ലോക ഡെങ്കി ദിനം; ഡെങ്കിപ്പനിയില്‍ നിന്നുള്ള മോചനത്തിന് ഉറവിട നശീകരണം പ്രധാനമെന്ന് മന്ത്രി വീണാ ജോര്‍ജ്

Published : May 15, 2025, 05:21 PM IST
ലോക ഡെങ്കി ദിനം; ഡെങ്കിപ്പനിയില്‍ നിന്നുള്ള മോചനത്തിന് ഉറവിട നശീകരണം പ്രധാനമെന്ന് മന്ത്രി വീണാ ജോര്‍ജ്

Synopsis

പൊതുജനങ്ങളുടെ ശ്രദ്ധയും സഹകരണവും ഉറപ്പാക്കിക്കൊണ്ട് മാത്രമേ ഡെങ്കിപ്പനി നിയന്ത്രണ വിധേയമാക്കാൻ സാധിക്കുകയുള്ളൂവെന്ന് വീണാ ജോര്‍ജ് പറഞ്ഞു. 

തിരുവനന്തപുരം: ഡെങ്കിപ്പനിയിൽ നിന്നുള്ള മോചനത്തിന് ഉറവിട നശീകരണത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മഴക്കാലം മുന്നിൽ കണ്ട് ആരോഗ്യ വകുപ്പ് നേരത്തെ തന്നെ ജാഗ്രതാ നിർദേശം നൽകിയിരുന്നു. ഇതനുസരിച്ച് തദ്ദേശ സ്ഥാപനങ്ങളും പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. കൃത്യമായ ചികിത്സയും പരിചരണവും ഉറപ്പാക്കാനും സംസ്ഥാനത്ത് കുടുംബാരോഗ്യ കേന്ദ്രങ്ങൾ മുതൽ ആവശ്യമായ പരിശീലനങ്ങളും സൗകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിൽ ഉൾപ്പെടെ കൃത്യമായ പരിചരണം ഉറപ്പാക്കാനാവശ്യമായ മാർഗനിർദ്ദേശങ്ങളും സംസ്ഥാനത്ത് ഉറപ്പാക്കിയതിലൂടെ ഡെങ്കിപ്പനി ബാധിച്ച് മരണങ്ങൾ പരമാവധി കുറയ്ക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

മേയ് 16 ആണ് ദേശീയ ഡെങ്കി ദിനമായി ആചരിക്കുന്നത്. പൊതുജനങ്ങളുടെ ശ്രദ്ധയും സഹകരണവും ഉറപ്പാക്കിക്കൊണ്ട് മാത്രമേ ഡെങ്കിപ്പനി നിയന്ത്രണ വിധേയമാക്കാൻ സാധിക്കുകയുള്ളൂ. 'ഡെങ്കിപ്പനി പ്രതിരോധിക്കാനുള്ള നടപടികൾ സ്വീകരിക്കാം: ഉറവിടങ്ങൾ പരിശോധിക്കുക, വൃത്തിയാക്കുക, മൂടിവെക്കുക' എന്നതാണ് ഈ വർഷത്തെ പ്രമേയം.

മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രതിരോധ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇതിന്റെ തുടർച്ചയായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും പൊതുജനങ്ങളുടെയും മറ്റ് സന്നദ്ധ സംഘടനകളുടെയും പങ്കാളിത്തത്തോടുകൂടി ഉറവിട നശീകരണ പ്രവർത്തനങ്ങൾ മെയ് 16, മെയ് 23, മെയ് 30 എന്നീ തീയതികളിൽ ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ എല്ലാ വീടുകളിലും എല്ലാ സ്ഥാപനങ്ങളിലും സ്‌പെഷ്യൽ ഡ്രൈ ഡേയും ആചരിക്കണം.

ഇടവിട്ടുള്ള മഴ മൂലം ഡെങ്കിപ്പനി വർധിക്കാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കണം. വീടുകളിലും പരിസരങ്ങളിലും, പ്ലാന്റേഷനുകളിലും, കൃഷിയിടങ്ങളിലും എവിടെ വേണമെങ്കിലും പ്രത്യേകിച്ച് മഴവെള്ളം കെട്ടിനിൽക്കുന്ന സാഹചര്യങ്ങളിൽ കൊതുകുകൾക്ക് മുട്ടയിടാനും വളരുവാനും സാധിക്കും. വീടുകളിൽ വെള്ളം ശേഖരിച്ച് വയ്ക്കുന്ന പാത്രങ്ങൾ ശരിയായി അടച്ചുവയ്ക്കാതിരിക്കുന്ന സാഹചര്യങ്ങളിലും ചെടിച്ചട്ടി, ഫ്രിഡ്ജിന്റെ ട്രേ എന്നിവിടങ്ങളിലും വീടുകൾക്കുള്ളിൽ തന്നെ കൊതുകുകൾ വരുന്നതായി കാണുന്നുണ്ട്. വീടിനുള്ളിലും പരിസരത്തും വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കുകയും മാലിന്യങ്ങൾ ശരിയായ രീതിയിൽ സംസ്‌കരിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. ഇതിന് മറ്റു വകുപ്പുകളുടെയും സമഗ്രമായ പ്രവർത്തനം ഉറപ്പുവരുത്തിയിട്ടുണ്ട്.

ആരംഭത്തിൽ തന്നെ ഡെങ്കി അണുബാധ ലാബ് ടെസ്റ്റുകളിലൂടെ കണ്ടുപിടിക്കുന്നതിന് മതിയായ ടെസ്റ്റ് കിറ്റുകളും ശരിയായ ചികിത്സയ്ക്ക് ആവശ്യമായ മരുന്നുകളും എല്ലാ ജില്ലകളിലും ലഭ്യമാക്കിയിട്ടുണ്ട്. ശരിയായ ചികിത്സ ലഭ്യമാക്കുന്നതിനായി ഡോക്ടർമാർ ഉൾപ്പെടെയുള്ളവർക്ക് കേരള സർക്കാരിന്റെ ഡെങ്കിപ്പനി ചികിത്സ മാർഗനിർദ്ദേശങ്ങൾ സംബന്ധിച്ച് പരിശീലനം നൽകിയിട്ടുണ്ട്. ഈ പ്രവർത്തനങ്ങൾ എല്ലാം തന്നെ മരണനിരക്ക് കുറച്ചു കൊണ്ടുവരുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല സ്വര്‍ണക്കൊള്ള; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു; അന്വേഷണം മുൻ മന്ത്രിയിലേക്ക് എത്തിയതോടെ സിപിഎം കൂടുതൽ പ്രതിരോധത്തിൽ
വിദ്യാര്‍ത്ഥികളേ നിങ്ങൾക്കിതാ സുവര്‍ണാവസരം! അഞ്ച് ലക്ഷം രൂപ വരെ സമ്മാനം നേടാം, ചീഫ് മിനിസ്റ്റേഴ്‌സ് മെഗാക്വിസിൽ പങ്കെടുക്കാം