
തിരുവനന്തപുരം: മന്ത്രി സജി ചെറിയാന് ഔദ്യോഗിക വസതി അനുവദിച്ചു. തിരുവനന്തപുരം തൈക്കാട് വില്ലേജിലുള്ള ഈശ്വര വിലാസം റെസിഡൻസ് അസോസിയേഷനിലെ 392 ആം നമ്പർ ആഡംബര വസതിയാണ് സജി ചെറിയാന്‍റെ താമസത്തിനായി സർക്കാർ വാടകക്ക് എടുത്തത്. 85000 രൂപയാണ് ആഡംബര വസതിയുടെ പ്രതിമാസ വാടക. ഇതിന് പുറമേയാണ് കറന്റ് ചാർജ് , വാട്ടർ ചാർജ് തുടങ്ങിയവ. വാടക വീടിന്റെ മോടി പിടിപ്പിക്കൽ ടൂറിസം വകുപ്പ് ഉടൻ നടത്തും. ലക്ഷങ്ങൾ ആകും ഇതിന്റെ ചെലവ്. ഔട്ട് ഹൗസ് ഉൾപ്പെടെ വിശാല സൗകര്യമുള്ള വസതിയാണിത്. ഒരു വർഷം വാടക മാത്രം 10.20 ലക്ഷം ആകും.
ഔദ്യോഗിക വസതിയായി സർക്കാർ മന്ദിരങ്ങൾ ഒഴിവ് ഇല്ലാത്തതു കൊണ്ടാണ് വാടകക്ക് വീട് എടുത്തതെന്നാണ് സർക്കാർ വിശദികരണം. ചീഫ് വിപ്പിന് ഔദ്യോഗിക വസതിയായി നൽകിയതും വാടക വീടാണ്. 45000 രൂപയായിരുന്നു അതിന്റെ പ്രതിമാസ വാടക. കവടിയാറിലാണ് ചീഫ് വിപ്പ് താമസിക്കുന്നത്. ഇന്ധന സെസ് ഉൾപ്പെടെ നികുതി കൊള്ളയിൽ ജനങ്ങൾ ജീവിക്കാൻ ബുദ്ധിമുട്ടുമ്പോഴാണ് 85000 രൂപ പ്രതിമാസ വാടക ഉള്ള ആഡംബര വസതി സജി ചെറിയാനു വേണ്ടി സർക്കാർ നൽകുന്നതെന്നതാണ് വിരോധാഭാസം. വഞ്ചിയൂരിൽ താമസിക്കുന്ന വർഷ ചിത്ര എന്ന സത്രീയുടേതാണ് ഈ ആഡംബര വസതി.
രണ്ടാം പിണറായി സർക്കാരിൽ ആദ്യം തന്നെ മന്ത്രി സ്ഥാനം ലഭിച്ച സജി ചെറിയാൻ ഭരണഘടനാ വിരുദ്ധ പരാമർശത്തിന്‍റെ പേരിൽ രാജിവച്ചിരുന്നു. ഏറക്കുറെ ആറ് മാസം പുറത്ത് നിന്ന് സജി ചെറിയാൻ ഇക്കഴിഞ്ഞ മാസമാണ് വീണ്ടും മന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് മടങ്ങിയെത്തിയത്. പൊലീസ് റിപ്പോർട്ട് അനുകൂലമായതിന് പിന്നാലെ സജി ചെറിയാന് മന്ത്രി സ്ഥാനം നൽകാൻ സി പി എം സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനിച്ചക്കുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam