
തിരുവനന്തപുരം: ഒരു ഉത്തരക്കടലാസാണ് കഴിഞ്ഞ് കുറേയധികം മണിക്കൂറുകളായി മലയാളികൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുന്നത്. വാട്‌സ്ആപ്പിൽ സ്റ്റാറ്റസായും ഇൻസ്റ്റ സ്റ്റോറിയായും റീലായും ഫെയ്സ്ബുക്കിൽ നീണ്ട കുറിപ്പുകളായും അത് പറന്നു. തലശേരിക്കാരൻ അഹാൻ തൻ്റെ മൂന്നാം ക്ലാസ് പരീക്ഷയ്ക്ക് എഴുതിയ ഉത്തരം ലോകത്തിനാകെയുള്ള സന്ദേശമാണ് പകർന്നത്, 'ജയിച്ചവർ തോറ്റവരെ കളിയാക്കരുത്' എന്നതാണത്. ഈ ഉത്തരക്കടലാസ് വൈറലായതിന് പിന്നാലെ സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അഹാനെ വീഡിയോ കോളിൽ വിളിച്ച് അഭിനന്ദിച്ചിരിക്കുകയാണ് ഇപ്പോൾ. ഉത്തരം കേരളമാകെ ചർച്ച ചെയ്യുകയാണെന്നും നല്ല ഉത്തരമാണ് എഴുതിയതെന്നുമാണ് മന്ത്രി വി ശിവൻകുട്ടി അഹാനോട് പറഞ്ഞത്.
തലശേരി സൗത്ത് തിരുവങ്ങാട് ഒ. ചന്തുമേനോൻ സ്മാരക വലിയമാടാവിൽ ഗവൺമെൻ്റ് യു. പി. സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥി അഹാനാണ് തന്റെ പരീക്ഷ പേപ്പറിൽ മലയാളത്തിൽ ഇഷ്ടപ്പെട്ട മത്സരത്തിൻ്റെ നിയമാവലി എഴുതാനുള്ള ചോദ്യത്തിന് ഈ വൈറൽ ഉത്തരം എഴുതിയത്. സ്പൂണും നാരങ്ങയും മത്സരത്തിൻ്റെ നിയമാവലിയിൽ അഞ്ചാമത്തെ നിബന്ധനയായാണ് ജയിച്ചവർ തോറ്റവരെ കളിയാക്കരുതെന്ന് എഴുതിയത്. ചോദ്യപ്പേപ്പറിലെ ഉത്തരത്തിൻ്റെ അർത്ഥവും ആഴവും അതിനെ വൈകാതെ മന്ത്രിയുടെ ചെവിയിലെത്തിച്ചു. നമ്മുടെ പൊതുവിദ്യാലയങ്ങൾ ഇങ്ങിനെയൊക്കെയാണ് മുന്നേറുന്നതെന്ന അടിക്കുറിപ്പോടെ മന്ത്രി പങ്കുവെച്ച ഉത്തരക്കടലാസിൻ്റെ ഭാഗം കേരളത്തിലാകെ വൈറലായി മാറുകയായിരുന്നു.