
തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് മുമ്പ് മുൻ സർക്കാർ സംഘടിപ്പിച്ച നവകേരള സർവേയിൽ കെഎസ്എഫ്ഇയ്ക്കും നഷ്ടം. സർവേയ്ക്ക് ഇറങ്ങിയ സന്നദ്ധ പ്രവർത്തകർക്ക് ബുക്കും പേനയും നൽകാനുള്ള ചെലവിനായി 46 ലക്ഷം രൂപ കെഎസ്എഫ്ഇ കുടുംബശ്രീക്ക് നൽകിയെന്ന് വിവരാവകാശ രേഖ. കെഎസ്എഫ്ഇയുടെ ലോഗോ നോട്ടുബുക്കിലും നോട്ട് പാഡിലും നൽകി വീടുകളിൽ ബ്രാൻഡ് പരസ്യം എത്തിക്കുന്നതിനാണ് തുക ചെലവാക്കിയത്. അന്നത്തെ മന്ത്രിയുടെ നിർദേശപ്രകാരമാണ് കെഎസ്എഫ്ഇ തുക സ്പോൺസർ ചെയ്തത്.
നവകേരളം വികസന ക്ഷേമ പരിപാടികളുടെ ഭാഗമായി വികസനം, ക്ഷേമം സംബന്ധിച്ച നിർദേശങ്ങൾ സംസ്ഥാനത്തെ വീടുകളിൽ നിന്നും പൊതു കൂട്ടായ്മകളിൽ നിന്നും സ്വീകരിക്കാൻ 85,000 നവകേരള കർമ്മവേനാംഗങ്ങൾ 85 ലക്ഷത്തോളം വീടുകൾ സന്ദർശിക്കണമെന്ന് സംസ്ഥാന സർക്കാർ നിർദേശിച്ചിരുന്നു. സർവേ ഹൈക്കോടതി സ്റ്റേ ചെയ്തെങ്കിലും സുപ്രീംകോടതി അനുമതി നൽകിയിരുന്നു. ഇതിനിടെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സർവേ പൂർത്തിയാക്കാൻ സർക്കാരിന് കഴിഞ്ഞില്ല. ഇതോടെ സർവേ വെറുതെയായി.
സർവേയിൽ പങ്കെടുത്ത വളണ്ടിയർമാർക്ക് വിതരണം ചെയ്യുന്നതിനായി 85,000 വീതം നോട്ടുബുക്കുകൾ, നോട്ട്പാഡുകൾ, പേന എന്നിവ ആവശ്യമാമെന്നും ഇവയുടെ സ്പോൺസർഷിപ്പ് തുക അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കേരള ഇൻഫർമേഷൻ ആൻ്റ് പബ്ലിക് റിലേഷൻസ് വകുപ്പാണ് കെഎസ്എഫ്ഇയെ സമീപിച്ചത്. 2026 മാർച്ച് അഞ്ചാം തീയതി ചേർന്ന കെഎസ്എഫ്ഇയുടെ ഡയറക്ടർ ബോർഡ് അംഗങ്ങളുടെ യോഗമാണ് 46 ലക്ഷം രൂപയുടെ സാമഗ്രികൾ സ്പോൺസർ ചെയ്യാൻ തീരുമാനിച്ചത്.
കുടുംബശ്രീ ആണ് കെഎസ്എഫ്ഇയുടെ ലോഗോ പതിപ്പിച്ച 85,000 വിതം നോട്ടുബുക്കുകൾ, നോട്ട്പാഡുകൾ, പേനകൾ എന്നിവ തയ്യാറാക്കി വിതരണം ചെയ്തത്. ഇതിനായി ആകെ 46,16,475 രൂപയാണ് കെഎസ്എഫ്ഇ കുടുംബശ്രീക്ക് നൽകിയത്. 85,000 നോട്ടുബുക്കിന് മാത്രം 25,50,000 രൂപയാണ് ചെലവായത്. കൂടാതെ, 85,000 നോട്ട്പാഡുകൾക്ക് 11,78,525 രൂപയും 85,000 പേനകൾക്ക് 8,47,450 രൂപയും ചെലവായി. നോട്ടുബുക്ക്, നോട്ട്പാഡ് ട്രാൻസ്പോർട്ടേഷൻ ചാർജായി 25,000 രൂപയും പേന ട്രാൻസ്പോർട്ടേഷൻ ചാർജായി 15,500 രൂപയും കെഎസ്എഫ്ഇ ചെലവഴിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam