Mullaperiyar : 'കോൺഗ്രസുകാർ ഇരുന്നും കിടന്നും നിരങ്ങിയും ഭരിച്ചിട്ടും ചെയ്യേണ്ടത് ഒന്നും ചെയ്തില്ല': എംഎം മണി

By Web TeamFirst Published Dec 6, 2021, 5:24 PM IST
Highlights

ജനങ്ങളെ ദുരിതത്തിലാക്കി പാതിരാത്രിയിൽ ഡാം തുറക്കുന്നത് ശുദ്ധ മര്യാദകേടാണെന്നും തമിഴ്നാട് സർക്കാരിന്റേത് ശുദ്ധ പോക്രിത്തരമെന്നും എംഎം മണി പറഞ്ഞു. 

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടുമായി  (Mullaperiyar Dam) ബന്ധപ്പെട്ട് കോൺഗ്രസ് (Congress) നടത്തുന്ന സമരങ്ങൾക്കെതിരെ എംഎം മണി (MM Mani). പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആത്മാർത്ഥതയില്ലാത്ത ആളാണെന്നും കഴിഞ്ഞ കോൺഗ്രസ് സർക്കാരുകൾ ചെയ്യേണ്ടത് ഒന്നും ചെയ്തില്ലെന്നുമാണ് എംഎം മണിയുടെ വിമർശനം. ''കോൺഗ്രസുകാർ ഇരുന്നും കിടന്നും നിരങ്ങിയും ഭരിച്ചിട്ടും ചെയ്യേണ്ടത് ഒന്നും ചെയ്തില്ല. ഇപ്പോൾ സമരമിരിക്കുന്ന എംപിയും വി ഡി സതീശനും വീട്ടിൽ പോയിരുന്നു സമരം ചെയ്താൽ മതിയെന്നും എംഎം മണി പറഞ്ഞു. 

മുല്ലപ്പെരിയാർ വിഷയത്തിൽ കേന്ദ്ര സർക്കാർ എന്നും തമിഴ്നാടിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ജനങ്ങളെ ദുരിതത്തിലാക്കി പാതിരാത്രിയിൽ ഡാം തുറക്കുന്നത് ശുദ്ധ മര്യാദകേടാണെന്നും തമിഴ്നാട് സർക്കാരിന്റേത് ശുദ്ധ പോക്രിത്തരമെന്നും എംഎം മണി പറഞ്ഞു. 

നേരത്തെ, മുല്ലപ്പെരിയാര്‍ ഡാം അപകടാവസ്ഥയിലെന്നും ജലബോംബാണെന്നുമുള്ള എംഎം മണിയുടെ പരാമർശം ശ്രദ്ധനേടിയിരുന്നു. ശര്‍ക്കരയും ചുണ്ണാമ്പും ഉപയോഗിച്ച് നിര്‍മ്മിച്ച ഡാമിന്റെ അകം കാലിയാണ്. സിമന്റും കമ്പിയും പൂശിയിട്ട് കാര്യമില്ല. അപകടാവസ്ഥയിലാണോ എന്നറിയാൻ ഇനിയും തുരന്ന് നോക്കുന്നത് വിഡ്ഢിത്തമാണെന്നുമായിരുന്നു നേരത്തെ അദ്ദേഹം നടത്തിയ പരാമർശം. 

Mullapperiyar Dam : മുല്ലപ്പെരിയാർ ജലബോംബ്, പൊട്ടിയാൽ മലയാളികളും തമിഴരും മരിക്കും: എംഎം മണി

അതേ സമയം, മുല്ലപ്പെരിയാർ വിഷയത്തിന് ശാശ്വത പരിഹാരം ഉണ്ടാകുന്നതുവരെ യുഡിഎഫ് സമരം തുടരുമെന്ന് ഇടുക്കി എംപി ഡീൻ കുര്യാക്കോസ് അറിയിച്ചു. മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്നാടുമായുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ഒത്തുകളി അവസാനിപ്പിക്കണമെന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ഡീൻ കുര്യാക്കോസ് നടത്തിയ ഉപവാസം അവസാനിപ്പിച്ചു. ചെറുതോണിയിലാണ് 24 മണിക്കൂർ ഉപവസിച്ചത്. കേരളത്തിലെ ഭരണകൂടത്തിനുണ്ടായ തകർച്ചയാണ് മുല്ലപ്പെരിയാർ പ്രശ്നത്തിൽ കാര്യമായി ഇടപെടാൻ കഴിയാത്തതിന് കാരണമെന്ന് ഡീൻ കുര്യാക്കോസ് കുറ്റപ്പെടുത്തി. 

അതിനിടെ മുല്ലപ്പെരിയാറിൽ ഡാം മുന്നറിയിപ്പില്ലാതെ തുറക്കുന്നതിനെതിരെ മന്ത്രി റോഷി അഗസ്റ്റിനും രംഗത്തെത്തി. രാത്രി ഡാം തുറക്കുമ്പോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ സുപ്രീംകോടതിയേയും മേല്‍നോട്ട സമിതിയേയും വീണ്ടും അറിയിക്കുമെന്ന്  ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്‌നാടിനെ ആശങ്ക അറിയിച്ചിരുന്നു. പകൽ തുറന്ന് വിടുന്നതിനേക്കാൾ കൂടുതൽ വെള്ളം ഇപ്പോൾ രാത്രിയില്‍ തുറന്ന് വിടാത്തത് ആശ്വാസകരമെന്ന് റോഷി അഗസ്റ്റിൻ കൂട്ടിച്ചേർത്തു. 

click me!