
തിരുവനന്തപുരം: മന്ത്രി കെടി ജലീലിനെതിരായ മാർക് ദാന വിവാദം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകി. എം.ജി സർവകലാശാലയിൽ പരീക്ഷയിൽ തോറ്റ വിദ്യാർത്ഥിക്ക് മന്ത്രി കെ.ടി ജലീൽ ഇടപ്പെട്ട് മാർക്ക് ദാനം നൽകിയത് നിയമവിരുദ്ധമെന്നാണ് യുഡിഎഫ് കുറ്റപ്പെടുത്തി.
മന്ത്രിയുടെ, സർവകലാശാലയുടെ സ്വയംഭരണ അവകാശത്തിലും പരീക്ഷ നടത്തിപ്പിലുമുള്ള നിയമവിരുദ്ധമായ ഇടപെടലുകൾ സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാണ് യുഡിഎഫിന്റെ ആവശ്യം. വിഡി സതീശനാണ് അടിയന്തിര പ്രമേയത്തിന് അവതരണാനുമതി നേടിയത്.
വൻ വിവാദമായതിന് പിന്നാലെ എം ജി സർവ്വകലാശാലയിലെ മാർക്ക് ദാനം അടിയന്തര സിൻഡിക്കേറ്റ് യോഗം ചേർന്ന് പിൻവലിച്ചിരുന്നു. മാർക്ക് ദാനം വഴി വിജയിച്ച വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റ് തിരികെ വാങ്ങാൻ പ്രോ വൈസ് ചാൻസലർ അരവിന്ദ് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന അടിയന്തര സിൻഡിക്കേറ്റാണ് തീരുമാനിച്ചത്.
മാർക്ക് ദാനം പിൻവലിച്ചത് തെറ്റ് അംഗീകരിച്ചതിനുള്ള തെളിവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കട്ട മുതൽ തിരിച്ചു കൊടുത്താൽ കളവ് കളവാകാതിരിക്കില്ലെന്നും ചെന്നിത്തല ആവർത്തിച്ചു. ഈ കാര്യത്തിൽ പ്രതിപക്ഷം ഉന്നയിച്ച എല്ലാ വാദങ്ങളും ശരിയാണെന്ന് ഇതോടെ തെളിഞ്ഞെന്നും ചെന്നിത്തല അവകാശപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam