'എല്ലാ സഹായവും സർക്കാർ നൽകും', നവമിയെയും അലീനയെയും ആശുപത്രിയിൽ സന്ദർശിച്ച് മന്ത്രി വി.എൻ. വാസവൻ

Published : Jul 07, 2025, 08:50 PM IST
VN Vasavan

Synopsis

മെഡിക്കൽ കോളേജിലെ മൂന്നു വിദഗ്ധ ഡോക്ടർമാരുടെ പ്രത്യേക സംഘമായിരിക്കും നവമിയുടെ തുടർചികിത്സയ്ക്ക് നേതൃത്വം നൽകുക.

കോട്ടയം: നവമിക്കും അലീനയ്ക്കും ചികിത്സയടക്കം സർക്കാർ എല്ലാ സഹായവും ഉറപ്പാക്കുമെന്ന് മന്ത്രി വി എൻ വാസവൻ. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിടഭാഗം തകർന്നുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന വയനാട് മീനങ്ങാടി സ്വദേശി അലീന വിൻസന്റിനേയും അപകടത്തിൽ മരിച്ച തലയോലപ്പറമ്പ് ഉമ്മാംകുന്ന് സ്വദേശി ഡി ബിന്ദുവിന്‍റെ മകൾ നവമിയെയും ആശുപത്രിയിലെത്തി സന്ദർശിക്കുകയായിരുന്നു മന്ത്രി. നവമിയുടെ ചികിത്സയ്ക്കായി എത്തിയപ്പോഴാണ് ബിന്ദു അപകടത്തിൽപ്പെട്ടത്. പത്താംവാർഡിൽ ചികിത്സയിൽ കഴിയുന്ന മുത്തശ്ശി ത്രേസ്യാമ്മയ്ക്ക് കൂട്ടിരിപ്പിന് എത്തിയതായിരുന്നു അലീന. ഇരുവരുടെയും ബന്ധുക്കളുമായും മന്ത്രി സംസാരിച്ചു.

മെഡിക്കൽ കോളേജിലെ മൂന്നു വിദഗ്ധ ഡോക്ടർമാരുടെ പ്രത്യേക സംഘമായിരിക്കും നവമിയുടെ തുടർചികിത്സയ്ക്ക് നേതൃത്വം നൽകുക. അതേസമയം അപകടത്തെ കുറിച്ച് അന്വേഷിക്കുന്ന ജില്ലാ കളക്ടർക്കു മുന്നിൽ ഒരു കാര്യവും മറച്ചു വയ്ക്കില്ലെന്ന് ആശുപത്രി സൂപ്രണ്ട് ടി കെ ജയകുമാർ ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു. പരിചരിക്കാൻ അമ്മ ഒപ്പമില്ലാതെ നവമി ആശുപത്രിയിലേക്ക് എത്തിയിരിക്കുകയാണ്. ഒരാഴ്ച മുമ്പ് ബിന്ദുവിനൊപ്പം ശസ്ത്രക്രിയക്കായി ആശുപത്രിയിലെത്തിയ നവമി വീണ്ടും എത്തുന്നത് അമ്മയുടെ മരണാനന്തര ചടങ്ങുകൾ നടക്കുന്ന ദിവസമാണ്. ഇന്ന് തന്നെ വിശദമായ പരിശോധനകൾ തുടങ്ങേണ്ടത് ഉള്ളതുകൊണ്ട് ചടങ്ങുകളിൽ പങ്കെടുക്കാതെയാണ് നവമി മെഡിക്കൽ കോളേജിലേക്ക് എത്തിയത്. രാവിലെ ഏഴരയോടെ ബന്ധുക്കൾക്കൊപ്പം തലയോലപ്പറമ്പിലെ വീട്ടിൽ നിന്നിറങ്ങി. വേഗം സുഖം പ്രാപിച്ചുതിരിച്ചു വരണം എന്ന് പ്രാർത്ഥനയോടെ നാട്ടുകാരും വീട്ടിലുണ്ടായിരുന്നു.

ഒൻപതേകാലോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തി. ആദ്യം അത്യാഹിത വിഭാഗത്തിലെ പ്രാഥമിക പരിശോധനകൾ. പിന്നീട് മെഡിക്കൽ സംഘത്തിന് നിർദ്ദേശം പ്രകാരം തയ്യാറാക്കിയ പ്രത്യേക മുറിയിലേക്ക്. അമ്മ മരിച്ചതിന്റെ ആഘാതത്തിലുള്ള നവമിയെ മാനസികമായി ശസ്ത്രക്രിയയ്ക്ക് ഒരുക്കുക എന്നതാണ് ആദ്യ കടമ്പ. ഇതിനായി കൗൺസിലിഗ് നൽകും. ന്യൂറോ സംബന്ധമായ അസുഖം ബാധിച്ച നവമിക്ക് രണ്ട് ശസ്ത്രക്രിയകൾ ആണ് വേണ്ടത്. ആദ്യത്തേത് കഴുത്തിലാണ്. ഇതിനു വേണ്ടിയുള്ള 90% പരിശോധനകളും മുമ്പ് പൂർത്തിയാക്കിയിരുന്നു.

നട്ടെല്ലിന് ആണ് രണ്ടാമത്തെ ശസ്ത്രക്രിയ. ഇതിനാണ് 3,40,000 രൂപ ചെലവ് പറഞ്ഞിരുന്നത്. ഇനി പൂർണ്ണമായും സർക്കാർ ചെലവിൽ ആകും നവമിയുടെ ചികിത്സ നടക്കുക. ശസ്ത്രക്രിയയ്ക്ക് ശേഷവും പ്രത്യേക മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണം തുടരും. കെട്ടിടം പൊളിഞ്ഞു വീണ സംഭവത്തിൽ ജില്ലാ കളക്ടറുടെ അന്വേഷണം അവസാനഘട്ടത്തിലേക്ക് കടന്നു. അന്വേഷണത്തിന്റെ ഭാഗമായി ജില്ലാ കളക്ടർ ആവശ്യപ്പെട്ട മുഴുവൻ രേഖകളും ആശുപത്രി സൂപ്രണ്ട് ടി കെ ജയകുമാർ കൈമാറി. അപകടത്തെ തുടർന്ന് മുടങ്ങിയ ശസ്ത്രക്രിയകൾ പുനരാരംഭിച്ചു. പുതിയ ബ്ലോക്കിൽ കൂടുതൽ ഓപ്പറേഷൻ തിയേറ്ററുകൾ ക്രമീകരിക്കാനുള്ള നടപടികൾ അതിവേഗത്തിൽ നടക്കുകയാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ഉത്തരവ് എത്രയും വേഗം പിൻവലിക്കണം!' ആവശ്യത്തിനുള്ള ആളെ നിയമിക്കാതെ സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളുടെ സമയം നീട്ടിയതിൽ പ്രതിഷേധവുമായി ഡോക്ടര്‍മാരുടെ സംഘടന
സോണിയ-പോറ്റി ചിത്ര വിവാദം; പിണറായിയുടേത് വില കുറഞ്ഞ ആരോപണമെന്ന് വി ഡി സതീശന്‍