
തിരുവനന്തപുരം: ആറന്മുളയിലെ വിവാദ ഭൂമിയിലെ ഇലക്ട്രോണിക് ക്ലസ്റ്റർ പദ്ധതിക്കെതിരെ കടുത്ത എതിർപ്പുമായി കൃഷി മന്ത്രി. പദ്ധതിയോട് ശക്തമായ വിയോജിപ്പെന്നും നെൽപ്പാടം സംരക്ഷിക്കലാണ് വകുപ്പിന്റെ മുൻഗണനയെന്നും പി. പ്രസാദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നിലവിൽ ഉള്ള നിയമങ്ങൾ അനുസരിച്ച് മാത്രേ കാര്യങ്ങൾ നടക്കൂ. ആറന്മുളയിലെ നെൽവയളുകൾ സംരക്ഷിക്കും. ഭൂമി നികത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഫയൽ വന്നത്. ആ ലക്ഷ്യം നടക്കില്ലെന്നും മന്ത്രി പറഞ്ഞു.
ആ മേഖല 2018ലെ പ്രളയത്തിൽ അനുഭവിച്ച പ്രശ്നം ഗുരുതരമാണ്. അനധികൃത നീക്കങ്ങൾ ഒന്നും അനുവദിക്കില്ല. ഡാറ്റാ ബാങ്കിൽ ഉൾപ്പെടുന്നതാണ് ആറന്മുളയിലെ ഭൂമി. അവിടെ പല സ്ഥലവും അനധികൃതമായി നികത്തപ്പെട്ട ഭൂമിയാണ്. അതും വിശദമായി പരിശോധിച്ച് വരികയാണ്. കൃഷി വകുപ്പിന്റെ നിലപാട് ഐടി - വ്യവസായ വകുപ്പുകളെ അറിയിച്ചു. രണ്ട് വകുപ്പുകളെയും കുറ്റം പറയില്ല. അവരുടെ മുന്നിൽ വന്ന ഫയൽ സ്വാഭാവിക നടപടിയുടെ ഭാഗമായാണ് തുടർനടപടികൾക്ക് കൈമാറിയത്.
കൃഷി വകുപ്പ് നിലപാടിൽ ഉറച്ചു നിൽക്കുന്നു. കരഭൂമിയിൽ വ്യവസായം തുടങ്ങുന്നതിൽ തടസമില്ല. പക്ഷെ ഏതാണ് അവിടെ കര ഭൂമി എന്നതാണ് പ്രശ്നം. ആ മേഖലയും സ്ഥലങ്ങളും വ്യക്തമായി അറിയുന്ന ആളാണ് താൻ. ആറന്മുള ഭൂമിയുമായി ബന്ധപ്പെട്ട് ഹരിത ട്രിബ്യൂണലിൽ കേസ് കൊടുത്ത ആളാണ് താൻ. നിലവിലെ കരഭൂമിയായ 16 ഹെക്‌ടറിലും സംശയമുണ്ട്, അതിന്റെ പരിശോധനയും നടത്തണമെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam