
പാലക്കാട്: പാലക്കാട് മണ്ണാര്‍ക്കാട് സ്കൂൾ വിദ്യാര്‍ത്ഥികൾക്ക് നേരെ സാദാചാര ആക്രമണം. മണ്ണാർക്കാട് കരിമ്പ എച്ച് എസ് എസ് ഹൈസ്ക്കൂളിലെ വിദ്യാർത്ഥികൾക്കാണ് നാട്ടുകാര്‍ എന്ന് സംശയിക്കുന്ന ഒരു വിഭാഗം ആളുകളിൽ നിന്നും ക്രൂരമായി മർദ്ദനമേറ്റത്. സ്കൂളിന് സമീപത്തെ ബസ് സ്റ്റോപ്പിൽ പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒരുമിച്ച് ഇരുന്നതിൽ അരിശം പൂണ്ട ആളുകളാണ് ആക്രമിച്ചതെന്ന് വിദ്യാര്‍ത്ഥികൾ പറയുന്നു.
ആണ്‍കുട്ടികളെ ക്രൂരമായി മര്‍ദ്ദിച്ച അക്രമിസംഘം പെണ്‍കുട്ടികൾക്ക് നേരെ അസഭ്യവര്‍ഷവും നടത്തി. പരിക്കേറ്റ വിദ്യാര്‍ത്ഥികൾ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഇന്ന് വൈകുന്നേരം നടന്ന സംഭവത്തിൽ മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കൾ കല്ലടിക്കോട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. അക്രമികളെ തിരിച്ചറിയാനുള്ള അന്വേഷണം പൊലീസ് തുടങ്ങിയിട്ടുണ്ട്. കേട്ടാലറയ്ക്കുന്ന അസഭ്യമാണ് അക്രമികളിൽ നിന്നുണ്ടായതെന്ന് പെണ്‍കുട്ടികൾ പറയുന്നു.
കണ്ണൂര്‍: കണ്ണൂരിൽ മുഖം മൂടി ധരിച്ചെത്തിയ നാലംഗ സംഘത്തിൻ്റെ മര്‍ദ്ദനത്തിൽ വിദ്യാര്‍ത്ഥികൾക്ക് പരിക്കേറ്റു. കണ്ണൂർ കണ്ണവം യു.പി.സ്കൂളിലെ രണ്ട് വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്. നിസാര പരിക്കേറ്റ കുട്ടികളെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കണ്ണവം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി
സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളായ കണ്ണവം പഴശ്ശി മുക്കിലെ എം. സൂര്യകൃഷ്ണ, പറമ്പുക്കാവ് കോളനിയിലെ റിജിൽ അനീഷ് എന്നിവർക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച രാവിലെ 8.30 ഓടെ സ്കൂളിൽ എത്തിയപ്പോഴാണ് സംഭവം. മതിൽ ചാടിക്കടന്ന് വന്ന മുഖം മൂടിയിട്ട നാലംഗ സംഘം സൂര്യകൃഷ്ണയെ വിദ്യാർത്ഥികളില്ലാത്ത ക്ലാസ് റൂമിൽ എത്തിച്ച് മർദ്ദിക്കുകയായിരുന്നു എന്നാണ് പരാതി. ഇത് കണ്ട് സ്ഥലത്തെത്തിയ റിജിലിനെയും സംഘം കൈയ്യേറ്റം ചെയ്തു.
അക്രമിസംഘം രാവിലെ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചിട്ടും സ്കൂൾ അധികൃതര്‍ സംഭവം കുട്ടികളുടെ വീട്ടിൽ അറിയിച്ചതും അവരെ ആശുപത്രിയിൽ കൊണ്ടു പോയതും ഉച്ചയോടെയാണ് എന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. എന്നാൽ രക്ഷിതാക്കളെ വിളിച്ചിരുന്നെന്നും വലിയ പരിക്ക് കാണാത്തത് കൊണ്ട് രാവിലെ ആശുപത്രിയിൽ കൊണ്ടു പോയില്ലെന്നും കുട്ടികൾ വേദനയുണ്ടെന്ന് പറഞ്ഞ ഉടനെ കൊണ്ടുപോയെന്നുമാണ് സ്കൂൾ അധികൃതരുടെ വിശദീകരണം.