
കണ്ണൂർ: വിവാദ റേഞ്ച് റോവർ കാർ കല്യാണ ആവശ്യത്തിന് ഉടമയ്ക്ക് തിരികെ നൽകി മന്ത്രി കെ എം ഷാജി. യൂറോപ്പിലുള്ള മന്ത്രി കേരളത്തിൽ എത്തുമ്പോൾ കാർ മന്ത്രിക്ക് തിരിച്ചേൽപ്പിക്കും. എന്നാൽ, വിവാദം തുടരുന്ന പശ്ചാത്തലത്തിൽ മന്ത്രി വീണ്ടും ഈ വാഹനം ഉപയോഗിക്കുന്നത് തുടരുമോ എന്നതിലാണ് ആകാംക്ഷ. ഈ മാസം 27 നാണ് മന്ത്രി കെ എം ഷാജി തിരിച്ചെത്തുക. കെഎംസിസി നേതാവ് യാക്കൂബാണ് കാറിൻ്റെ ഉടമ. ഇയാളുടെ കണ്ണൂർ തില്ലങ്കേരിയിലെ വീട്ടിലാണ് കാർ എത്തിച്ചത്. ഔദ്യോഗിക വാഹനമല്ലാതെ സ്വകാര്യ ആഡംബരകാർ ഉപയോഗിക്കുന്നതിൽ ആരോപണങ്ങളുമായി ഇടതുപക്ഷം രംഗത്തെത്തിയിരുന്നു. സർക്കാരിന്റെ അനുമതി ഇല്ലാതെയാണ് സ്വകാര്യ വ്യക്തിയുടെ പേരിലുള്ള ആഡംബര കാർ ഉപയോഗിക്കുന്നതെന്നായിരുന്നു പ്രചാരണം. എന്നാൽ, സുഹൃത്തിൻ്റെ വാഹനം ഉപയോഗിക്കുന്നതിന്റെ പേരിൽ സർക്കാരിൽ നിന്ന് ഒരു രൂപ പോലും വാങ്ങുന്നില്ലെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം.
സർക്കാർ ഔദ്യോഗികമായി നൽകിയ ഇന്നോവ ക്രിസ്റ്റ കാർ അല്ലാതെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള റേഞ്ച് റോവർ കാറും മന്ത്രി കെ എം ഷാജി ഉപയോഗിച്ചിരുന്നു. പ്രവാസി മലയാളിയായ സുഹൃത്തിൻ്റെ ഉടമസ്ഥതയിലുള്ളതാണ് കോടി വിലയുള്ള ഈ ആഡംബര കാർ. മന്ത്രിയുടെ സ്വന്തം വാഹനം അല്ലാതെ മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള കാർ ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് തെറ്റെന്നാണ് പ്രതിപക്ഷത്തിന്റെ പ്രചാരണങ്ങളിലൊന്ന്. പൊതു ഭരണ വകുപ്പിന്റെ അനുമതി ഇല്ലാതെയാണ് സ്വകാര്യ വാഹനത്തിൽ സ്റ്റേറ്റ് നമ്പർ ഉപയോഗിച്ചതെന്നാണ് മറ്റൊരു ആരോപണം. സർക്കാർ വാഹനം അറബിക്കടലിൽ എറിഞ്ഞിരിക്കുകയാണെന്നും എന്തെങ്കിലും വഴിവിട്ട സഹായം ചെയ്തതിന്റെ പ്രതിഫലമാണോ ഈ വാഹനമെന്ന് പരിശോധിക്കണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ചിന്ത ജെറോം ആവശ്യപ്പെട്ടിരുന്നു.
ഔദ്യോഗിക ലോക്ക് ബുക്കോ കൃത്യം രേഖകളും ഇല്ലാതെ ആഡംബര വാഹനം ഉപയോഗിക്കുന്നത് ദുരൂഹമെന്നും ഡിവൈഎഫ്ഐ ആരോപിച്ചു. സർക്കാർ നൽകിയ ഇന്നോവ ക്രിസ്റ്റ 400000 കിലോമീറ്റർ ഓടിയതാണെന്നും ദീർഘദൂര യാത്രകൾക്ക് ഉപയോഗിക്കാൻ പറ്റാത്തത് കൊണ്ടാണ് സ്വകാര്യവാഹനം ഉപയോഗിക്കുന്നതെന്നുമാണ് മന്ത്രി കെ എം ഷാജി വ്യക്തമാക്കിയത്. പതിമൂന്നാം നമ്പർ സ്വകാര്യ വാഹനത്തിൽ ഒട്ടിച്ചത് സർക്കാരിന്റെ അനുമതിയോടെയാണ്. ഇന്ധനം നിറയ്ക്കാനും വാടകയിനത്തിലും ഒരു രൂപ പോലും സർക്കാരിൽ നിന്ന് വാങ്ങിയിട്ടില്ലെന്നുമായിരുന്നു മന്ത്രിയുടെ വിശദീകരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam