ലത്തീന്‍ സഭയുടെ പരിപാടിയില്‍ നിന്ന് പിന്മാറി മന്ത്രി ആന്‍റണി രാജു

By Web TeamFirst Published Dec 3, 2022, 11:47 AM IST
Highlights

തിരക്ക് ഉള്ളതിനാൽ പങ്കെടുക്കാനാകില്ലെന്ന് ഇന്നലെ വൈകുന്നേരം മന്ത്രി അറിയിക്കുകയായിരുന്നു. പക്ഷേ, മന്ത്രി ഇന്ന് കൊച്ചിയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കുന്നുണ്ട്.

കൊച്ചി: വിഴിഞ്ഞം പ്രതിഷേധം തുടരുന്നതിനിടെ ലത്തീന്‍ സഭയുടെ പരിപാടിയില്‍ നിന്ന് പിന്മാറി മന്ത്രി ആന്‍റണി രാജു. കൊച്ചി ലൂര്‍ദ് ആശുപത്രിയിലെ ചടങ്ങില്‍ നിന്നാണ് ആന്‍റണി രാജു പിന്മാറിയത്. തിരക്ക് ഉള്ളതിനാൽ പങ്കെടുക്കാനാകില്ലെന്ന് ഇന്നലെ വൈകുന്നേരം മന്ത്രി അറിയിക്കുകയായിരുന്നു. പക്ഷേ, മന്ത്രി ഇന്ന് കൊച്ചിയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കുന്നുണ്ട്. മന്ത്രിക്ക് പകരം ബിഗ്ബോസ് താരത്തെ മുഖ്യാതിഥിയാക്കിയതായി ആശുപത്രി അധികൃതർ അറിയിച്ചു.

ലത്തീന്‍ സഭയുമായുള്ള പ്രശ്നങ്ങൾ നിലനിൽക്കെയാണ് കൊച്ചിയിലെ സഭ ഉടമസ്ഥതയിലുള്ള ആശുപത്രിയിലെ പരിപാടിയിൽ നിന്ന് മന്ത്രി ആന്റണി രാജു വിട്ടുനിൽക്കുന്നത്. കൊച്ചി ലൂർദ് ആശുപത്രിയിലെ പരിപാടിയിലാണ് മന്ത്രി ആന്റണി രാജുവിനെ ക്ഷണിച്ചിരുന്നത്. നേരത്തെ തന്നെ മന്ത്രിയിൽ നിന്ന് അനുമതി വാങ്ങി ക്ഷണപത്രിക അടക്കം ആശുപത്രി തയാറാക്കിയിരുന്നു. വരാപ്പുഴ അതിരൂപത ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ പരിപാടിയിൽ നിന്നും വിട്ട് നിൽക്കാൻ തീരുമാനിച്ചതിനെ തുടർന്നാണ് മന്ത്രി പരിപാടി ഒഴിവാക്കിയത്.

Also Read:  വിഴിഞ്ഞം സമരം: 'ബാഹ്യ ഇടപെടലുകൾ ഉണ്ടായതായി സംശയിക്കണം'; ആരോപണം ആവ‍ര്‍ത്തിച്ച് തുറമുഖ മന്ത്രി 

അതേസമയം, തിരക്കായത് കൊണ്ടാണ് ലൂർദ് ആശുപത്രിയിലെ പരിപാടിയിൽ പങ്കെടുക്കാത്തത് എന്ന് മന്ത്രി ആന്റണി രാജു പ്രതികരിച്ചു. വിഴിഞ്ഞം സംഭവമായി ഇതിന് ബന്ധമില്ലെന്നും മന്ത്രി വിശദീകരിച്ചു. ആശുപത്രിയിലെ അത്ര വലിയ പരിപാടിയായി തോന്നിയില്ല. ഒഴിവുണ്ടെങ്കിൽ മാത്രം എത്താം എന്നാണ് നേരത്തെ അറിയിച്ചത്. വലിയ തിരക്കായതിനാൽ ഇന്ന് പങ്കെടുക്കാൻ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു എന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ബിഷപ്പ് പങ്കെടുക്കുന്നില്ല എന്ന കാര്യം അറിയില്ലായിരുന്നു എന്നും മന്ത്രി വിശദീകരിച്ചു.

വിഴിഞ്ഞത്ത് കേന്ദ്രസേന എത്തണം എന്ന് ആവശ്യം എതിർക്കേണ്ടതില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കേന്ദ്രസേന വരണമെന്ന് ആവശ്യപ്പെട്ടത് സർക്കാരില്ല. വിഴിഞ്ഞ പോർട്ടാണ് സേനയെ ആവശ്യപ്പെട്ടത്. കമ്പനിയുടെ ആവശ്യം സർക്കാർ എതിർക്കേണ്ടതില്ലെന്ന് ആന്റണി രാജു പ്രതികരിച്ചു. സമരക്കാരെ ഒരു മന്ത്രിയും തീവ്രവാദികൾ എന്ന് വിളിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

click me!