Covid Kerala : ആശുപത്രി കേസുകളും ഗുരുതരരോഗികളും കൂടുന്നു, കേരളത്തിലും ആശങ്ക

By Web TeamFirst Published Jan 8, 2022, 2:04 PM IST
Highlights

ജനുവരി 1ന് 2435 ഉണ്ടായിരുന്ന പ്രതിദിന കേസുകൾ ഇന്നലെ ഇരട്ടിയിലധികമായി 5296 ലേക്കെത്തി.

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ (Covid Patients) എണ്ണത്തിലെ കുതിപ്പ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും ഗുരുതര രോഗികളുടെ എണ്ണത്തിലും പ്രതിഫലിച്ചു തുടങ്ങി. പ്രതിദിന കേസുകളിലെ (Daily Cases) വർധനവ് 45 ശതമാനമായാണ് കുത്തനെ ഉയർന്നത്. കഴിഞ്ഞ ആഴ്ച്ചയെ അപേക്ഷിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ എണ്ണം 5 ശതമാനം കൂടി. എന്നാൽ ജനജീവിതത്തെ ബാധിക്കുമെന്നതിനാൽ പൂർണമായി അടച്ചിട്ടുള്ള നിയന്ത്രണം ഇപ്പോഴാലോചിക്കുന്നില്ലെന്ന് സർക്കാർ വ്യക്തമാക്കി.

ജനുവരി 1ന് 2435 ഉണ്ടായിരുന്ന പ്രതിദിന കേസുകൾ ഇന്നലെ ഇരട്ടിയിലധികമായി. 5296 ലേക്കെത്തി. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണം ഒന്നാം തിയതിയിലെ 169-ൽ നിന്ന് ഇന്നലെ 240 ആയി ഉയർന്നു. ഒന്നാം തിയതി 18,904 പേർ ചികിത്സയിലുണ്ടായിരുന്നത് ഇന്നലെ 27,895 ആയി. മുൻ ആഴ്ച്ചയെ അപേക്ഷിച്ച് പ്രതിദിന കേസുകളിലുണ്ടായത് 45 ശതമാനത്തിന്റെ വർധനവാണ്. ഇതോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം മുൻ ആഴ്ച്ചത്തെ അപേക്ഷിച്ച് 5 ശതമാനം കൂടിയത്. 

മുൻ ആഴ്ച്ചയിൽ ഐസിയുവിൽ പ്രവേശിപ്പിക്കപ്പെട്ടത് 1.9 ശതമാനം ആയിരുന്നു. ഇത് ഈയാഴ്ച്ചയിൽ 2.1 ശതമാനം ആയി. വെന്റിലേറ്ററിലും ഐസിയുവിലും ഉള്ള രോഗികളുടെ എണ്ണം കുത്തനെ താഴക്ക് വന്നിടത്ത് നിന്ന് പതിയെ ഉയരാൻ തുടങ്ങി. ഒന്നോ ഒന്നരയോ ആഴ്ച്ചക്ക് ശേഷമാകും ഈ കണക്കിലെ കുതിപ്പ് പ്രതിഫലിക്കുക. നിലവിൽ 418 രോഗികൾ ഐസിയുവിലും 145 രോഗികൾ വെന്റിലേറ്ററിലും ചികിത്സയിലുണ്ട്.

കേസുകൾ കൂടുന്നതിനാൽ പ്രാഥമിക രണ്ടാംനിര ചികിത്സാ കേന്ദ്രങ്ങൾ വീണ്ടും തുറക്കാനുള്ള നിർദേശം നൽകിയിട്ടുണ്ട്. കേന്ദ്ര മാർഗനിർദേശമനുസരിച്ച് ലോ റിസ്ക് രാജ്യങ്ങളിൽ നിന്നുള്ളവർക്കും 7 ദിവസ നിർബന്ധിത ക്വറന്റീൻ നടപ്പാക്കിത്തുടങ്ങി. ഒമിക്രോൺ പശ്ചാത്തലത്തിൽ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം, ഗുരുതരമാകുന്നവരുടെ എണ്ണം എന്നിവയാണ് നിർണായകമാവുക. കൊവിഡ് കേസുകളിൽ വർധനവ് ഉണ്ടെങ്കിലും ലോക്ക്ഡൗൺ അടക്കമുള്ള ക‍ർശന നിയന്ത്രണങ്ങളിലേക്ക് സംസ്ഥാനം ഉടനെ കടക്കില്ല എന്നാണ് സൂചന. സമ്പൂ‍ർണ അടച്ചുപൂട്ടൽ പരി​ഗണനയിൽ ഇല്ലെന്നും ക്ഷീണാവസ്ഥയിലുള്ള സാമ്പത്തികമേഖലയെ വീണ്ടും നിശ്ചലമാക്കാനാവില്ലെന്നും ആരോ​ഗ്യമന്ത്രി വീണ ജോ‍ർജ് ഇന്ന് വ്യക്തമാക്കി. 


 

click me!