നിരന്തരം അപമാനിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ നടി മഞ്ജു വാര്യർ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. സാമൂഹിക മാധ്യമങ്ങളിലെ അപകീർത്തികരമായ പോസ്റ്റുകൾ പിൻവലിക്കണമെന്നാണ് ആവശ്യം
ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി പ്രമുഖ നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും കുറിപ്പുകളും അപവാദപ്രചാരണങ്ങളും നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി എറണാകുളം മുൻസിഫ് കോടതിയിലാണ് മഞ്ജു വാര്യർ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. സാമൂഹിക മാധ്യമങ്ങളിലൂടെ തനിക്കെതിരായി സനൽ കുമാർ ശശിധരൻ പങ്കുവെച്ച എല്ലാ അപകീർത്തികരമായ കുറിപ്പുകളും പോസ്റ്റുകളും അടിയന്തരമായി പിൻവലിക്കണമെന്നും ഹർജിയിൽ നടി ആവശ്യപ്പെടുന്നു. സനൽകുമാർ ശശിധരനെ ഒന്നാം പ്രതിയാക്കിയും മറുനാടൻ മലയാളി ഓൺലൈൻ ചാനലിലെ സാജൻ സ്കറിയയെ രണ്ടാം പ്രതിയാക്കിയുമാണ് കേസ് ഫയൽ ചെയ്തതെന്ന് മഞ്ജുവിന്‍റെ അഭിഭാഷക ശാന്തി മായാദേവി വ്യക്തമാക്കി. ഈ മാസം 30 ന് ഹാജരാക്കാൻ പ്രതികൾക്ക് കോടതി നോട്ടീസ് നൽകി. ഒപ്പം അപകീർത്തികരമായ പോസ്റ്റുകൾ ചെയ്യുന്നതിന് സനൽകുമാർ ശശിധരനും, ഷാജൻ സ്കറിയക്കും വിലക്കും ഏർപ്പെടുത്തി. അപകീർത്തിപ്പെടുത്തുന്ന സമൂഹമാധ്യമ പോസ്റ്റുകൾ നീക്കം ചെയ്യുന്നത് സംബന്ധിച്ച് മെറ്റയ്ക്ക് നോട്ടീസും അയച്ചു.
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ലൈംഗിക ചൂഷണ ആരോപണങ്ങളിൽ ഉന്നതതല അന്വേഷണം നടത്തണമെന്നും തനിക്കെതിരെയുണ്ടായ കേസിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് സനൽ കുമാർ ശശിധരൻ സെക്രട്ടേറിയറ്റിന് മുന്നിൽ ആറ് ദിവസമായി അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം നടത്തിവരികയാണ്. തനിക്ക് ലഭിച്ച സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ തെരുവിൽ വെച്ചാണ് അദ്ദേഹം സമരം ചെയ്യുന്നത്. സർക്കാരോ നിയമ സംവിധാനങ്ങളോ അടിയന്തര ഇടപെടൽ നടത്താത്തതിനാലാണ് സമരത്തിലേക്ക് കടന്നതെന്ന് വ്യക്തമാക്കുന്നതിനിടെ മഞ്ജു വാര്യർക്കെതിരെയും അദ്ദേഹം മോശം പരാമർശങ്ങൾ നടത്തിയിരുന്നു. ഇതിനെ തുടർന്നാണ് മഞ്ജു വാര്യർ ഇപ്പോൾ നിയമനടപടിയുമായി രംഗത്തെത്തിയത്.
