
തിരുവനന്തപുരം: അഞ്ച് വർഷക്കാലം വലിയ കഠിനാധ്വാനത്തിലൂടെ കേരളത്തിന്‍റെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ മാറ്റങ്ങൾ കൊണ്ട് വരാൻ സാധിച്ചുവെന്ന് മന്ത്രി ആർ ബിന്ദു. ദേശീയ അന്തര്‍ദേശീയ ഗുണനിലവാര പരിശോധനകളിൽ കേരളത്തിലെ സർവകലാശാലകളും കോളജുകളും മികച്ച പ്രകടനം കാഴ്ടവെച്ചുകൊണ്ടിരിക്കുകയാണ്. ക്യാമ്പസുകളിൽ വലിയ മാറ്റങ്ങൾ വന്നിട്ടുണ്ട്. എല്ലാ സർവകലാശകളും ചേര്‍ന്നുകൊണ്ട് ഒരു പ്ലാറ്റ്ഫോം ഉണ്ടാക്കി ഓരോ സര്‍വകലാശാലകളും ചെയ്യുന്ന മികച്ച കാര്യങ്ങൾ പങ്കുവയ്ക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് മന്ത്രിയുടെ പ്രതികരണം.
കേരളത്തിലെയും മികവുറ്റ ക്യാമ്പസുളാണെന്ന് പുറത്തേക്ക് പഠിക്കാൻ പോകാൻ ആഗ്രഹിക്കുന്ന കുട്ടികൾക്ക് ഒരു സന്ദേശം നൽകാൻ സാധിച്ചു. മുമ്പും കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല മോശമായിരുന്നില്ല. ഇന്ന് വിദേശത്ത് പല കമ്പനികളും നയിക്കുന്നത് കേരളത്തിൽ നിന്നുള്ളവരാണ്. അത് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ഗുണനിലവാരം ഉള്ളത് കൊണ്ടുതന്നെയാണ്. കിഫ്‌ബി ഫണ്ടിലൂടെ സര്‍വകലാശാലകളുടെയും കലാലയങ്ങളുടെയും അടിസ്ഥാന സൗകര്യം നല്ല നിലയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിച്ചുവെന്നും മന്ത്രി പറഞ്ഞു.
സർവകലാശാലകളുടെയും കലാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം വളരെ വേഗത്തിൽ മുന്നോട്ട് കൊണ്ട് പോകാൻ സാധിച്ചു. ഇന്ന് എംജി, കേരള, കുസാറ്റ് സർവകലാശാലകളിലെ ലാബ് കോംപ്ലക്സുകൾ ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും മികച്ചവയാണ്. കുസാറ്റിൽ ലാബിലെ ഉപകരണങ്ങൾ വാങ്ങാൻ വേണ്ടി മാത്രം 250 കോടിയിലേറെ രൂപയാണ് അനുവദിച്ചത്.
ലോകത്ത് ഉന്നത വിദ്യാഭ്യാസ മേഖലയിൽ അനുദിനം മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. അതിന് അനുസൃതമായി നമ്മളും പോയേ തീരൂ. കേരളം ഒറ്റപ്പെട്ട തുരുത്തല്ല. മത്സരമാണ് നടക്കുന്നത്. സ്വകാര്യ സര്‍വകലാശാല വേണ്ടതില്ലെന്ന് തീരുമാനം എടുക്കാം. മറ്റുള്ള സംസ്ഥാനങ്ങളിൽ സ്വകാര്യ സര്‍വകലാശാല ഉണ്ടാവുകയും കേരളത്തിൽ ഇല്ലാതെ ഇരിക്കുകയും ചെയ്യുമ്പോൾ അത് ശരിയാകില്ലെന്ന് മനസിലാക്കി. പ്രവാസി സുഹൃത്തുക്കൾക്കുൾപ്പെടെ കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ സഹായിക്കാൻ ഒരു അവസരമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam