Asianet News MalayalamAsianet News Malayalam

'അച്ഛൻ വടികൊണ്ട് തല്ലി, ചേട്ടനെ കൊന്നു', അരുൺ മർദ്ദിച്ചതിനെക്കുറിച്ച് ഇളയ കുഞ്ഞ് പറഞ്ഞത്

തൊടുപുഴയിൽ ഏഴ് വയസ്സുകാരനെ അമ്മയുടെ സുഹൃത്ത് ക്രൂരമായി മ‍ർദ്ദിച്ചതിനെക്കുറിച്ച് ഇളയ കുഞ്ഞ് വെളിപ്പെടുത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. തലയോട്ടി പൊട്ടി തലച്ചോർ പുറത്തു വന്ന നിലയിലാണ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. 

cruelty against seven year old in thodupuzha
Author
Thodupuzha, First Published Mar 29, 2019, 11:56 AM IST

ഇടുക്കി: തൊടുപുഴയിൽ അമ്മയുടെ സുഹൃത്തിന്‍റെ ക്രൂരമർദ്ദനത്തിനിരയായ ഏഴ് വയസ്സുകാരനും ഇളയ കുഞ്ഞിനും മാസങ്ങളായി മർദ്ദനമേറ്റിരുന്നെന്ന് മൊഴി. കുട്ടിയുടെ അമ്മയും ഇളയ കുഞ്ഞുമാണ് മാസങ്ങളായി തിരുവനന്തപുരം സ്വദേശിയായ അരുൺ ആനന്ദ് മർദ്ദിക്കാറുണ്ടെന്ന് പൊലീസിന് മൊഴി നൽകിയത്. പൊലീസ് വിശദമായി വിവരങ്ങൾ ചോദിച്ചപ്പോൾ പുറത്തു വന്നത് ഞെട്ടിക്കുന്ന ക്രൂരതയാണ്.

മുപ്പത്തഞ്ച് വയസ്സുകാരനായ ഇയാൾ ലഹരിക്ക് അടിമയാണെന്നും പൊലീസ് സംശയിക്കുന്നുണ്ട്. പേടി കാരണമാണ് ഒന്നും പുറത്തു പറയാതിരുന്നതെന്ന് കുട്ടികളുടെ അമ്മ പൊലീസിനോട് പറഞ്ഞു. 

സംഭവിച്ചതെന്താണ്?

ഇന്നലെ പുലർച്ചെയോടെയാണ് തലയോട്ടി പൊട്ടിയ നിലയിൽ കുഞ്ഞിനെ അമ്മയും സുഹൃത്തായ അരുൺ ആനന്ദും ചേർന്ന് കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുവരുന്നത്. രക്തത്തിൽ കുളിച്ച കുഞ്ഞിന്‍റെ തലച്ചോറ് പുറത്തു വന്ന നിലയിലായിരുന്നു. എന്താണ് സംഭവിച്ചതെന്ന് ഡോക്ടർമാർ ചോദിച്ചപ്പോൾ കുട്ടിയുടെ അമ്മ ആദ്യം സോഫയിൽ നിന്ന് വീണ് തല പൊട്ടിയെന്നാണ് പറഞ്ഞത്. എന്നാൽ കുട്ടിയെ പരിശോധിച്ച ഡോക്ടർമാർക്ക് സംശയം തോന്നി. ബലമുള്ള എന്തോ വസ്തു വച്ച് തലയിലടിച്ച പോലെയായിരുന്നു കുട്ടിയുടെ പരിക്കുകൾ.

കുട്ടിയുടെ പരിചരണത്തിനായിരുന്നു ആദ്യ പരിഗണന നൽകേണ്ടത് എന്നതിനാൽ ആദ്യം ഡോക്ടർമാർ കുഞ്ഞിന് അടിയന്തരശസ്ത്രക്രിയ നടത്തി. തുടർന്ന് പൊലീസിനെ വിവരമറിയിച്ചു. പൊലീസെത്തി കുട്ടിയുടെ അമ്മയുടെ സുഹൃത്തായ അരുൺ ആനന്ദിനോട് വിശദാംശങ്ങൾ ചോദിച്ചു. എന്നാൽ ചോദ്യം ചെയ്യലിനോട് ശരിക്ക് സഹകരിക്കാനോ പൊലീസ് നിർദേശിച്ചതു പോലെ ആംബുലൻസിൽ കയറാനോ ഇയാൾ തയ്യാറായില്ല. അപ്പോഴും അരുൺ ലഹരിയിലായിരുന്നു എന്നാണ് പൊലീസ് നൽകുന്ന വിവരം. 

തുടർന്നാണ് പൊലീസ് ഇയാളുടെ കാർ കസ്റ്റഡിയിലെടുക്കുന്നത്. കാർ പരിശോധിച്ചപ്പോൾ അതിൽ നിന്ന് ഒരു കോടാലിയും മദ്യക്കുപ്പിയും കണ്ടെത്തി. തുടർന്ന് കുട്ടിയുടെ അമ്മൂമ്മയോടൊപ്പം അമ്മയെ ഇരുത്തി വിശദമായി കാര്യങ്ങൾ ചോദിച്ചപ്പോഴാണ് അവർ സംഭവം തുറന്ന് പറയാൻ തയ്യാറായത്.

കുട്ടിയുടെ അമ്മ പറഞ്ഞതെന്ത്?

എട്ട് മാസമായി തിരുവനന്തപുരം സ്വദേശിയായ മുപ്പത്തഞ്ചുകാരൻ അരുൺ ആനന്ദിനൊപ്പം താമസിക്കുകയായിരുന്നു ഈ യുവതിയും രണ്ട് കുട്ടികളും. കുട്ടികളുടെ അച്ഛൻ ഒരു വർഷം മുമ്പ് മരിച്ചിരുന്നു. ഇതിന് ശേഷമാണ് അരുണിനൊപ്പം യുവതി തൊടുപുഴയിൽ വന്ന് താമസമാക്കിയത്. ഏഴ് വയസ്സുകാരനെ ഒരു മാസം മുമ്പ് മാത്രമാണ് സ്കൂളിൽ ചേർത്തത്. 

തന്നെയും കുട്ടികളെയും ഇയാൾ ക്രൂരമായി മർദ്ദിക്കാറുണ്ടെന്നാണ് യുവതി മൊഴി നൽകിയത്. ആദ്യം ഉണ്ടായ കാര്യങ്ങൾ പൊലീസിനോട് പറയാതിരുന്നത് അരുൺ ആനന്ദിനെ ഭയന്നാണ്. ഇയാൾ മാരകമായി ഉപദ്രവിക്കാറുണ്ടെന്നും തുറന്ന് പറയാൻ ഭയമായിരുന്നെന്നും യുവതി പറയുന്നു. ഇവരുടെ മുഖത്തും കണ്ണിലും അടി കൊണ്ട് നീര് വന്ന് വീർത്ത പാടുകളുണ്ട്. അന്ന് രാത്രി യുവതിയും അരുണും പുറത്ത് പോയി വന്നപ്പോൾ ഇളയ കുഞ്ഞ് സോഫയിൽ മൂത്രമൊഴിച്ചത് കണ്ടു. അരുൺ മദ്യപിച്ച നിലയിലായിരുന്നു. മൂത്ത കുട്ടിയോട് എന്താണ് സംഭവിച്ചതെന്ന് ചോദിച്ചു. ഉത്തരം കിട്ടാതായതോടെ കുഞ്ഞിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. 

തടയാൻ ശ്രമിച്ചപ്പോൾ അമ്മയെയും ഇളയ കുഞ്ഞിനെയും ഇയാൾ വലിച്ചിട്ട് തല്ലി. അരുണിനെ ഭയമായിരുന്നു. മാരകമായി മർദ്ദിക്കുമായിരുന്നു. കുട്ടിയെ അന്ന് രാത്രി ഇയാൾ താഴെയിട്ട് പല തവണ ചവിട്ടി. അലമാരയ്ക്കുള്ളിൽ വച്ച് ഞെരിച്ചുവെന്നും കുട്ടികളുടെ അമ്മ പറയുന്നു.

അയൽവാസി പറയുന്നതെന്ത്?

