
തിരുവനന്തപുരം: കെഎസ്ഇബിയിലെ (KSEB) ക്രമക്കേടാരോപണത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശന് (V. D. Satheesan) മറുപടിയുമായി മുൻ വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി (MM Mani) എംഎൽഎ. വി ഡി സതീശന്‍റെ കോൺഗ്രസ് പാര്‍ട്ടി ഭരിക്കുമ്പോളാണ് കെ എസ് ഇ ബി ഏറ്റവും കൂടുതല്‍ പദ്ധതി അനുവദിച്ചതും തട്ടിപ്പ് നടന്നതെന്നും എംഎം മണി ആരോപിച്ചു. കോൺഗ്രസ് മന്ത്രിയായിരുന്ന ആര്യാടന്‍ മുഹമ്മദ് വൈദ്യുതി വാങ്ങുന്നതിന് കരാര്‍വെച്ച് കോടികളുടെ നഷ്ടം വരുത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തന്‍റെ കൈകള്‍ ശുദ്ധമാണ്. കെഎസ് ഇബി വിഷയത്തിൽ വേണമെങ്കില്‍ അന്വേഷണം നടത്തിക്കോട്ടേയെന്നും
എം എം മണി കൂട്ടിച്ചേർത്തു.
അതേ സമയം കെഎസ്ഇബിയിലെ ക്രമക്കേടുകളെ കുറിച്ചുള്ള ചെയര്‍മാന്‍റെ വെളിപ്പെടുത്തൽ സർക്കാറിനെതിരെ രാഷ്ട്രീയ ആയുധമാക്കുകയാണ് പ്രതിപക്ഷം. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് വൈദ്യുതി ബോർഡിൽ ക്രമക്കേടുണ്ടായെന്ന കെഎസ്ഇബി ചെയർമാന്റെ ആരോപണം ഏറ്റെടുത്ത് പ്രതിപക്ഷ നേതാവ് വിഡി സതീശൻ നേരത്തെ രംഗത്തെത്തിയിരുന്നു. ടെൻഡർ വിശദാംശങ്ങൾ എഞ്ചിനീയർമാർ തന്നെ ചോർത്തി കൊടുക്കുന്നുവെന്ന് ചെയർമാൻ തന്നെ പറയുന്ന സ്ഥിതിയാണുള്ളത്. ഇക്കാര്യത്തിൽ അന്വേഷണം വേണം. പ്രതിപക്ഷം ഉന്നയിച്ച ട്രാൻസ്ഗ്രിഡ് പദ്ധതി അഴിമതി ഇപ്പോൾ വ്യക്തമായിരിക്കുന്നുവെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി.
''വൈദ്യുതി ബോർഡിൽ കഴിഞ്ഞ അഞ്ചര വർഷമായി നടക്കുന്നത് കടുത്ത അഴിമതിയാണ്. ഈ ആരോപണങ്ങൾക്ക് മറുപടി പറയാനുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ട്. മുഖ്യമന്ത്രിയും അന്നത്തെ വൈദ്യുതി മന്ത്രിയും ഇക്കാര്യങ്ങൾ വിശദീകരിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു. കെഎസ്ഇബി ക്ഷണിച്ചുവരുത്തിയ നഷ്ടം ചാര്‍ജ് വര്‍ദ്ധനയിലൂടെ സാധരാണക്കാരന് തിരിച്ചടിയാവുകയാണ്. ഇപ്പോഴത്തെ വൈദ്യുതി മന്ത്രി കൃഷ്ണൻ കുട്ടി ചെയർമാൻ ബി അശോക് പറഞ്ഞ ഒന്നും നിഷേധിച്ചിട്ടില്ലെന്നും വിഡി സതീശൻ ചൂണ്ടിക്കാട്ടുന്നു. പാര്‍ട്ടി ഓഫീസുപോലെയാണ് കെഎസ്ഇബി പ്രവര്‍ത്തിക്കുന്നതെന്ന് പറഞ്ഞ സതീശൻ പ്രശ്നം നിയമസഭയിൽ സർക്കാറിനെതിരെ ഉന്നയിക്കാനൊരുങ്ങുകയാണ്.
അതേ സമയം രാഷ്ട്രീയ ആരോപണങ്ങള്‍ ഉന്നയിച്ച ചെയർമാൻ ഡോ.ബി.അശോക് രാജിവെച്ചൊഴിയണമെന്ന നിലപാടിലാണ് ഇടത് യൂണിയനുകള്‍. നാളെ ഒത്ത് തീർപ്പ് ചർച്ച നടക്കാനിരിക്കെയും വൈദ്യുതി ഭവന് മുന്നിലെ ഇടത് യൂണിയനുകളുടെ സമരം മൂന്നാം ദിവസവും തുടരുകയാണ്. ഇടത് സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ഇടത് യൂണിയന്‍ തന്നെ സമരത്തിനിറങ്ങിയതും,സര്‍ക്കാരിന്‍റെ കെട്ടുറപ്പിനെ ബാധിക്കുന്ന രീതിയിലേക്ക് ആരോപണ പ്രത്യാരോപണങ്ങള്‍ നീങ്ങിയതും മുന്നണിയെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്. നാളെ ഉച്ചക്ക് ഇടത് മുന്നണി കണ്‍വീനറും, ട്രേഡ് യൂണിയന്‍ നേതാക്കളും വൈദ്യുതി മന്ത്രിയുമായി ചർച്ച നടത്തും. ക്രമക്കേട് ഉന്നയിച്ച സാഹചര്യത്തിൽ ചെയർമാനെ ഉടൻ മാറ്റിയാൽ വിവാദം ശക്തമാകുമെന്നതിനാൽ തൽക്കാലം ബി അശോകിനെ തുടരാൻ അനുവദിച്ചേക്കും.
ട്രാൻസ്ഗ്രിഡ് അഴിമതി വ്യക്തമായി, എംഎം മണി മന്ത്രിയെ ഭീഷണിപ്പെടുത്തുന്നു: പ്രതിപക്ഷ നേതാവ്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam