
തിരുവനന്തപുരം: അന്തർ സംസ്ഥാന ബസുകളെ നിയന്ത്രിക്കാൻ കർശന നടപടികളുമായി മോട്ടോർ വാഹന വകുപ്പ്. 24 മണിക്കൂറും പ്രവർത്തിക്കുന്ന മിന്നൽ പരിശോധനാ സ്ക്വാഡുകളെ എല്ലാ ആർടിഒ ഓഫീസിലും നിയമിക്കാൻ ഗതാഗത കമ്മീഷണർ ഉത്തരവിട്ടു. സുരേഷ് കല്ലടയുടെ ബസിൽ നിന്നും യാത്രക്കാരെ മർദ്ദിച്ച് ഇറക്കിവിട്ട സംഭവത്തിൽ ഇന്ന് രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്തു.
യാത്രക്കാരായ മൂന്ന് യുവാക്കളെ സുരേഷ് കല്ലട ബസ് ജീവനക്കാർ മർദ്ദിച്ച സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് ഗതാഗതവകുപ്പിന്‍റെ നീക്കം. നിയമ വിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്തി തടയാൻ സംസ്ഥാനത്തെ എല്ലാ ആർടിഒ ഓഫീസിലും പ്രത്യേക പരിശോധനാ സ്ക്വാഡ് രൂപീകരിക്കും. 24 മണിക്കൂറും പ്രവർത്തിക്കേണ്ട ഈ സ്ക്വാഡിനെ അതാത് മോട്ടോർ വാഹന ഇൻസ്പെക്ടർമാർ നയിക്കും. യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കാത്തവിധം മിന്നൽ പരിശോധനകൾ നടത്താനാണ് നിർദ്ദേശം.
ടിക്കറ്റ് നൽകി യാത്രക്കാരെ കൊണ്ടുപോവുന്നതിനുള്ള പ്രത്യേക ലൈസൻസ് എടുക്കാത്ത എല്ലാ സ്ഥാപനങ്ങളുടേയേയും പ്രവർത്തനം അവസാനിപ്പിക്കും. യാത്രക്കാരുടെ ലഗേജിനൊപ്പം കള്ളക്കടത്തും വ്യാപകമാണെന്ന് ആരോപണം ഉയർന്നതിനാൽ അതും പരിശോധിക്കും. പൊലീസിന്‍റെ സഹായം പരിശോധനാ സമയത്ത് തേടാമെന്നും ഗതാഗത കമ്മീഷണർ നിർദ്ദേശിച്ചിട്ടുണ്ട്.
യാത്രക്കാരെ മർദ്ദിച്ച സംഭവത്തിൽ കല്ലടയുടെ ജീവനക്കാരായ കൊല്ലം സ്വദേശികളായ ഗിരിലാൽ വിഷ്ണു എന്നിവരാണ് ഇന്ന് പിടിയിലായത്. ഇതോടെ 7 പേർ കേസിൽ ആകെ അറസ്റ്റിലായി. വധശ്രമം, മോഷണശ്രമം, പിടിച്ചുപറി, സംഘം ചേർന്ന് ആക്രമിക്കൽ തുടങ്ങിയ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.ഇവർ സഞ്ചരിച്ച വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കല്ലട ഉടമ സുരേഷ് കല്ലടയോട് നേരിട്ട് ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെ അതുണ്ടായില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam