'സ്വന്തം ഇഷ്ടപ്രകാരമാണ് യാത്ര പോയത്'; ഗോവയില്‍ നിന്നും കണ്ടെത്തിയ ദീപക്കിനെ ബന്ധുക്കള്‍ക്കൊപ്പമയച്ചു

By Web TeamFirst Published Feb 3, 2023, 12:55 PM IST
Highlights

സ്വന്തം ഇഷ്ടപ്രകാരമാണ് യാത്ര പോയതാണെന്ന് ദീപക്ക് കോടതിയില്‍ മൊഴി നല്‍കി. നാട്ടിലെത്തിയതില്‍ സന്തോഷമുണ്ടെന്ന് ദീപക്ക് മാധ്യമങ്ങളോട് പറഞ്ഞു. 

കോഴിക്കോട്: കോഴിക്കോട് മേപ്പയ്യൂരില്‍ നിന്നും കാണാതായതിന് ശേഷം ക്രൈംബ്രാഞ്ച് സംഘം ഗോവയില്‍ നിന്നും കണ്ടെത്തിയ ദീപക്കിനെ ഹൈക്കോടതിയില്‍ ഹാജരാക്കിയ ശേഷം ബന്ധുക്കള്‍ക്കൊപ്പമയച്ചു. ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഉള്ളതിനാലാണ് കോഴിക്കോട് ജില്ലാ കോടതിയില്‍ എത്തിച്ച ദീപക്കിനെ വീഡിയോ കോണ്‍ഫറന്‍സ് വഴി ഹൈക്കോടതിയില്‍ ഹാജരാക്കിയത്. സ്വന്തം ഇഷ്ടപ്രകാരമാണ് യാത്ര പോയതാണെന്ന് ദീപക്ക് കോടതിയില്‍ മൊഴി നല്‍കി. നാട്ടിലെത്തിയതില്‍ സന്തോഷമുണ്ടെന്ന് ദീപക്ക് മാധ്യമങ്ങളോട് പറഞ്ഞു. 

Also Read : അന്ന് മരിച്ചെന്ന് കരുതി സംസ്കരിച്ചു; കാണാതായ മേപ്പയ്യൂർ സ്വദേശി ദീപകിനെ ഗോവയിൽ കണ്ടെത്തി

ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന ദീപക്കിനെ 2022 ജൂണ്‍ ആറിനാണ് നാട്ടില്‍ നിന്നും കാണാതായത്. അന്വേഷണത്തില്‍ ദീപക് മരിച്ചെന്ന് സംശയം ഉയർന്നു. സ്വർണ്ണകടത്ത് സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ പന്തിരിക്കര സ്വദേശി ഇർഷാദിന്റെ മൃതദേഹം ദീപകിന്റേതെന്ന് തെറ്റിദ്ധരിച്ച് ബന്ധുക്കൾ സംസ്കരിക്കുകയും ചെയ്തു. ജൂലൈ 17 ന് കൊയിലാണ്ടി തീരത്ത് അടിഞ്ഞ ജീര്‍ണ്ണിച്ച മൃതദേഹത്തിന് ദീപകിന്‍റേതുമായി രൂപസാദൃശ്യം ഉണ്ടായതിനാലാണ് ബന്ധുക്കള്‍ സംസ്കരിച്ചത്. എങ്കിലും പൊലീസ് ഡിഎന്‍എ പരിശോധനക്ക് വേണ്ടി മൃതദേഹത്തില്‍ നിന്ന് സാംപിള്‍ എടുത്തിരുന്നു.

ഇതിനിടെയാണ് സ്വര്‍ണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ പന്തിരിക്കര സ്വദേശി ഇര്‍ഷാദിനായി പെരുവണ്ണാമൂഴി പൊലീസ് അന്വേഷണം തുടങ്ങിയത്. ഡിഎന്‍ എ പരിശോധനാ ഫലം വന്നതോടെ ദീപക്കിന്‍റേതെന്ന് കരുതി സംസ്കരിച്ച മൃതദേഹം  ഇര്‍ഷാദിന്‍റേതെന്ന് വ്യക്തമായി. പിന്നീട് ദീപക്ക് എവിടെയെന്നത് സംബന്ധിച്ച് മേപ്പയ്യൂര്‍ പൊലീസ് അന്വേഷണം തുടങ്ങുകയായിരുന്നു. ക്രൈംബ്രാഞ്ച് സംഘം നടത്തിയ അന്വേഷണത്തിനൊടുവില്‍ ഗോവയിലെ പനാജിയില്‍ നിന്നും കഴിഞ്ഞ ദിവസം കണ്ടെത്തി. സ്വര്‍ണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ പന്തിരിക്കര സ്വദേശി ഇര്‍ഷാദിന്‍റെ മൃതദേഹം ദീപക്കിന്‍റേതെന്ന് കരുതി സംസ്കരിച്ചത് വിവാദമായിരുന്നു.

click me!