
എറണാകുളം: വികസന കാര്യങ്ങളിൽ കക്ഷിരാഷ്ട്രീയത്തിന് അതീതമായ യോജിപ്പ് അനിവാര്യമാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. പിണ്ടിമന ഗ്രാമപഞ്ചായത്തിൽ പൂർത്തീകരിച്ച വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, എം.എൽ.എ എന്നിവർ വികസന കാര്യങ്ങളിൽ ഒരുമയോടെ പ്രവർത്തിക്കുമ്പോഴാണ് നാടിന്റെ ആവശ്യങ്ങൾ നിറവേറ്റപ്പെടുക. അത്തരത്തിൽ നോക്കുമ്പോൾ പിണ്ടിമനയിലേത് നല്ല മാതൃകയാണ്. നാടിന്റെ പ്രശ്നങ്ങൾ മനസ്സിലാക്കി അതിനുതകുന്ന വികസന പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന എം.എൽ.എയെ പ്രത്യേകം അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.
ആന്റണി ജോൺ എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് 3.2 കോടി രൂപ ഉപയോഗിച്ച് പുനർ നിർമ്മിച്ച കനാൽ ബണ്ട് റോഡുകൾ, ഒരു പഞ്ചായത്തിൽ ഒരു കളിക്കളം എന്ന കായിക നയത്തിൻ്റെ ഭാഗമായി ജലസേചന വകുപ്പ് പിണ്ടിമന ഗ്രാമ പഞ്ചായത്തിന് വിട്ടുനൽകിയ സ്ഥലത്ത് എം.എൽ.എ ആസ്തി വികസന ഫണ്ട് 30 ലക്ഷം രൂപ വിനിയോഗിച്ച് വികസിപ്പിച്ച അയിരൂർപ്പാടം ഫുട്ബോൾ മൈതാനം, ടൂറിസം വികസനത്തിൻ്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് ഫണ്ട് 30 ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്ത് 5 ലക്ഷം രൂപയും, ഗ്രാമ പഞ്ചായത്ത് 1.25 ലക്ഷം രൂപയും ചെലവഴിച്ച് നിർമ്മിച്ച ഭൂതത്താൻകെട്ട് അനുബന്ധ ടൂറിസം കേന്ദ്രമായ അടിയോടി ഓക്സിജൻ ബയോഡൈവേഴ്സിറ്റി പാർക്ക് എന്നീ മൂന്നു പദ്ധതികളാണ് ചടങ്ങിൽ നാടിന് സമർപ്പിച്ചത്.
മുത്തംകുഴി എസ്.എൻ.ഡി.പി ഹാളിൽ സംഘടിപ്പിച്ച ഉദ്ഘാടന സമ്മേളനത്തിൽ ആന്റണി ജോൺ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം ബഷീർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽസി ജോർജ്, ജില്ലാ പഞ്ചായത്ത് അംഗം റഷീദ സലിം, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയ്സൺ ദാനിയേൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം ലിസി ജോസഫ്, ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിബി പോൾ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിൽസൺ കെ. ജോൺ, വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടി.കെ കുമാരി, യുവജനക്ഷേമ ബോർഡ് അംഗം റോണി മാത്യു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എസ്.എം അലിയാർ, സിജി ആന്റണി, ലത ഷാജി, ലാലി ജോയി, താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് പി.എം മുഹമ്മദാലി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എം ഷെഫീഖ്, പി.വി.ഐ.പി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ പി.കെ മുഹമ്മദ്, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ ബിജു പി. നായർ, ടി.സി മാത്യു, മത്തായി കോട്ടക്കുന്നേൽ, കെ.പി ശിവൻ, എം.എം ജോസഫ്, ജിജി പുളിയ്ക്കൻ, ആന്റണി പുല്ലൻ തുടങ്ങിയവർ പങ്കെടുത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam