
കൊച്ചി: എംജി രാജമാണിക്യം ഐഎഎസ് ഇനി ഔദ്യോഗികമായി ഡോക്ടർ എംജി രാജമാണിക്യം ഐഎഎസ്. ജല സംരക്ഷണത്തെക്കുറിച്ച് നടത്തിയ ഗവേഷണത്തിന് കുസാറ്റാണ് ഡോക്ടറേറ്റ് നൽകിയത്. സർവ്വകലാശാലയിൽ നടന്ന ചടങ്ങിൽ വച്ച് ഔദ്യോഗികമായി ഗവേഷണ പ്രബന്ധം അംഗീകരിച്ചുള്ള സർട്ടിഫിക്കറ്റ് കൈമാറി. ജലം കിട്ടാക്കനിയായ ഗ്രാമത്തിൽ ജനിച്ചു വളർന്ന രാജമാണിക്യം ജലസമൃദ്ധമായ കേരളത്തിൽ എത്തിയപ്പോഴാണ് ഇത്തരമൊരു ഗവേഷണത്തെക്കുറിച്ച് മനസ്സിൽ ആശയം ഉദിച്ചത്. എറണാകുളം കളക്ടറായിരിക്കെ ജനകീയകൂട്ടായ്മയോടെ ജലാശയങ്ങൾ വൃത്തിയാക്കിയായിരുന്നു ജലസംരക്ഷണ തുടക്കം.
കുട്ടിക്കാലത്ത് വെള്ളത്തിനായി കഷ്ടപ്പെട്ട അനുഭവങ്ങളാണ് ജലവിഭവവുമായി ബന്ധപ്പെട്ട ഗവേഷണത്തിലേക്കു നയിച്ചത്. 2014-ൽ എറണാകുളം കളക്ടറായിരിക്കേ നടപ്പാക്കിയ 'എന്റെ കുളം എറണാകുളം' പദ്ധതി ഗവേഷണത്തിനു വഴിത്തിരിവായി. കുസാറ്റിലെ മറൈൻ സയൻസ് ആൻഡ് കെമിക്കൽ ഓഷ്യാനോഗ്രാഫി വിഭാഗം തലവനായിരുന്ന ഡോ. ചന്ദ്രമോഹനകുമാർ ഗൈഡും അസിസ്റ്റന്റ് പ്രൊഫസർ സി.എസ്. രതീഷ് കുമാർ കോഗൈഡുമായിരുന്നു. ആദ്യഘട്ടത്തിൽ കുടിവെള്ളത്തിന്റെ ഗുണ നിലവാരമായിരുന്നു ഗവേഷണ വിഷയം. പിന്നീട് അത് ജലനയത്തിലേക്കും ജലവിഭവ മാനേജ്മെന്റ്‌റിലേക്കും വ്യാപിപ്പിക്കുകയായിരുന്നു. പ്രളയത്തിനുശേഷം ഗവേഷണം അതിവേഗം പൂർത്തിയാക്കണമെന്ന് മനസ്സിൽ കരുതിയതായി രാജ്യമാണിക്യം പറഞ്ഞു.
നിലവിൽ കെഎസ്ഇബി ചെയർമാനും പരിസ്ഥിതി സെക്രട്ടറിയും കൂടിയായ രാജമാണിക്യം വെള്ളത്തിൻറെ വില ഏറ്റവും കൂടുതൽ അറിയാവുന്ന ഐഎഎസ് ഉദ്യോഗസ്ഥൻ കൂടിയാണ്. ഡോക്ടറേറ്റ് സർട്ടിഫിക്കറ്റ് വാങ്ങിയശേഷം തലപ്പാവ് അമ്മയ്ക്കും സർട്ടിഫിക്കറ്റ് ഭാര്യയും ഐപിഎസ് ഉദ്യോഗസ്ഥയുമായ നിശാന്തിനിക്കും കൈമാറിയാണ് ഏറെ നാൾ നീണ്ടുനിന്ന ആഗ്രഹപൂർത്തീകരണത്തിന്റെ സന്തോഷം രാജമാണിക്യം പങ്കുവെച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam