ജീവനായി മല്ലടിച്ച് തൊടുപുഴയിലെ ഏഴ് വയസ്സുകാരൻ; അമ്മയുടെ സുഹൃത്ത് അരുൺ ആനന്ദ് കസ്റ്റഡിയിൽ

Published : Mar 29, 2019, 12:16 PM ISTUpdated : Mar 29, 2019, 12:39 PM IST
ജീവനായി മല്ലടിച്ച് തൊടുപുഴയിലെ ഏഴ് വയസ്സുകാരൻ; അമ്മയുടെ സുഹൃത്ത് അരുൺ ആനന്ദ് കസ്റ്റഡിയിൽ

Synopsis

തൊടുപുഴയിൽ കുട്ടിയെ മർദ്ദിച്ച അമ്മയുടെ സുഹൃത്തിനെതിരെ വധശ്രമത്തിന് കേസ്. അരുണിന്‍റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. കുഞ്ഞ് ഇപ്പോൾ അതീവഗുരുതരാവസ്ഥയിലാണ്.

ഇടുക്കി: തൊടുപുഴയിൽ ഏഴ് വയസ്സുകാരനെ അതിക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ അമ്മയ്ക്കൊപ്പം താമസിച്ചിരുന്ന സുഹൃത്തിനെതിരെ വധശ്രമത്തിന് കേസെടുത്തു. തിരുവനന്തപുരം സ്വദേശിയായ അരുൺ ആനന്ദി(35)നെതിരെയാണ് കേസെടുത്തത്. ഇയാൾ കുട്ടിയുടെ അമ്മയുടെ അകന്ന ബന്ധുവുമാണ്. ഇയാളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. 

അതേസമയം, ക്രൂരമർദ്ദനത്തിനിരയായ ഏഴ് വയസ്സുകാരന്‍റെ നില അതീവ ഗുരുതരമായി തുടരുകയാണ്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ശസ്ത്രക്രിയക്ക് വിധേയനാക്കി.

സംഭവത്തിൽ അരുൺ ആനന്ദിനെതിരെ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. ഇയാൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് ചെയർമാൻ പി സുരേഷ് പറഞ്ഞു. ഇളയകുട്ടിയുടെ മൊഴി അനുസരിച്ച് അരുണിനെതിരെ കേസ് എടുക്കാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റി പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. 

അരുണിനെതിരെ വധശ്രമം, ആയുധം കാണിച്ച് ഭീഷണിപ്പെടുത്തൽ, കുട്ടികൾക്കെതിരായ അതിക്രമം എന്നീ വകുപ്പുകളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്.

കുട്ടിയുടെ അമ്മയുടെ മൊഴി പൊലീസ് വിശദമായി ഇന്ന് രേഖപ്പെടുത്തും. ഇതിന് ശേഷമായിരിക്കും അറസ്റ്റ് ഉണ്ടാവുക.  തന്നെയും കുട്ടികളെയും ഇയാൾ ക്രൂരമായി മർദ്ദിക്കാറുണ്ടെന്നാണ് യുവതി മൊഴി നൽകിയത്. പ്രതി കുട്ടിയെ നിലത്തിട്ട് പല തവണ തലയിൽ ചവിട്ടിയെന്നും അലമാരയ്ക്ക് ഇടയില്‍ വെച്ച് ഞെരിക്കുകയും ചെയ്തുവെന്നും കുട്ടിയുടെ അമ്മ പൊലീസിനോട് പറഞ്ഞു. പ്രതി ലഹരിക്ക് അടിമയാണെന്ന് പൊലീസ് പറയുന്നു. കസ്റ്റഡിയില്‍ എടുത്ത സമയത്ത് അരുൺ മദ്യപിച്ച നിലയിലായിരുന്നു എന്നും പൊലീസ് പറയുന്നു. 

Also Read: 'അച്ഛൻ വടികൊണ്ട് തല്ലി, ചേട്ടനെ കൊന്നു', അരുൺ മർദ്ദിച്ചതിനെക്കുറിച്ച് ഇളയ കുഞ്ഞ് പറഞ്ഞത്

വ്യാഴാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് തൊടുപുഴ കുമാരനെല്ലൂർ സ്വദേശിയായ ഏഴ് വയസ്സുകാരനെ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. അമ്മയ്ക്കൊപ്പം താമസിച്ചിരുന്ന സുഹൃത്തായ അരുൺ ആനന്ദാണ് ഏഴ് വയസ്സുകാരനെ ക്രൂരമായി മർദ്ദിച്ചത്. സോഫയിൽ നിന്ന് വീണ് കുട്ടിയുടെ തലയ്ക്ക് പരിക്കേറ്റെന്നാണ് കുട്ടിയുടെ അമ്മ ആശുപത്രി അധികൃതരെ അറിയിച്ചത്. 

എന്നാൽ, തലയോട്ടി പൊട്ടി തലച്ചോർ പുറത്ത് വന്ന നിലയിലായിരുന്നു കുഞ്ഞ്. തുടർന്ന് പൊലീസിന്‍റെ സഹായത്തോടെ വിദഗ്‍ധ ചികിത്സയ്ക്കായി കുട്ടിയെ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ബലമുള്ള വടികൊണ്ടോ ചുമരിലിടച്ചതോ നിമിത്തം തലയോട്ടി പൊട്ടിയതാകാം എന്നാണ് ഡോക്ടർമാരുടെ നിഗമനം. തലയ്ക്ക് ശസ്ത്രക്രിയ നടത്തിയ കുട്ടി വെന്‍റിലേറ്ററിലാണ്. ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ അന്വേഷണത്തിൽ മൂന്നര വയസ്സുള്ള ഇളയ കുട്ടിയ്ക്കും മർദ്ദനമേറ്റതായി കണ്ടെത്തി.

ഇളയകുട്ടിയുടെ മൊഴി ചൈൽഡ് വെൽഫെയർ കമ്മിറ്റി പൊലീസിന് കൈമാറി. പത്ത് മാസം മുമ്പാണ് കുട്ടികളുടെ പിതാവ് മരിച്ചത്. തുടർന്ന് തിരുവനന്തപുരം സ്വദേശിയായ അരുൺ ആനന്ദിനൊപ്പം കുട്ടികളുടെ അമ്മ താമസമാക്കുകയായിരുന്നു. ഇയാൾ ലഹരിയ്ക്ക് അടിമയാണോ എന്ന് സംശയമുണ്ട്. പൊലീസ് നിരീക്ഷണത്തിലുള്ള ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. കുട്ടികളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് സംസ്ഥാനസർക്കാർ അറിയിച്ചു.

Also Read: ഇടുക്കിയില്‍ മര്‍ദ്ദനമേറ്റ കുട്ടിയുടെ ചികിത്സാ ചെലവും സംരക്ഷണവും സര്‍ക്കാര്‍ ഏറ്റടുക്കും

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഒളിവില്‍ നിന്ന് പുറത്തേക്ക്; വോട്ടുചെയ്യാനെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍, പാലക്കാട് കുന്നത്തൂര്‍മേട് ബൂത്തില്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തി
ഒരേ ഒരു ലക്ഷ്യം, 5000 കീ.മീ താണ്ടി സ്വന്തം വിമാനത്തിൽ പറന്നിറങ്ങി എം എ യൂസഫലി; നൽകിയത് സുപ്രധാനമായ സന്ദേശം, വോട്ട് രേഖപ്പെടുത്തി