
ആലുവ: മൊഫിയ പര്‍വീണിന്‍റെ ആത്മഹത്യാക്കേസില്‍ പൊലീസ് സ്റ്റേഷനില്‍ സമരം ചെയ്ത പ്രാദേശിക കോൺഗ്രസ് നേതാക്കള്‍ക്ക് തീവ്രവാദ ബന്ധം സംശയിക്കുന്നുവെന്ന് പൊലീസ്. സമരവുമായി ബന്ധപ്പെട്ട് പൊതുമുതല്‍ നശിപ്പിച്ച കുറ്റത്തിന് അറസ്റ്റ് ചെയ്ത അൽ അമീൻ, അനസ്, നജീബ് എന്നിവരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കോടതിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് പൊലീസിന്‍റെ വിവാദമായ പരാമര്‍ശം.
സമരത്തിനിടെ ഡിഐജിയുടെ കാര്‍ കോൺഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞ് നാശനഷ്ടം വരുത്തിയിരുന്നു. ജലപീരങ്കിയുടെ മുകളില്‍ കയറി കൊടി നാട്ടി. പൊതുമുതല്‍ നശിപ്പിച്ചതടക്കം കുറ്റം ചുമത്തി 12 പേരെ പ്രതികളാക്കി കേസെടുത്തു. ഇതില്‍ അറസ്റ്റ് ചെയ്ത മൂന്ന് പേരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കോടതിക്ക് നില്‍കിയ റിപ്പോര്‍ട്ടിലാണ് നേതാക്കള്‍ക്ക് തീവ്രവാദ ബന്ധം ഉണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് ആരോപിക്കുന്നത്.
കെഎസ്‌യു ആലുവ മണ്ഡലം പ്രസിഡന്റ് അല്‍ അമീന്‍, കോണ്‍ഗ്രസ് കീഴ്മാട് മണ്ഡലം പ്രസിഡന്റ് നജീബ്, ബൂത്ത് വൈസ് പ്രസിഡന‍്റ് അനസ് എന്നിവരെയാണ് കേസില്‍ അറസ്റ്റ് ചെയ്തത്. കേസിലെ ഒന്ന്, നാല്, അഞ്ച് പ്രതികളാണിവർ. എടയപ്പുറം സ്വദേശി സല്‍മാന്‍ ഫാരിസാണ് കേസിൽ രണ്ടാം പ്രതി. എടത്തല സ്വദേശി സഫ്‌വാനാണ് മൂന്നാം പ്രതി.
പൊലീസിന്റെ ജലപീരങ്കിയുടെ മുകളില്‍ കയറി നിൽക്കുന്ന ചിത്രങ്ങള്‍ പ്രതികൾ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ഏതെങ്കിലും തരത്തിലുള്ള തീവ്രവാദ ബന്ധത്തിന്റെ പേരിലാണോ ഇത് ചെയ്തതെന്ന് കണ്ടെത്തണം, ഇവരെ ജാമ്യത്തില്‍ വിട്ടാല്‍ കലാപങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടിൽ ആരോപിക്കുന്നു. സമരവുമായി ബന്ധപ്പെട്ട് നേരത്തെ മൂന്ന് കേസുകൾ എടുത്തിരുന്നു. അതിലൊന്നും തീവ്രവാദ ബന്ധം ഉന്നയിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ഈ കേസില്‍ മാത്രം പൊലീസ് എന്തുകൊണ്ട് ഇത്തരത്തില്‍ റിപ്പോര്‍ട്ട് നല്‍കി എന്നതാണ് പ്രധാന ചോദ്യം.
സമീപ കാലത്ത് കോണ്‍ഗ്രസ് ഏറ്റെടുത്ത് വിജയിപ്പിച്ച സമരമാണ് മൊഫിയ പർവീൺ ആത്യഹത്യാ കേസിലേത്. ആത്മഹത്യ ചെയ്ത നിയമ വിദ്യാർത്ഥിനി മൊഫിയ പര്‍വീണിന് നീതി തേടി ആലുവ പൊലീസ് സ്റ്റേഷനില്‍ നടത്തിയ സമരമായിരുന്നു ഇത്. പരാതി നല്‍കി ഒരുമാസം കഴിഞ്ഞിട്ടും ഒരു നടപടിയും സ്വീകരിക്കാതെ മൊഫിയയെ ആത്മഹത്യയിലേക്ക് തള്ളിയിട്ട സിഐയെ സസ്പെന്റ് ചെയ്യണം എന്നായിരുന്നു ആവശ്യം. സ്റ്റേഷനില്‍ തന്നെ ഉണ്ടുറുങ്ങി എംപിയും എംഎൽഎമാരും നടത്തിയ സമരം മൂന്നാം നാള്‍ വിജയം കണ്ടു. സിഐയെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തതോടെയാണ് സമരം അവസാനിപ്പിച്ചത്. എന്നാൽ സമരം അവസാനിച്ച് ദിവസങ്ങൾ പിന്നിട്ടപ്പോഴാണ് സമരം ചെയ്ത കോൺഗ്രസ് നേതാക്കളിൽ തീവ്രവാദ ബന്ധം ഉണ്ടെന്ന് സംശയിക്കുന്നതായ പൊലീസ് റിപ്പോർട്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam