലെ ചിലരെയും പ്രതി ചേർത്തുള്ള റിപ്പോർട്ടും സമർപ്പിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam