
ആലപ്പുഴ: തകഴിയിൽ ആത്മഹത്യ ചെയ്ത കർഷകൻ കെജി പ്രസാദിന്റെ വീട് കൃഷി മന്ത്രി പി പ്രസാദ് സന്ദർശിച്ചു. വീട്ടുകാരെയോ മാധ്യമങ്ങളെയോ അറിയിക്കാതെയായിരുന്നു മന്ത്രിയുടെ സന്ദർശനം. രാവിലെ പൊലീസ് വീട്ടിലെത്തിയപ്പോൾ വീട്ടുകാർ അമ്പരന്നു. മന്ത്രിയുടെ സന്ദർശനമാണെന്ന് അറിഞ്ഞത് പിന്നീടാണ്. ഭവന വായ്പ അടക്കമുള്ള കാര്യങ്ങൾ പരിശോധിച്ച് വേണ്ടത് ചെയ്യുമെന്ന് കുടുംബാംഗങ്ങളോട് മന്ത്രി പി പ്രസാദ് വ്യക്തമാക്കി. പ്രതിഷേധം ഉണ്ടാകുന്നത് ഒഴിവാക്കാനായിരുന്നു ആരെയും അറിയിക്കാതെയുള്ള മന്ത്രിയുടെ സന്ദർശനമെന്നാണ് വിവരം.
തകഴിയിൽ പ്രസാദെന്ന കർഷകൻ ആത്മഹത്യ ചെയ്യാൻ കാരണം നെല്ലു സംഭരണത്തിലെ കുടിശികയല്ലെന്ന് ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ. കർഷകന് 800 ന് മുകളിൽ സ്കോറുണ്ട്. സർക്കാർ ജാമ്യം നൽകുന്നതിനാൽ പി.ആർ.എസ്.വായ്പയെടുത്ത ഒരു കർഷകന് സിബിൽ സ്കോറിനെ ബാധിക്കില്ല. സപ്ലൈക്കോയിൽ ഓഡിറ്റ് പൂർത്തിയാക്കാനുള്ള നടപടികള്‍ വേഗത്തിൽ നടക്കുകയാണെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പ്രസാദിന്റെ കുടുംബത്തിന് സഹായം നൽകുന്ന കാര്യം പരിഗണനയിലെന്ന് ആലപ്പുഴ ജില്ലാ കളക്ടർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ജില്ലാ കളക്ടർ സംസ്ഥാന സർക്കാരിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്. വിഷം കഴിച്ചാണ് പ്രസാദ് ജീവനൊടുക്കിയത്. ഇക്കാര്യം പോസ്റ്റ്‌മോർട്ടം പരിശോധനയിൽ സ്ഥിരീകരിച്ചു. കെജി പ്രസാദിന്റെ ആത്മഹത്യക്ക് കാരണം പിആർഎസ് വായ്പാ കുടിശ്ശിക അല്ലെന്ന സർക്കാരിന്റെ ഔദ്യോഗിക പ്രഖ്യാപനം നേരത്തെ തന്നെ പുറത്തുവന്നിരുന്നു. കുടുംബത്തിന്റെ ഏക വരുമാനമായ കൃഷിയുമായി മുന്നോട്ടുപോകാനുള്ള മാനസികാവസ്ഥയോ സാമ്പത്തികമോ ഇല്ലെന്ന് പ്രസാദിന്റെ ഭാര്യ ഓമന പറഞ്ഞു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam