
തിരുവനന്തപുരം: പുതിയ സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറെ തെരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി മന്ത്രി വിഎൻ വാസവൻ. സംസ്ഥാന ഡിജിപിയായി റവാഡ ചന്ദ്രശേഖന്റെ നിയമനം എല്ലാ മാനദണ്ഡങ്ങളും പരിഗണിച്ചാണെന്ന് മന്ത്രി പറഞ്ഞു. ഒരു പൊലീസ് ഉദ്യോഗസ്ഥന്‍റെ യോഗ്യത അളക്കുന്നത് ക്രമസമാധാന ചുമതല, അന്വേഷണ മികവ്, ഭരണമികവ് തുടങ്ങിയവ പരിഗണിച്ചാണെന്ന് മന്ത്രി വ്യക്തമാക്കി.
യുപിഎസ്‍സി പട്ടികയിൽ ഉണ്ടായിരുന്ന മൂന്ന് പേരിൽ ഇക്കാര്യങ്ങളിൽ ഏറ്റവും മുന്നിൽ റവാഡ ചന്ദ്രശേഖരൻ ആയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് നിയമനമെന്നും വാസവൻ പറഞ്ഞു. എന്നാൽ റവാഡ ചന്ദ്രശേഖരനെ നിയമിച്ചതിനെതിരായ പി ജയരാജന്‍റെ വിമർശനത്തോട് പ്രതികരിക്കാൻ മന്ത്രി തയ്യാറായില്ല.
റവാഡയ്ക്കെതിരെ ആദ്യം വിമർശനം ഉന്നയിച്ചത് സിപിഎം നേതാവ് പി ജയരാജനായിരുന്നു. സംസ്ഥാന പൊലീസ് മേധാവിയായി റാവഡ ചന്ദ്രശേഖറെ നിയമിച്ചതില്‍ പരോക്ഷമായി അതൃപ്തി പരസ്യമാക്കിയായിരുന്നു പി ജയരാജന്‍റെ പ്രതികരണം വന്നത്. കൂത്തുപറമ്പില്‍ വെടിവയ്പ് നടത്തിയവരില്‍ ഒരാളാണ് റവാഡ. മെറിറ്റ് കണക്കിലെടുത്തായിരിക്കാം നിയമനം. ഇക്കാര്യം വിശദീകരിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. യുപിഎസി ചുരുക്ക പട്ടികയില്‍ ഉണ്ടായിരുന്ന നിതിന്‍ അഗര്‍വാള്‍ സിപിഎമ്മുകമാരെ തല്ലിച്ചതച്ചയാളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് പുതിയ പൊലീസ് മേധാവിയായി എത്തുന്ന റവാഡ ആന്ധ്രപ്രദേശ് വെസ്റ്റ് ഗോദാവരി സ്വദേശിയാണ്. റവാഡ നിലവിൽ ഐബി സ്പെഷ്യൽ ഡയറക്ടറാണ്. കേന്ദ്ര രഹസ്യന്വേഷണ ഏജൻസിയില്‍ 15 വർഷത്തെ അനുഭവ സമ്പത്തുമായാണ് റവാഡ ചന്ദ്രശേഖർ പൊലീസ് മേധാവിയുടെ കസേരയിലെത്തുന്നത്. 1991 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനായ റവാഡ നയതന്ത്ര ചാതുര്യം കൂടിയുള്ള ഉദ്യോഗസ്ഥനാണ്.