കാപ്പന്റേത് ശുദ്ധ പോക്രിത്തരം, ലക്ഷ്യം വേറെ; മന്ത്രിസ്ഥാനം കിട്ടാത്തതിന്റെ ചൊരുക്കെന്നും എംഎം മണി

By Web TeamFirst Published Feb 13, 2021, 5:14 PM IST
Highlights

എൽഡിഎഫുകാരാണ് മാണി സി കാപ്പനെ ജയിപ്പിച്ചത്. കാപ്പൻ പാലായിൽ ഒന്നും ചെയ്തിട്ടില്ല. കാപ്പന് സീറ്റില്ലെന്ന് എൽഡിഎഫ് പറഞ്ഞിട്ടില്ലെന്നും മണി

കോഴിക്കോട്: മുന്നണി വിട്ട പാലാ എംഎൽഎ മാണി സി കാപ്പനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി എംഎം മണി. മാണി സി കാപ്പന്റേത് 'ശുദ്ധ പോക്രിത്തരം' എന്നായിരുന്നു മണിയുടെ വിമർശനം. പ്രാഥമിക ചർച്ച പോലും നടത്താതെയാണ് മുന്നണി വിട്ടത്. മാണി സി കാപ്പന് വേറെയാണ് ലക്ഷ്യങ്ങൾ. മന്ത്രിസ്ഥാനം കിട്ടാത്തതിന്റെ ചൊരുക്കാണെന്നും അദ്ദേഹം പറഞ്ഞു.

എൽഡിഎഫുകാരാണ് മാണി സി കാപ്പനെ ജയിപ്പിച്ചത്. കാപ്പൻ പാലായിൽ ഒന്നും ചെയ്തിട്ടില്ല. കാപ്പന് സീറ്റില്ലെന്ന് എൽഡിഎഫ് പറഞ്ഞിട്ടില്ല. പാലായിൽ കാപ്പൻ ശക്തി തെളിയിക്കട്ടെയെന്നും എംഎം മണി വെല്ലുവിളിച്ചു. 

മാണി സി കാപ്പൻ പോയത് ഇടത് മുന്നണിയെ ബാധിക്കില്ലെന്നായിരുന്നു കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണിയുടെ പ്രതികരണം. പാലായിൽ സീറ്റ് വിഭജന ചർച്ച ഇതുവരെ  നടന്നിട്ടില്ല. മാണി സി കാപ്പന്റെ നിലപാട് മാറ്റത്തിൽ വ്യക്തതയില്ലെന്നും വ്യക്തതയില്ലാത്ത കാര്യത്തിൽ കൂടുതൽ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുഡിഎഫിലേക്ക് മാറുമ്പോ അര്‍ഹമായ പരിഗണന കിട്ടുമെന്ന് ഉറപ്പുണ്ടെന്ന് മാണി സി കാപ്പൻ പ്രതികരിച്ചു. പാലാ അടക്കം മൂന്ന് സീറ്റുകളാണ് എൻസിപി പ്രതീക്ഷിക്കുന്നതെന്നും മാണി സി കാപ്പൻ മാധ്യമങ്ങളോട് പറഞ്ഞു. എല്ലാ കാര്യവും ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പാലാ സീറ്റിന്‍റെ കാര്യം ദേശീയ നേതൃത്വം ഇതിന് മുൻപ് ചര്‍ച്ച ചെയ്തിരുന്നു. ഐശ്വര്യ കേരളയെ സ്വീകരിക്കും എന്ന് പാവാറിനോടും പ്രഫുൽ പട്ടേലിനോടും നേരത്തെ പറഞ്ഞിരുന്നു എന്നും മാണി സി കാപ്പൻ പറഞ്ഞു.

എൻസിപിയുടെ  മുന്നണി മാറ്റത്തിൽ അന്തിമ നിലപാട് പ്രഖ്യാപനം പിന്നീട് നടത്തുമെന്ന് സംസ്ഥാന അധ്യക്ഷൻ ടിപി പീതാംബരൻ അറിയിച്ചു. ശരദ് പവാറും, പ്രഫുൽ പട്ടേലും ചർച്ച പൂർത്തിയാക്കിയിട്ടില്ല. അന്തിമ നിലപാട് കേരളത്തിലെത്തിയ ശേഷം താനോ മുംബൈയിൽ ദേശീയ നേതാക്കളോ നടത്തുമെന്നും ഇദ്ദേഹം വ്യക്തമാക്കി. 

click me!