Mullapperiyar Dam : മുല്ലപ്പെരിയാർ ജലബോംബ്, പൊട്ടിയാൽ മലയാളികളും തമിഴരും മരിക്കും: എംഎം മണി
നെടുങ്കണ്ടത്ത് ഹൈറേഞ്ച് സംരക്ഷണ സമിതി സംഘടിപ്പിച്ച കര്‍ഷക ഉപവാസ സമരത്തില്‍ സംസാരിയ്ക്കുകയായിരുന്നു അദേഹം

ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാം അപകടാവസ്ഥയിലെന്ന് എംഎം മണി എംഎല്‍എ. ശര്‍ക്കരയും ചുണ്ണാമ്പും ഉപയോഗിച്ച് നിര്‍മ്മിച്ച ഡാമിന്റെ അകം കാലിയാണ്. സിമന്റും കമ്പിയും പൂശിയിട്ട് കാര്യമില്ല. അപകടാവസ്ഥയിലാണോന്ന് അറിയാന്‍ ഇനിയും തുരന്ന് നോക്കുന്നത് വിഡ്ഢിത്തമാണെന്നും അദ്ദേഹം പറഞ്ഞു. നെടുങ്കണ്ടത്ത് ഹൈറേഞ്ച് സംരക്ഷണ സമിതി സംഘടിപ്പിച്ച കര്‍ഷക ഉപവാസ സമരത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.
വണ്ടിപ്പെരിയാറിന് മുകളില്‍ ജലബോംബായി മുല്ലപ്പെരിയാര്‍ നില്‍ക്കുകയാണ്. എന്തെങ്കിലും സംഭവിച്ചാല്‍ കേരളത്തിലുള്ളവര്‍ വെള്ളം കുടിച്ചും തമിഴ്‌നാട്ടുകാര്‍ വെള്ളം കുടിയ്ക്കാതെയും മരിയ്ക്കും. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാട് രാഷ്ട്രീയം കളിയ്ക്കുകയാണ്. ഇരു സംസ്ഥാനങ്ങളും ഒരുമിച്ച് തീരുമാനമെടുത്താല്‍ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സാധിക്കും. പുതിയ അണക്കെട്ട് വേണമെന്നതാണ് സർക്കാർ നിലപാട്.
ജലനിരപ്പ് 142 അടിയിൽ
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് അനുവദനീയ സംഭരണ ശേഷിയായ 142 അടിയിലെത്തി. ജലനിരപ്പ് കുറക്കാൻ കൃത്യമായ മുന്നറിയിപ്പ് നൽകാതെ തമിഴ്‌നാട് വൻ തോതിൽ വെള്ളം തുറന്നുവിട്ടു. ഇതേത്തുടർന്ന് പെരിയാർ നദിയിൽ ജലനിരപ്പ് രണ്ടു മീറ്ററോളം ഉയർന്നു. പെരിയാർ തീരത്തെ മഞ്ചുമല ആറ്റോരം ഭാഗത്ത് അഞ്ചു വീടുകളിൽ വെള്ളം കയറി. നീരൊഴുക്ക് കുറഞ്ഞതോടെ തുറന്നു വിടുന്ന വെള്ളത്തിന്റെ അളവിൽ കുറവ് വരുത്തി തുടങ്ങി.