
തിരുവനന്തപുരം: കേരള സര്‍വകലാശാല കലോത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തിലും കോഴ ആരോപണത്തെ തുടര്‍ന്ന് വിധികര്‍ത്താവ് ആത്മഹത്യ ചെയ്ത സംഭവത്തിലും പ്രതികരണവുമായി മന്ത്രി ആർ ബിന്ദു. ഷാജിയുടെ ആത്മഹത്യ വളരെ നിർഭാഗ്യകരമായിപ്പോയെന്ന് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. കലോത്സവത്തിനിടെ നുഴഞ്ഞു കയറിയവരാണ് പ്രശ്നം ഉണ്ടാക്കിയത്. എന്താണ് സംഭവിച്ചത് എന്നതിനെ കുറിച്ച് കൃത്യമായ ചിത്രം പൊലീസ് അന്വേഷണം പൂർത്തിയായാൽ മാത്രമേ അറിയാനാവൂ എന്നും മന്ത്രി പറഞ്ഞു.
ബോധപൂർവ്വം കാംപസുകളിൽ സംഘർഷം ഉണ്ടാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ വളരെ പോസിറ്റീവായ മുന്നേറ്റങ്ങൾ നടക്കുന്നുണ്ട്. അതിനെയെല്ലാം തമസ്കരിച്ച് കളയാനുള്ള ബോധപൂർവ്വം നടത്തുന്ന ചില ശ്രമങ്ങൾ ഉണ്ടെന്നാണ് ഇതിൽ നിന്നെല്ലാം മനസ്സിലാവുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതേസമയം, കേരള സര്‍വകലാശാല കലോത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തിലും കോഴ ആരോപണത്തെ തുടര്‍ന്ന് വിധികര്‍ത്താവ് ആത്മഹത്യ ചെയ്ത സംഭവത്തിലും ഇടപെടലുമായി കേരള സര്‍വകലാശാല അധികൃതര്‍ രംഗത്തെത്തിയിട്ടുണ്ട്. സംഭവങ്ങളില്‍ ശക്തമായ നടപടിയെടുക്കാനാണ് അധികൃതരുടെ തീരുമാനം.
സംഭവങ്ങളില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പൊലീസിന് കേരള സര്‍വകലാശാല അധികൃതര്‍ കത്ത് നല്‍കും. നിലവിലെ സര്‍വകലാശാല യൂണിയൻ അസാധുവാക്കും. പഴയ ജനറല്‍ ബോഡിയാണ് യൂണിയൻ രൂപവത്കരിച്ചത്. കഴിഞ്ഞ മാസം പുതിയ ജനറല്‍ ബോഡി നിലവില്‍ വന്നു. കാലാവധി പുതുക്കണമെന്ന യൂണിയൻ ആവശ്യം വൈസ് ചാന്‍സിലര്‍ തള്ളുകയും സ്റ്റുഡന്‍റ്സ് സര്‍വീസ് ഡയറക്ടര്‍ക്ക് യൂണിയന്‍റെ ചുമതലയും കൈമാറും.
https://www.youtube.com/watch?v=UbnU4H1PIVk
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam