
ചിന്നക്കനാൽ: മിഷൻ അരിക്കൊമ്പൻ അവസാന ഘട്ടത്തിലേക്ക് അടുത്തു. കുങ്കിയാനകളെ വെച്ച് ആനയെ ആനിമൽ ആംബുലൻസിലേക്ക് കയറ്റാനാണ് ശ്രമം. എന്നാൽ കടുത്ത രീതിയിൽ പ്രതിരോധിച്ച അരിക്കൊമ്പനെ കുങ്കിയാനകൾ ചുറ്റിലും നിന്ന് തള്ളി ലോറിയിലേക്ക് കയറ്റാൻ ശ്രമിക്കുകയാണ്. ഈ സ്ഥലത്ത് ശക്തമായ മഴയും കാറ്റും ആരംഭിച്ചത് അരിക്കൊമ്പൻ മിഷന് വെല്ലുവിളിയാണ്. ഇതുവരെ അരിക്കൊമ്പൻ കുങ്കിയാനകൾക്ക് മുന്നിൽ കീഴടങ്ങിയിട്ടില്ല. അരിക്കൊമ്പനെ ലോറിയിലേക്ക് കയറ്റാനുള്ള ശ്രമം ഇപ്പോഴും തുടരുന്നുണ്ട്. കോടമഞ്ഞും കാറ്റും ഈ പ്രദേശത്ത് ഇപ്പോൾ വെല്ലുവിളിയാണ്.
ശക്തമായ മഴയാണ് പ്രദേശത്ത് പെയ്യുന്നത്. വളരെ എളുപ്പത്തിൽ ആനയെ വാഹനത്തിലേക്ക് കയറ്റാനാവുമെന്നായിരുന്നു കരുതിയത്. എന്നാൽ ആ പ്രതീക്ഷ തെറ്റി. ആന അപ്രതീക്ഷിതമായി പ്രതിരോധം തീർക്കുകയാണ്. കുങ്കിയാനകളെ ചുറ്റിലും നിന്ന് കൊണ്ട് തള്ളാനായിരുന്നു ശ്രമം. ആനയുടെ കാലിലെ വടം ഉപയോഗിച്ച് വാഹനത്തിലേക്ക് കയറ്റാനുള്ള ശ്രമവും പരാജയപ്പെട്ടു. പ്രദേശത്ത് കോടമഞ്ഞ് നിറഞ്ഞിട്ടുണ്ട്. സൂര്യപ്രകാശം കുറഞ്ഞിട്ടുണ്ട്. ഇവിടെയാണ് കനത്ത മഴ കൂടി വെല്ലുവിളിയായി എത്തിയത്. മഴവെള്ളത്തിന് വലിയ തണുപ്പ് അനുഭവപ്പെടുന്നതായാണ് ഇവിടെ നിന്ന് ലഭിക്കുന്ന വിവരം. ദൗത്യമേഖലയിൽ തൊട്ടടുത്ത് നിൽക്കുന്നവർക്ക് പോലും കോടമഞ്ഞ് മൂടി എന്താണ് സംഭവിച്ചതെന്ന് വ്യക്തമായിട്ടില്ല.
Read More: അരിക്കൊമ്പന് തൊട്ടരികെ ദൗത്യസംഘം; അടുത്ത് ചക്കക്കൊമ്പനും; ദൗത്യം നിർണ്ണായക ഘട്ടത്തിൽ
അരിക്കൊമ്പനെ ലോറിയിലേക്ക് കയറ്റാൻ കഴിഞ്ഞാൽ പിന്നീട് മിഷന് മുന്നിൽ കാര്യമായ വെല്ലുവിളിയുണ്ടാവുകയില്ല. എന്നാൽ അരിക്കൊമ്പൻ കയറാൻ മടിച്ച്, കുങ്കിയാനകളെ ശക്തമായി പ്രതിരോധിക്കുന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. നേരത്തേ ആറ് ഡോസ് മയക്കുവെടി വെച്ചാണ് ആനയെ മയക്കിനിർത്തിയത്. ശക്തമായ മഴ പെയ്യുന്നതിനാൽ മയക്കം വിട്ട് ആന ഉണരാനുള്ള സാഹചര്യം സൃഷ്ടിക്കപ്പെടുമോയെന്നതും ആശങ്കയാണ്.
Read More: മിഷൻ അരിക്കൊമ്പൻ; പൂർണ്ണമായി മയങ്ങിയ ശേഷം റേഡിയോ കോളർ ഘടിപ്പിക്കും; വടം കെട്ടി നിയന്ത്രണത്തിലാക്കും