
മലപ്പുറം: കോക്റോച്ച് ജനത പാർട്ടി (സിജെപി) നടത്തിയത് അടുത്ത കാലത്ത് ഇന്ത്യ കണ്ട ഏറ്റവും വലിയ യുവജന സമരമാണെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. സിജെപിയുടെ സമരവിജയം മോദി സർക്കാരിനേറ്റ ഏറ്റവും വലിയ തിരിച്ചടിയാണെന്നും ബിജെപിയുടെ തകർച്ചയുടെ ആരംഭമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. നാട്ടിലെ യുവാക്കൾ തെളിയിച്ച സമരത്തിൻ്റെ പുതിയ മാതൃക മറ്റ് രാഷ്ട്രീയ പാർട്ടികൾക്കും സ്വീകരിക്കാമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പ്രധാനമന്ത്രിക്കും കേന്ദ്ര സർക്കാരിനുമെതിരെ വലിയ പ്രക്ഷോഭം ഉരുണ്ടുകൂടി വരുന്നുണ്ടെന്ന് മനസ്സിലാക്കിയാണ് സർക്കാരിന് പൂർണമായി മുട്ടുമടക്കേണ്ടി വന്നത്. ഇപ്പോൾ രണ്ടടി പിന്നോട്ടുപോയില്ലെങ്കിൽ പെട്ടെന്ന് പ്രക്ഷോഭം ഉണ്ടാകുമെന്ന് തോന്നിയപ്പോഴാണ് സമരം ഒത്തുതീർപ്പാക്കിയതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഈ നാട്ടിൽ നിരവധി പ്രശ്നങ്ങളുണ്ട്. കർഷകർക്ക് പ്രശ്നമുണ്ട്, തൊഴിലില്ലായ്മ രൂക്ഷമാണ്, സാമ്പത്തിക പ്രതിസന്ധി വളരെ വലുതാണ്, വിലക്കയറ്റം ഏറ്റവും ഉയർന്ന നിലയിലാണ്, ഇന്ത്യൻ രൂപയുടെ മൂല്യം നിരന്തരം ഇടിയുകയാണ്. ഇതൊക്കെ ജനജീവിതത്തിൽ വലിയ പ്രശ്നങ്ങൾ വരുത്തിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
തീവ്ര ആശയങ്ങൾ ഉയർത്തി പ്രചാരണം നയിച്ചാൽ ജനങ്ങളുടെ പ്രശ്നങ്ങൾ മൂടിവെക്കാൻ കഴിയുമെന്ന ബിജെപിയുടെയും സംഘപരിവാറിന്റെയും ചിന്തയ്ക്കാണ് തിരിച്ചടി നേരിട്ടത്. ഇതേക്കുറിച്ചു പുതിയ തലമുറ ബോധവാന്മാരാണെന്ന് തെളിയിക്കുന്നതാണ് ഇപ്പോഴത്തെ സംഭവവികാസം. ജാതിയോ മതമോ പ്രാദേശിക വികാരമോ ഇല്ലാതെ നാട്ടിലെ യുവതീയുവാക്കൾ അതിശക്തമായ പ്രതികരിച്ചുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വഖഫ് വിഷയത്തിൽ എൽഡിഎഫ് പ്രചാരണം തള്ളിപ്പോകുമെന്നും പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. വഖഫ്, പിഎം ശ്രീ എന്നിവ ഉണ്ടാക്കിവെച്ചത് എൽഡിഎഫാണ്. അതിന്റെ പഴി യുഡിഎഫിന്റെ തലയിൽ ഇടാൻ ശ്രമിക്കുന്നു. വഖഫ് ബോർഡിൽ മറ്റ് മതസ്ഥരെ ഉൾപ്പെടുത്തുന്ന കാര്യത്തിൽ കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam