Sabarimala : ശബരിമലയിൽ കൂടുതൽ ഇളവ് വേണമെന്ന് ദേവസ്വം പ്രസിഡന്റ്; വീണ്ടും സർക്കാരിനെ സമീപിക്കും

By Web TeamFirst Published Dec 18, 2021, 5:45 AM IST
Highlights

അതിനിടെ ശബരിമല സന്നിധാനത്തെ വരുമാനം 50 കോടി കവിഞ്ഞു. അരവണ വിറ്റ ഇനത്തിലാണ് ഏറ്റവും കൂടുതല്‍ വരുമാനം ലഭിച്ചത്

തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടകര്‍ക്കായി പരമ്പരാഗത കരിമല കാനന പാത തുറക്കുന്നതിനായി വീണ്ടും സംസ്ഥാന സര്‍ക്കാരിനെ സമീപിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപന്‍. ശബരിമല സന്നിധാനത്ത് ദര്‍ശനത്തിന് എത്തിയ തീര്‍ത്ഥാടകർക്ക് ആർക്കും ഇതുവരെ കൊവിഡ് സ്ഥിരികരിക്കാത്ത സാഹചര്യത്തില്‍ കൂടുതൽ ഇളവ് വേണമെന്നും ആവശ്യമുണ്ട്. രണ്ട് കൊവിഡ് വാക്സീന്‍ എടുത്തവര്‍ക്കും  ആർടിപിസിആർ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കും ബുക്ക് ചെയ്യാതെ തന്നെ ദര്‍ശനത്തിന് അനുമതി നല്‍കണമെന്ന് ദേവസ്വം സർക്കാരിനോട് ആവശ്യപ്പെടും.

അതിനിടെ ശബരിമല സന്നിധാനത്തെ വരുമാനം 50 കോടി കവിഞ്ഞു. അരവണ വിറ്റ ഇനത്തിലാണ് ഏറ്റവും കൂടുതല്‍ വരുമാനം ലഭിച്ചത്. ഇന്നലെ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എംപിമാരായ കെ മുരളീധരന്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍ എന്നിവര്‍ ശബരിമല സന്നിധാനത്ത് ദര്‍ശനം നടത്തി. മൂവരും ദീപാരാധനയും അത്താഴ പൂജയും കഴിഞ്ഞ് ഹരിവരാസനത്തിന് ശേഷമാണ്  മലയിറങ്ങിയത്. രമേശ് ചെന്നിത്തല വഴിപാടായി  ഉദയാസ്തമന പൂജയും നടത്തി. ഇദ്ദേഹം കഴിഞ്ഞ ദിവസം രാത്രിയിലാണ് സന്നിധാനത്ത് എത്തിയത്.

click me!