
തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ(Financial crisis) ഞെരുങ്ങുന്നതിനിടെ വീണ്ടും ധൂര്‍ത്തുമായി സര്‍ക്കാര്‍. സാംസ്കാരിക- യുവജനകാര്യവകുപ്പ് മന്ത്രി സജി ചെറിയാന്‍റെ(Minister Saji Cherian) ഓഫീസില്‍ ശുചിമുറി(Toilet) നിര്‍മ്മിക്കാനായി അനുവദിച്ചത് നാല് ലക്ഷത്തി പതിനായിരം രൂപ. സെക്രട്ടേറിയറ്റിലെ അനക്സ് -1 കെട്ടിടത്തിലുള്ള മന്ത്രിയുടെ ഓഫിസില്‍ ശുചി മുറി നിര്‍മ്മിക്കാനാണ് 4,10000 രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
ഈ തുക സെക്രട്ടേറിയേറ്റ് ജനറല്‍ സര്‍വ്വീസ് എന്ന കണക്കിനത്തില്‍ നിന്നും വഹിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്‍റ് എക്യിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് അനുമതി നല്‍കി. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെയാണ് ലക്ഷങ്ങള്‍ പൊടിച്ച് മന്ത്രിയുടെ ഓഫീസില്‍ ശുചിമുറി പണിയുന്നത്. തന്‍റെ ഓഫീസില്‍ ശുചി മുറി ഇല്ലായിരുന്നെന്നും എത്ര രൂപയാണ് ശുചിമുറി പണിയുന്നതിനായി അനുവദിച്ചതെന്ന് ശ്രദ്ധിച്ചിട്ടില്ലെന്നുമാണ് മന്ത്രിയുടെ വിശദീകരണം.
ചീഫ് വിപ്പിന്‍റെ പേഴ്സണല്‍ സ്റ്റാഫില്‍ 18 പേരെ കൂടി നിയമിച്ച് കോടികളുടെ ബാധ്യത സര്‍ക്കാര്‍ വരുത്തിവച്ചതിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് മന്ത്രി ഓഫീസിലെ ശുചിമുറിക്കായി ലക്ഷങ്ങള്‍ ചെലവിടാനുള്ള ഉത്തരവ് പുറത്ത് വന്നത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുമ്പോഴാണ് ചീഫ് വിപ്പിന് വീണ്ടും പേഴ്സണല്‍ സ്റ്റാഫിനെ നിയമിക്കാനുള്ള അനുമതി കൊടുത്തത്. 18 പേരെയാണ് ഒറ്റയടിക്ക് നിയമിച്ചത്. ഇതോടെ ചീഫ് വിപ്പിൻ്റെ പേഴ്സണൽ സ്റ്റാഫുകളുടെ എണ്ണം 25 ആയി. ഉമ്മൻചാണ്ടി സർക്കാരിൻ്റെ കാലത്ത് പി സി ജോർജിന് 30 പേഴ്സണൽ സ്റ്റാഫിനെ അനുവദിച്ചതിനെ എൽഡിഫ് രൂക്ഷമായി വിമർശിച്ചിരുന്നു.
23,000 മുതൽ ഒരു ലക്ഷം വരെയാണ് പേഴ്സണ്‍ സ്റ്റാഫുകളുടെ ശമ്പളം. ചീഫ് വിപ്പ് ഡോ. എൻ ജയരാജിന്‍റെ പേഴ്സണൽ സ്റ്റാഫിൽ ഏഴ് പേരെ സർക്കാർ അനുവദിച്ചിരുന്നു. ഡ്രൈവറും പേഴ്സണൽ അസിസ്റ്റൻ്റും അടക്കമാണ് അനുവദിച്ചത്. ഇതുകൂടാതെയാണ് 18 പേരെ കൂടി ഉൾപ്പെടുത്തി പുതിയ ഉത്തരവിറക്കിയത്. പ്രൈവറ്റ് സെക്രട്ടറി ഉള്‍പ്പെടെയാണ് പുതിയ പട്ടികയിലുള്ളത്. ഇതിൽ നാല് പേർ സർക്കാർ സർവ്വീസിൽ നിന്നും ഡെപ്യൂട്ടേഷനിൽ എത്തിവരാണ്.
നിയമസഭയിലാണ് ചീപ് വിപ്പിന്‍റെ ഓഫീസ്. സഭ സമ്മേളിക്കുന്ന സമയത്ത് നിർണായ വോട്ടെടുപ്പുകള്‍ വരുമ്പോള്‍ അംഗങ്ങള്‍ക്ക് വിപ്പ് നൽകുക മാത്രമാണ് ചീഫ് വിപ്പിനുള്ള ജോലി. 99 അംഗങ്ങള്ള ഭരണപക്ഷത്തിന് നിയമസഭയില്‍ ബില്ലുകളുടെ വോട്ടെടുപ്പിൽ നിർണായ ഭൂരിപക്ഷമുള്ളതിനാൽ വിപ്പിന്‍റെ ആവശ്യവുമില്ല. ദൈനംദിനമുള്ള പ്രത്യേക ചുമതലളൊന്നും ചീഫ് വിപ്പിനില്ലെന്നിരിക്കെയാണ് ഇത്രയും സ്റ്റാഫുകളെ ഉള്‍പ്പെടുത്തുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam