Asianet News MalayalamAsianet News Malayalam

വിവാദത്തിന് തടയിട്ട് വനംവകുപ്പ്: പമ്പയിൽ നിന്നുള്ള മണലെടുപ്പ് ഇന്ന് വീണ്ടും തുടങ്ങും

ദുരന്ത നിവാരണ അതോറിട്ടി ഫണ്ട്‌ ഉപയോഗിച്ചാകും ജില്ലാ ഭരണകൂടം മണൽ മാറ്റുക. ക്ലെയ്സ് ആൻഡ് സെറാമിക്‌സ് പിന്മാറിയ സാഹചര്യത്തിലാണിത്. 

Pampa flood remines removal restarted today
Author
Thiruvananthapuram, First Published Jun 4, 2020, 12:45 PM IST

തിരുവനന്തപുരം: വിവാദങ്ങൾക്കിടെ വനംവകുപ്പ് നിർദ്ദേശം പാലിച്ച് പമ്പാ-ത്രിവേണിയിലെ മണൽ പത്തനംതിട്ട ജില്ലാ ഭരണകൂടം നേരിട്ട് മാറ്റാൻ നടപടി തുടങ്ങി. മാറ്റുന്ന മണലുകൾ തൽക്കാലം വനാതിർത്തിക്ക് പുറത്തേക്ക് കൊണ്ടുപോകില്ല. മണൽ കൊണ്ടുപോകുന്നതിലടക്കമുള്ള തുടർ നടപടി തീരുമാനിക്കാൻ മുഖ്യമന്ത്രി റവന്യുവകുപ്പ് ഫയലുകൾ വിളിപ്പിച്ചു.

പമ്പയിലെ മണലെടുപ്പ് വിവാദം ആരോപണ പ്രത്യാരോപണങ്ങളാല്‍ രൂക്ഷമായിരുന്നു. പൊതുമേഖലാ സ്ഥാപനമായ കേരള ക്ലേസ് ആൻറ് സെറാമിക്സിന് സൗജന്യമായി മണലെടുക്കാനായി പത്തനംതിട്ട ജില്ലാ കളക്ടർ ഉത്തരവിറക്കിയതോടെയാണ് വിവാദം തുടങ്ങുന്നത്. വനസംരക്ഷണ നിയമപ്രകാരമുള്ള അനുമതിയില്ലാതെയുള്ള ഉത്തരവിൽ വനംവകുപ്പിന്‍റെ എതിർപ്പ് നിലനിൽക്കെ, പുതിയ ഉത്തരവ് മണൽ സ്വകാര്യ കമ്പനിക്ക് മറിച്ച് വിൽക്കുന്നതിന് വേണ്ടിയാണെന്നാണ് പ്രതിപക്ഷ നേതാവ് ആക്ഷേപം ഉന്നയിച്ചത്.

ഇതിന് പിന്നാലെ, അനുമതിയില്ലാതെ മണൽ വനത്തിന് പുറത്തേക്ക് കൊണ്ടുപോകാനില്ലെന്ന് കാണിച്ച് വനംവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ആശാ തോമസ് ഉത്തരവിറക്കി. ഇതോടെയാണ് മണലെടുപ്പ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്.

മണലെടുപ്പ് വിവാദത്തിൽ വനംമന്ത്രിയെയും വകുപ്പിന്‍റെയും നിലപാടുകളെയും മുഖ്യമന്ത്രി ഇന്നലെ പരസ്യമായി തള്ളിയിരുന്നു. ദുരന്തനിവാരണ നിയമപ്രകാരമുള്ള നടപടികൾ തടയാൻ വനംവകുപ്പിന് കഴിയില്ലെന്നായിരുന്നു പ്രതികരണം. എന്നാൽ, വിവാദം കത്തുമ്പോൾ പത്തനംതിട്ട ജില്ലാ ഭരണകൂടം ഇപ്പോൾ വനംവകുപ്പ് നിർദ്ദേങ്ങൾ പാലിച്ചുള്ള നടപടികളാണ് തുടങ്ങിയത്. 

നേരത്തെ ക്ലേസ് ആൻറ് സെറാമിക്സ് മണൽ പുറത്തേക്ക് കൊണ്ടുപോയതിന് പകരം ഇപ്പോൾ ജില്ലാ ഭരണകൂടം ദുരന്ത നിവാരണ അതോറിറ്റി ഫണ്ട് ഉപയോഗിച്ച് നേരിട്ട് എടുക്കുന്ന മണൽ ചക്കുപാലത്ത് കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്താണ് സംഭരിക്കുന്നത്.

Follow Us:
Download App:
  • android
  • ios