
മുംബൈ: താനൂരിൽ നിന്ന് കാണാതായ പെൺകുട്ടികളുടെ അവസാന ലൊക്കേഷൻ കേരള പൊലീസിന് ലഭിച്ചു. കുട്ടികൾ തങ്ങളുടെ കൈവശമുള്ള മൊബൈൽ ഫോണിൽ പുതിയൊരു സിം കാർഡ് ഇട്ടതോടെയാണ് രാത്രി പത്തരയോടെ പൊലീസിന് ഇതിന്റെ ടവർ ലൊക്കേഷൻ ലഭിച്ചത്. ഇതനുസരിച്ച് മുംബൈ സിഎസ്‍ടി റെയിൽവെ സ്റ്റേഷന് പരിസരത്താണ് കുട്ടികളുള്ളത് എന്നാണ് ഈ ലൊക്കേഷനിൽ നിന്ന് വ്യക്തമാവുന്നത്. കുട്ടികൾക്ക് പ്രാദേശിക സഹായം ലഭിച്ചതായി പൊലീസ് സംശയിക്കുന്നുമുണ്ട്.
താനൂർ ദേവദാർ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളായ ഫാത്തിമ ഷഹദ (16), അശ്വതി (16) എന്നിവരെയാണ് കാണാതായത്. ഇവർ മുംബൈയിൽ എത്തിയതായി നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിക്ക് പെൺകുട്ടികൾ ട്രെയിൻ മാർഗമാണ് മുംബൈയിലേക്ക് പോയത്. കുട്ടികൾ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഇന്ന് രാവിലെ 11 മണിയോടെ പനവേൽ റെയിൽവേ സ്റ്റേഷനിൽ എത്തി. അവിടെനിന്ന് ട്രെയിൻ മാർഗ്ഗം മുംബൈ സിഎസ്ടി യിൽ എത്തിയെന്നാണ് കരുതുന്നത്.
മുംബൈ പനവേലിന് സമീപമുള്ള ഒരു സലൂണിൽ കയറി പെൺകുട്ടികൾ മുടിവെട്ടിയതായും പൊലീസിന് വിവരം ലഭിച്ചു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും കിട്ടിയിരുന്നു. മുംബൈ മലയാളി അസോസിയേഷന്റെ കൂടി സഹായത്തോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്. കുട്ടികൾക്കൊപ്പം ഒരു യുവാവ് കൂടിയുണ്ടെന്നും കണ്ടെത്തിയിരുന്നു. കുട്ടികളെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് പരിചയപ്പെട്ടതെന്നാണ് അക്ബർ റഹീം എന്ന ഈ യുവാവ് പൊലീസിനോട് പറഞ്ഞത്.
എന്നാൽ കുട്ടികളെ യുവാവ് ഇൻസ്റ്റഗ്രാം വഴിയാണ് ഇയാൾ പരിചയപ്പെട്ടതെന്നാണ് പൊലീസ് പറയുന്നത്. മുംബൈയിലേക്ക് പോകാനുള്ള കുട്ടികളുടെ പ്ലാൻ മനസ്സിലാക്കിയതോടെ റഹീം കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെത്തി. റഹീമിനും മുംബൈയിലേക്കുള്ള ടിക്കറ്റുകൾ എടുത്തു നൽകിയത് കുട്ടികളാണ്. പൊലീസ് പിന്തുടരുന്നത് മനസിലാക്കിയതോടെ റഹീം തിരിച്ചുവരാൻ ഒരുങ്ങിയെങ്കിലും പൊലീസ് നിർദ്ദേശ പ്രകാരം നിലവിൽ ഇയാൾ മുംബൈയിൽ തന്നെ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. ട്രെയിൻ ഇറങ്ങിയ ശേഷം കുട്ടികൾ തന്റെ അടുത്ത് നിന്ന് പോയി എന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam