സംസ്ഥാനത്ത് പരക്കെ നാശം വിതച്ച് കാലവര്‍ഷം; മഴക്കെടുതിയിൽ മൂന്നു മരണം, 7 ദിവസം അതീവ ജാഗ്രതയെന്ന് മുഖ്യമന്ത്രി

Published : May 25, 2025, 02:11 AM IST
സംസ്ഥാനത്ത് പരക്കെ നാശം വിതച്ച് കാലവര്‍ഷം; മഴക്കെടുതിയിൽ മൂന്നു മരണം, 7 ദിവസം അതീവ ജാഗ്രതയെന്ന് മുഖ്യമന്ത്രി

Synopsis

അടുത്ത 3 ദിവസം അതിതീവ്ര മഴയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. അടുത്ത 7 ദിവസം അതീവ ജാഗ്രതയെന്ന് മുഖ്യമന്ത്രി അറിയിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കെ നാശം വിതച്ച് കാലവർഷം നേരത്തെ എത്തി. മഴക്കെടുതിയിൽ 3 പേർ മരിച്ചു. അടുത്ത 3 ദിവസം അതിതീവ്ര മഴയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് മുന്നൊരുക്കങ്ങളുമായി മുന്നോട്ടു പോകുകയാണ് സർക്കാർ. അടുത്ത 7 ദിവസം അതീവ ജാഗ്രതയെന്ന് മുഖ്യമന്ത്രി അറിയിച്ചു.

കാഞ്ഞിരപ്പുഴയിൽ മണൽ വാരുന്നതിനിടയിൽ വഞ്ചി മറിഞ്ഞാണ് ഒരാൾ മരിച്ചത്. മേത്തല പടന്ന പാലക്കപ്പറമ്പിൽ സന്തോഷാണ് മരിച്ചത്. ഒരാളെ കാണാതായിട്ടുണ്ട്. കോഴിക്കോട് അഴിയൂരിൽ നിർമാണത്തിലിരുന്ന കിണർ ഇടിഞ്ഞുവീണ് തൊഴിലാളിയായ കരിയാട് സ്വദേശി രതീഷ് മരിച്ചു. കണ്ണൂർ ചാലക്കുന്നിൽ ദേശീയപാത നിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് ജാർഖണ്ഡ് സ്വദേശി ബിയാസ് ആണ് മരിച്ചത്. 

പല ജില്ലകളിലും ശക്തമായ മഴയിൽ മരങ്ങൾ കടപുഴകി വീണും വൈദ്യുതി പോസ്റ്റുകളും ലൈനുകളും നിലംപതിച്ചും വ്യാപക നാശമുണ്ടായി. നിരവധി വീടുകളും തകർന്നു. മലപ്പുറത്ത് കാർ തോട്ടിലേക്ക് മറിഞ്ഞ് 4 പേർക്ക് പരിക്കേറ്റു. കൊച്ചിയിലും ആലപ്പുഴയിലും കടലാക്രമണവും രൂക്ഷമാണ്. ശക്തമായ കാറ്റിലും മഴയിലും കെഎസ്ഇബിക്ക് 27 കോടിയോളം രൂപയുടെ നഷ്ടം നേരിട്ടിട്ടുണ്ട്.

കോഴിക്കോട്ട് നിർത്തിയിട്ട കാറിന് മുകളിൽ മതിൽ ഇടിഞ്ഞു വീണു. മാവൂർ പൈപ്പ് ലൈൻ ജംഗ്ഷന് സമീപം ഓഡിറ്റോറിയത്തിൻ്റെ പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ട കാറിന് മുകളിലേക്കാണ് മതിലിടിഞ്ഞ് വീണത്. കാറിലും തൊട്ടടുത്തും ആരും ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി. പാലക്കാട് പത്തിരിപ്പാലയിൽ ബസിന് മുകളിൽ മരം കടപുഴകി വീണു. ആർക്കും പരിക്കില്ല. കൊട്ടാരക്കര ദിണ്ടുക്കൽ ദേശീയ പാതയിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. ഇടുക്കിയിലെ മുറിഞ്ഞപുഴക്ക് സമീപം ആണ് സംഭവം. 

തിങ്കളാഴ്ച വരെ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശക്തമായ കാറ്റിനും സാധ്യത ഉണ്ട്. സംസ്ഥാനം കനത്ത ജാഗ്രതയിലാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം....

PREV
Read more Articles on
click me!

Recommended Stories

പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ
മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