
പത്തനംതിട്ട: താൻ കണ്ടത് പിതാവിനെ അറിയിക്കുമെന്ന് പറഞ്ഞ 11 കാരനെ മർദിച്ച കേസിൽ അമ്മയ്ക്കും ആൺസുഹൃത്തിനും മൂന്ന് മാസം വീതം കഠിന തടവും പിഴയും വിധിച്ച് കോടതി. കോട്ടാങ്ങൽ സ്വദേശികളാണ് ശിക്ഷിക്കപ്പെട്ട 45 കാരിയും 36 കാരനും. 2023 ഏപ്രിൽ 6 നും 9 നുമിടെയിലാണ് സംഭവം. അടുപ്പത്തിലായിരുന്ന ഇരുവരെയും വീട്ടിൽ വച്ച് രാത്രി കുട്ടി കാണാനിടയായി. ഇക്കാര്യം പിതാവിനെ അറിയിക്കുമെന്ന് പറഞ്ഞതിന് ഇരുവരും കുട്ടിയെ മർദിച്ചെന്നാണ് കേസ്. പെരുമ്പെട്ടി പൊലീസ് 2023 ൽ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ കേസിൽ പത്തനംതിട്ട അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി ടി മഞ്ജിത്ത് ആണ് ശിക്ഷ വിധിച്ചത്.
പ്രകോപിതനായ രണ്ടാം പ്രതി വീട്ടിനുള്ളിൽ വച്ച് കുട്ടിയുടെ കഴുത്തിന് കുത്തിപ്പിടിച്ചു. കുതറി ഓടിയ കുട്ടിയെ പിന്നാലെ ചെന്ന് വീട്ടുമുറ്റത്ത് കിടന്ന കമ്പെടുത്ത് പുറത്തടിച്ചു. ഒന്നാം പ്രതിയും കുട്ടിയെ സംരക്ഷിക്കാൻ ബാധ്യതപ്പെട്ടയാളുമായ അമ്മ അച്ഛനെ, അറിയിച്ചാൽ ഫാനിൽ കെട്ടിത്തൂക്കുമെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തി. ആൺ സുഹൃത്തിൽ നിന്നും കുട്ടിക്ക് ദേഹോപദ്രവം ഏൽക്കാൻ അവസരമൊരുക്കുകയും ചെയ്തെന്നാണ് കേസ്. മർദനത്തിനും ഭീഷണിപ്പെടുത്തിയതിനും പോക്സോ നിയമത്തിലെയും ബാലനീതി നിയമത്തിലെയും ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം അന്നത്തെ പെരുമ്പെട്ടി എസ്ഐ ടി സുമേഷ് കേസെടുത്ത് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തു.
അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് എസ് ഐ ജിജിൻ സി ചാക്കോ ആയിരുന്നു. ഒന്നാം പ്രതിക്ക് മൂന്ന് മാസം കഠിന തടവും 5000 രൂപയും, രണ്ടാം പ്രതിക്ക് മൂന്നു മാസം കഠിന തടവും 1000 രൂപ പിഴയുമാണ് കോടതി ശീക്ഷിച്ചത്. അടച്ചില്ലെങ്കിൽ യഥാക്രമം അഞ്ചു ദിവസവും ഒരു ദിവസവും വീതം അധിക കഠിന തടവ് അനുഭവിക്കണം. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ റോഷൻ തോമസ് കോടതിയിൽ ഹാജരായി.എ എസ് ഐ ഹസീന കോടതി നടപടികളിൽ പങ്കാളിയായി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam