ദില്ലിയിൽ 70-ലേറെ ആരോഗ്യപ്രവർത്തകർക്ക് കൊവിഡ്, പത്ത് മാസം പ്രായമുള്ള കുട്ടിക്കും വൈറസ് ബാധ

By Web TeamFirst Published Apr 19, 2020, 11:41 AM IST
Highlights

ആരോഗ്യപ്രവർത്തകർക്കും സർക്കാർ - പൊലീസ് ഉദ്യോഗസ്ഥർക്കും കൊവിഡ് വ്യാപിക്കുന്നത് ദില്ലിയുടെ കാര്യത്തിൽ ആശങ്ക ഇരട്ടിയാക്കുന്നുണ്ട്. 

ദില്ലി: രാജ്യതലസ്ഥാനത്ത് കൊവിഡ് വ്യാപനം അതീവ ഗുരുതരാവസ്ഥയിൽ. പൊതുജനങ്ങൾക്കൊപ്പം ആരോഗ്യപ്രവർത്തകർക്കും സർക്കാർ - പൊലീസ് ഉദ്യോഗസ്ഥർക്കും കൊവിഡ് വ്യാപിക്കുന്നത് ദില്ലിയുടെ കാര്യത്തിൽ ആശങ്ക ഇരട്ടിയാക്കുന്നുണ്ട്. 

ഇതുവരെ ദില്ലിയിൽ കൊവിഡ് ബാധിതരായ ആരോഗ്യപ്രവർത്തകരുടെ എണ്ണം 70 കടന്നു. സഫ്ദർജംഗ് ആശുപത്രിയിൽ രണ്ട് നഴ്സുമാർക്കും സാകേത് മാക്സിൽ മൂന്ന് നഴ്സുമാർക്കും എൽജെപിയിൽ മൂന്ന് പേർക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. 

മുൻകരുതലിൻ്റെ ഭാഗമായി പടിഞ്ഞാറൻ ദില്ലിയിലെ 13 സ്കൂളുകളിലെ 700 ജീവനക്കാരെ കരുതൽ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. കൊവിഡ് ബാധിച്ചു മരിച്ചയാളുടെ മകനായ ഭക്ഷ്യവിതരണ ഇൻസ്പെക്ടർ ഈ സ്കൂളുകൾ സന്ദർശിച്ചിരുന്നു എന്നു കണ്ടെത്തിയതിൻ്റെ അടിസ്ഥാനത്തിലാണ് ഈ കരുതൽ. 

ദില്ലി ലേഡി ഹാർഡിങ്ങ് ആശുപത്രിയിലെ നഴ്സുമാർ ഉൾപ്പെടെ എട്ടു പേർക്ക് ഇന്ന് കൊവിഡ് സ്ഥീരികരിച്ചിട്ടുണ്ട്. മുൻകരുതൽ നടപടിയുടെ ഭാഗമായി ഇവിടുത്തെ ശിശുരോഗ ഐസിയു അടച്ചു. ഇവിടെ പത്ത് മാസം പ്രായമുള്ള കുട്ടിക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 

അതേസമയം ദില്ലിയിൽ കൊവിഡ് ഡ്യൂട്ടിയിലുള്ള നഴ്സുമാരുടെ പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണുമെന്ന് ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറിയിച്ചതായി ആന്റോ ആന്റണി എംപി അറിയിച്ചു. നഴ്സുമാർ നേരിടുന്ന പല വിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണണം എന്ന് ആവശ്യപ്പെട്ട് എംപി ദില്ലി സർക്കാരിന് കത്തയച്ചിരുന്നു. 
 

click me!