മുന്നറിയിപ്പില്ലാതെ ട്രെയിനുകള്‍ റദ്ദാക്കി; പെരുവഴിയിലായി അതിഥി തൊഴിലാളികള്‍

By Web TeamFirst Published May 6, 2020, 7:41 AM IST
Highlights

കുട്ടികളടക്കം നൂറിലധികം പേരാണ് പെരുമ്പാവൂരില്‍ കഴിഞ്ഞ രണ്ട് ദിവസമായി റോഡരികിൽ കഴിയുന്നത്. 

പെരുമ്പാവൂര്‍: മുന്നറിയിപ്പില്ലാതെ ട്രെയിനുകൾ റദ്ദാക്കിയതോടെ നാട്ടിലേക്ക് പോകാനിറങ്ങിയ അതിഥി തൊഴിലാളികൾ പെരുവഴിയിൽ. തിരിച്ചെത്തുന്ന തൊഴിലാളികള്‍ക്ക്  താമസ സൗകര്യം ഒരുക്കാൻ തൊഴിലുടുമകൾ തയ്യാറാകാത്തതാണ് തിരിച്ചടിയാകുന്നത്. പെരുമ്പാവൂരില്‍ നൂറിലേറെ തൊഴിലാളികളാണ് ഇങ്ങനെ താമസ സ്ഥലം നഷ്ടമായതിനെ തുടര്‍ന്ന് റോഡരികിലും കടത്തിണ്ണയിലും കഴിയുന്നത്. 

ബീഹാറിലേക്കി തീവണ്ടിയുണ്ടെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് പെരുമ്പാവൂരില ഒരുകൂട്ടം അതിഥി തൊഴിലാളികള്‍ ശനിയാഴ്ച്ച വീട് വിട്ടിറങ്ങി. നാട്ടിലേക്ക് പോകുന്നു എന്നറിയിച്ചതോടെ തൊഴിലുടമ വീട് പൂട്ടി താക്കോൽ വാങ്ങി. റെയിൽവേ സ്റ്റേഷനിലേക്ക് തിരിച്ചപ്പോഴാണ് ട്രെയിൻ റദ്ദാക്കിയതറിഞ്ഞത്. തൊഴിലുടമയെ വിളിച്ചെങ്കിലും ഇനി തിരിച്ചുവരേണ്ടതില്ലെന്നാണ് മറുപടി ലഭിച്ചത്. കുട്ടികളടക്കം നൂറിലധികം പേരാണ് പെരുമ്പാവൂരില്‍ കഴിഞ്ഞ രണ്ട് ദിവസമായി റോഡരികിൽ കഴിയുന്നത്. സമീപത്തെ വീടുകളിലുള്ളവര്‍ എത്തിച്ചു നൽകുന്ന ഭക്ഷണം മാത്രമാണ് ഏക ആശ്രയം. ട്രെയിനിന്‍റെ കാര്യത്തിൽ തീരമാനമാകും വരെ ഇവരെ സംരക്ഷിക്കാൻ തൊഴിലുടമകളോട് പൊലീസ് നിര്‍ദേശിച്ചിരുന്നു. എന്നാൽ പല തൊഴിലുടമകളും ഇത് പാലിച്ചില്ല. ഇതോടെയാണ് ഇവർ പെരുവഴിയിലായത്. 

അതേസമയം അതിഥി തൊഴിലാളികൾക്കുള്ള പ്രത്യേക ട്രെയിൻ കർണാടക സർക്കാർ റദാക്കി. ഇന്ന് മുതൽ ട്രെയിൻ സർവീസ് ആവശ്യമില്ലെന്നു കാണിച്ച് സർക്കാർ റെയിൽവേക്ക് കത്ത് നൽകി. ബെംഗളൂരുവിൽ വൻകിട കെട്ടിട നിർമാതാക്കളുമായി മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ ചർച്ച നടത്തിയതിന് പിന്നാലെയാണ് തീരുമാനം. അതിഥി തൊഴിലാളികൾ സംസ്ഥാനത്ത് തുടരണം എന്ന് യെദ്യൂരപ്പ അഭ്യർത്ഥിച്ചിരുന്നു. അഞ്ച് ദിവസങ്ങളിലായി 10 ട്രെയിനുകളാണ് കർണാടക ആവശ്യപ്പെട്ടിരുന്നത്. ആയിരക്കണക്കിന് അതിഥി തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങാൻ തയ്യാറായി നിൽക്കുന്നതിനിടെയാണ് സർക്കാർ നടപടി. റെയിൽവേയുടെ പ്രതികരണം വന്നിട്ടില്ല. 
 

click me!