
ദില്ലി: കേരളത്തിലെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) പരിശോധനയിൽ സിപിഎമ്മിനും പിണറായി വിജയനുമെതിരെ മന്ത്രി എ പി അനിൽ കുമാർ. മോദി, അമിത് ഷാ എന്നിവർക്കെതിരെ കഴിഞ്ഞ 10 വർഷം പിണറായി ഒറ്റ വാക്ക് പോലും മിണ്ടിയില്ല. കേന്ദ്ര സർക്കാരിനെതിരെ മിണ്ടാത്തത് എന്താണെന്നാണ് മനസ്സിലാകാത്തത്. പത്തു വർഷമായി അദ്ദേഹം ആരെയൊക്കെയോ ഭയക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
കേന്ദ്ര ഏജൻസിയുടെ ഇത്ര വലിയ അന്വേഷണം നടന്നിട്ടും പ്രധാനമന്ത്രിക്കെതിരെ ഒരു വിമർശനം പോലും നടത്താൻ പിണറായി വിജയൻ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്നാണ് തനിക്ക് മനസ്സിലാകാത്തത്. റെയ്ഡിന് ശേഷം വൈകുന്നേരം മാധ്യമങ്ങളെ കണ്ട പിണറായി അങ്ങനെ ഒരു കാര്യം പറഞ്ഞതായി താൻ കണ്ടില്ല. പത്തു വർഷമായി അദ്ദേഹം ആരെയൊക്കെയോ ഭയക്കുന്നു. ആ ഭയം ഇപ്പോഴും ഉണ്ടെന്നും മന്ത്രി എ പി അനിൽ കുമാർ പറഞ്ഞു.
ദേശീയ തലത്തിൽ ഇഡിക്കെതിരെ ശക്തമായ പോരാട്ടം നടത്തുന്നത് കോൺഗ്രസും രാഹുൽ ഗാന്ധിയുമാണെന്നും മന്ത്രി പറഞ്ഞു. ഐഎഎസ് ഉദ്യോഗസ്ഥരുടെ നിയമനത്തിൽ അഭിപ്രായ വ്യത്യാസം ഉണ്ടെന്ന് പ്രചരിപ്പിച്ചത് മാധ്യമങ്ങളാണെന്നും മന്ത്രി പഴിച്ചു. ഇപ്പോൾ തർക്കം തീർന്നോ എന്ന് മാധ്യമങ്ങൾ ചോദിക്കുന്നു എന്നും എ പി അനിൽ കുമാർ പറഞ്ഞു.
അതേസമയം പിണറായി വിജയൻ്റെ വസതികളിലടക്കം നടന്ന ഇഡി റെയ്ഡിൽ പ്രതികരിക്കാൻ മുഖ്യമന്ത്രി വി ഡി സതീശൻ തയ്യാറായിട്ടില്ല. മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ മുഖ്യമന്ത്രി ഒഴിഞ്ഞുമാറുകയാണ്. ഇഡി ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ ഇതുവരെ എട്ടുപേർ അറസ്റ്റിലായിട്ടുണ്ട്.
അതേസമയം സംഭവത്തിൽ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ പ്രതികരിച്ചു. മുന്നൂറോളം പൊലീസുകാരെ വിന്യസിച്ചിരുന്നുവെന്ന് അദ്ദേഹം അറിയിച്ചു. എട്ടു പ്രതികളെ ഇതുവരെ അറസ്റ്റു ചെയ്തിട്ടുണ്ട്. ബാക്കിയുള്ളവരെ കൂടി ഉടൻതന്നെ അറസ്റ്റ് ചെയ്യും. അക്രമികളെ പൊലീസ് പിടിച്ചുമാറ്റാൻ തയ്യാറാകാത്ത സംഭവത്തിൽ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam