'യുഡിഎഫിലേക്ക് വരാൻ കാപ്പൻ സന്നദ്ധത അറിയിച്ചു'; ചെന്നിത്തല കാപ്പനുമായി ചര്‍ച്ച നടത്തിയെന്ന് ഹസ്സൻ

By Web TeamFirst Published Oct 14, 2020, 12:57 PM IST
Highlights

ജോസ് കെ മാണി യുഡിഎഫിനോട് കാണിച്ചത് കടുത്ത വഞ്ചനയാണ്. ജോസ് കെ മാണി മാത്രം രാജി വച്ചാൽ പോരെന്നും കോട്ടയത്തെ പാർലമെൻറ് അംഗവും രാജി വയ്ക്കണമെന്നും ഹസ്സന്‍. 

തിരുവനന്തപുരം: യുഡിഎഫിൽ വരാൻ മാണി സി കാപ്പൻ സന്നദ്ധത അറിയിച്ചെന്ന് യുഡിഎഫ് കൺവീനർ എം എം ഹസ്സൻ. പ്രതിപക്ഷ നേതാവുമായി മാണി സി കാപ്പൻ സംസാരിച്ചുവെന്നും പാലാ സീറ്റ് പിടിച്ചാൽ മുന്നണി വിടുമെന്ന് കാപ്പൻ അറിയിച്ചുവെന്നും ഹസ്സൻ പറഞ്ഞു. ‌എൻസിപിയിൽ നിന്ന് ഒരു എംഎൽഎ പോകുന്നതോടെ എൽഡിഎഫിൽ കൊഴിച്ചിൽ തുടരും. മുങ്ങുന്ന കപ്പലാണ് എൽഡിഎഫ്. ജോസ് കെ മാണിയുടെ പോക്കിൽ മുന്നണിക്ക് ഒരു നഷ്ടവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, എം എം ഹസ്സന്‍റെ പ്രസ്താവന കാപ്പൻ നിഷേധിച്ചു.

ജോസ് കെ മാണി യുഡിഎഫിനോട് കാണിച്ചത് കടുത്ത വഞ്ചനയാണെന്നും ഹസ്സന്‍ പറഞ്ഞു. യുഡിഎഫിൽ നിന്ന് പുറത്താക്കിയെന്നത് തെറ്റിദ്ധാരണ പരത്താൻ പറഞ്ഞതാണ്. ജോസ് കെ മാണി മാത്രം രാജി വച്ചാൽ പോരെന്നും കോട്ടയത്തെ പാർലമെൻറ് അംഗവും രാജി വയ്ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിതാവിൻ്റെ ആത്മാവ് ജോസ് കെ മാണിക്ക് മാപ്പ് കൊടുക്കില്ല. നോട്ട് എണ്ണുന്ന യന്ത്രമുണ്ടെന്ന് ആക്ഷേപിച്ചത് എൽഡിഎഫാണ്. മാണിയെ തകർക്കാൻ ശ്രമിച്ച മുന്നണിയിലേക്കാണ് ഇപ്പോള്‍ ജോസ് പോകുന്നത്. ആത്മഹത്യാപരമായ തീരുമാനമാണ് ഇത്. ഇടത് മുന്നണിയുമായി രഹസ്യ ബന്ധം വച്ചാണ് നേരത്തെ ജോസ് കെ മാണി യുഡിഎഫ് ധാരണ തെറ്റിച്ചതെന്നും ഹസ്സൻ പറഞ്ഞു.

Also Read: 'പാലവിട്ട് നൽകില്ല', ഇടതിനൊപ്പം അടിയുറച്ച് തന്നെയെന്ന് മാണി സി കാപ്പൻ, വെള്ളിയാഴ്ച എൻസിപി യോഗം

കൊവിഡ് രോഗ പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാർ പരാജയമാണെന്നും ഹസ്സൻ വിമര്‍ശിച്ചു. സ്വർണ്ണക്കള്ളക്കടത്തുമായി ബിന്ധപ്പെട്ട് മുഖ്യമന്ത്രി പറയുന്നത് അസത്യമാണെന്ന് ഓരോ ദിവസവും തെളിയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയുടെ ഭാവാഭിനയം ഓസ്ക്കറിന് അർഹാക്കുമെന്നും ടി വിയിലെ അഭിനയത്തിന് മന്ത്രി ബാലൻ മുഖ്യമന്ത്രിക്ക് അവാർഡ് നൽകണമെന്നും ഹസ്സന്‍ പരിഹസിച്ചു. തുടർ പ്രക്ഷോഭത്തെക്കുറിച്ച് നാളെ യുഡിഎഫ് ചർച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

click me!