കുട്ടികളും അമ്മയും അരുൺ ആനന്ദും കഴിഞ്ഞിരുന്ന വീടിന് അടുത്തുള്ള അയൽവാസി സംഭവത്തെക്കുറിച്ച് പറയുന്നതിങ്ങനെയാണ്: ''പുലർച്ചെ അഞ്ച് മണിക്കാണ് എന്‍റെ മരുമകൾ എന്നെ വന്ന് വിളിക്കുന്നത്. വീട്ടിലേക്ക് പൊലീസ് ഫോൺ ചെയ്തു. നിങ്ങളുടെ തൊട്ടടുത്തുള്ള വീട്ടിൽ ഒരു കുഞ്ഞ് കിടപ്പുണ്ട്, ആ കുഞ്ഞിനെ ഒന്ന് രക്ഷിക്കണമെന്നും എടുത്തു കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടാണ് വിളിച്ചത്.

എന്തെങ്കിലും പ്രശ്നമുണ്ടാകുമോ സാറേ, എന്ന് ചോദിച്ചപ്പോൾ ഒന്നുമില്ല, കുഞ്ഞിന്‍റെ അമ്മ ആശുപത്രിയിലാണ്, കുട്ടിയെ ഒന്ന് നോക്കണം എന്ന് പൊലീസ് പറ‌ഞ്ഞു. ഞാൻ എന്‍റെ മകനെയും കൂട്ടി ചെന്നപ്പോൾ ഈ ഇളയ കുഞ്ഞ് സോഫയിൽ കമിഴ്‍ന്ന് കിടക്കുകയായിരുന്നു. കുഞ്ഞിനെ ഞങ്ങള് എടുത്തു കൊണ്ടുവന്നു. ഭക്ഷണം കൊടുത്തു, കിടത്തിയുറക്കി. 

രാവിലെ പൊലീസ് വന്ന് വീട് പരിശോധിച്ചപ്പോൾ ബെഡ് റൂമിൽ വടിയൊക്കെ ഒടിഞ്ഞ് കിടപ്പുണ്ട്. സാധനങ്ങളൊക്കെ വീണ് കിടക്കുകയാണ്. 

കുഞ്ഞ് രാവിലെ എഴുന്നേറ്റപ്പോൾ എന്താണുണ്ടായതെന്ന് ഞങ്ങൾ ചോദിച്ചു. അപ്പോൾ കുഞ്ഞ് പറഞ്ഞതിങ്ങനെയാ: ''ചേട്ടൻ ചത്തു, അച്ഛൻ കൊന്നു, എന്നേം അമ്മേം ചവിട്ടി. കൊന്നു.'' - വാക്കുകളില്ലാതെ അയൽവാസി ഇടറുന്നു. 

അരുൺ ആനന്ദ് ലഹരിക്ക് അടിമയോ?

പൊലീസ് ആദ്യം ചോദ്യം ചെയ്യുമ്പോഴും അരുൺ ആനന്ദ് ലഹരിയിലായിരുന്നു. ഇപ്പോൾ കാര്യങ്ങൾ ചോദിക്കുമ്പോൾ ലഹരിയിലായതിനാൽ ഒന്നും ഓർമയില്ലെന്നാണ് പറയുന്നത്. എന്ത് ലഹരിപദാർത്ഥമാണ് ഉപയോഗിക്കുന്നതെന്നറിയാൻ ഇയാളെ വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കും. ഇപ്പോൾ കസ്റ്റഡിയിലുള്ള അരുണിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കും. കുട്ടികളെ അതിക്രമിക്കൽ ഉൾപ്പടെയുള്ള ഗുരുതര വകുപ്പുകൾ ഇയാൾക്കെതിരെ ചുമത്തും. 

കുഞ്ഞിന്‍റെ സ്ഥിതിയെന്ത്?

അതീവഗുരുതരമാണ് കുഞ്ഞിന്‍റെ അവസ്ഥ. വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. ഇന്നലെ രാത്രി കുഞ്ഞ് കൈകൾ അനക്കുന്നുണ്ടായിരുന്നു. ഇപ്പോഴതും നിലച്ചു. അടുത്ത 48 മണിക്കൂർ നിർണായകമാണെന്നാണ് ഡോക്ടർമാർ പറയുന്നത്. 

Follow Us:
Download App:
  • android
  • ios