പമ്പയിലെ മണൽ നീക്കം, വനം വകുപ്പിനെതിരെ മന്ത്രി ഇപി ജയരാജൻ

By Web TeamFirst Published Jun 4, 2020, 2:58 PM IST
Highlights

വിൽക്കാൻ അധികാരമില്ലെങ്കിൽ മാലിന്യം നീക്കില്ലെന്ന ചെയർമാൻ ടി കെ ഗോവിന്ദന്‍റെ നിലപാടിനോട് പ്രതികരിക്കാനില്ലെന്നും മന്ത്രി 

കണ്ണൂര്‍: പമ്പയിൽ നിന്ന് മണൽ ഉൾപ്പെടെ മാലിന്യം നീക്കം ചെയ്യുമ്പോൾ വനം വകുപ്പിനെ അറിയിക്കേണ്ട കാര്യമില്ലെന്ന് വ്യവസായമന്ത്രി ഇപി ജയരാജൻ. പ്രവൃത്തിക്ക് ദുരന്തനിവാരണ സമിതി അധ്യക്ഷനായ കളക്ടറുടെ ഉത്തരവ് മതി. മണൽ വിൽക്കാനുള്ള അധികാരം ക്ലേസ് ആന്‍റ് സെറാമിക്സ് പ്രൊഡക്ട്സിന് നൽകിയിട്ടില്ല. വിൽക്കാൻ അധികാരമില്ലെങ്കിൽ മാലിന്യം നീക്കില്ലെന്ന ചെയർമാൻ ടി കെ ഗോവിന്ദന്‍റെ നിലപാടിനോട് പ്രതികരിക്കാനില്ലെന്നും മണൽ വിൽക്കുന്ന കാര്യം സർക്കാർ പിന്നീട് തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 

വിവാദത്തിന് തടയിട്ട് വനംവകുപ്പ്: പമ്പയിൽ നിന്നുള്ള മണലെടുപ്പ് ഇന്ന് വീണ്ടും തുടങ്ങും

പമ്പാ ത്രിവേണിയിലെ മണലെടുക്കലിൽ വനംവകുപ്പിൻറെ ഇടപെടൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ തള്ളിയിരുന്നു. ദുരന്ത നിവാരണ നിയമപ്രകാരം നടപടി തുടങ്ങിയാൽ ഒരു വകുപ്പിനും തടയാനാകില്ലെന്നും മുഖ്യമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്. മണലെടുപ്പിന് പിന്നിൽ വൻകൊള്ളയുണ്ടെന്ന പ്രതിപക്ഷനേതാവിൻറെ ആക്ഷേപത്തെ തുടർന്ന് മണൽ കൊണ്ടുപോകുന്നത് തടഞ്ഞ് വനംവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ഉത്തരവിറക്കിയതിന് പിന്നാലെയാണ് മുഖ്യമന്ത്രിയും നിലപാട് വ്യക്തമാക്കിയത്. 

അതിനിടെ പമ്പയിലെ നിന്ന് മണൽ നീക്കം ചെയ്യുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിനോട് ദേശീയ ഹരിത ട്രിബ്യൂണൽ വിശദീകരണം തേടി. പരിസ്ഥിതി നിയമങ്ങളും നടപടി ക്രമങ്ങളും പരിഗണിക്കാതെ എന്തുകൊണ്ട് ദുരന്ത നിവാരണ നിയമപ്രകാരം മണൽ നീക്കം ചെയ്യാൻ ഉത്തവിട്ടെന്ന് ഹരിത ട്രബ്യൂണൽ ചോദിച്ചു. ഇക്കാര്യത്തിൽ സർക്കാർ  വിശദീകരണം നൽകണം. മണല് നീക്കത്തെക്കുറിച്ച് റിപ്പോര്‍ട്ട് നല്കാൻ പ്രത്യേക സമിതിയെ ഹരിത ട്രിബ്യൂണൽ നിയോഗിച്ചു.

പമ്പയിലെ മണൽ നീക്കത്തിന് ടെണ്ടർ വിളിച്ചത് പൊതുമേഖലാ സ്ഥാപനത്തിന് ഉപകരണം ഇല്ലാഞ്ഞിട്ടെന്ന് മന്ത്രി

 

 

click me!