'ഹരിത' വിവാദം: നടപടിക്ക് മുമ്പ് ലീ​ഗ് വിശദീകരണം കേട്ടില്ല, സ്വാഭാവിക നീതി കിട്ടിയില്ലെന്നും ഫാത്തിമ തഹ് ലിയ

By Web TeamFirst Published Aug 18, 2021, 12:18 PM IST
Highlights

വനിതാ കമ്മീഷനിൽ പരാതി നൽകിയത് 'ഹരിത'യുടെ സംസ്ഥാന ഭാരവാഹികൾ ആണ്. പാർട്ടി വേദികളിലും വനിതാ കമ്മീഷന് മുന്നിലും മാത്രമാണ് അവർ കാര്യങ്ങൾ പറഞ്ഞത്. 

കോഴിക്കോട്: 'ഹരിത' വിഷയത്തിൽ  വനിതാകമ്മീഷന് പരാതി നൽകിയത് പാർട്ടി നേതാക്കൾ നടപടിയെടുക്കാത്തത് കൊണ്ടാണെന്ന് എംഎസ്എഫ് ദേശീയ വൈസ് പ്രസിഡണ്ട് ഫാത്തിമ തഹ് ലിയ പറഞ്ഞു. പരാതി നൽകിയവരെയും തന്നെയും വ്യക്തിഹത്യ ചെയ്യുകയാണ്. 'ഹരിത' മുസ്ലീം ലീഗിന് തലവേദന എന്ന പരാമർശങ്ങൾ വേദന ഉണ്ടാക്കുന്നു എന്നും ഫാത്തിമ തഹ് ലിയ പറഞ്ഞു. 

കാണാ മറയത്ത് ഇരിക്കുന്ന ഒരുപാട് പെൺകുട്ടികളുടെ ശബ്ദമാണ് 'ഹരിത'. എംഎസ്എഫിനെ പോലും പല ക്യാമ്പസുകളിലും നയിക്കുന്നത് 'ഹരിത'യാണ്. ഇത് ഒരുപാട് മേഖലകളിൽ പെൺകുട്ടികൾക്കായി പ്രവർത്തിക്കുന്ന സംഘടനയാണ്. സ്ത്രീപക്ഷത്ത് നിന്ന് സംസാരിക്കാൻ സംഘടനയ്ക്ക് സാധിച്ചു.

വനിതാ കമ്മീഷനിൽ പരാതി നൽകിയത് 'ഹരിത'യുടെ സംസ്ഥാന ഭാരവാഹികൾ ആണ്. പാർട്ടി വേദികളിലും വനിതാ കമ്മീഷന് മുന്നിലും മാത്രമാണ് അവർ കാര്യങ്ങൾ പറഞ്ഞത്. അത്ര മാത്രം സംഘടനയെ വിശ്വസിക്കുന്ന ആളുകൾ ആണ്. പി കെ നവാസ്  ഉൾപ്പെടെ ഉള്ളവർക്ക് എതിരെ ഉള്ള പരാതി ലീഗിനും എംഎസ്എഫ് ദേശീയ കമ്മിറ്റിക്കും നൽകിയിരുന്നു. ദേശീയ കമ്മിറ്റി റിപ്പോർട്ട് ലീഗ് നേതൃത്വത്തിന് സമർപ്പിച്ചിരുന്നു. ഓരോ ലീഗ് നേതാക്കളെയും നേരിട്ട് കണ്ട് പരാതി ബോധിപ്പിച്ചു. പിഎംഎ സലാമിനെ പരാതി ഏൽപ്പിച്ചു എന്നാണ് കിട്ടിയ വിശദീകരണം. 

എഎസ്എഫ് സംസ്ഥാന ഭാരവാഹികളുടെ യോഗം വിളിച്ച് വിശദീകരണം തേടി. 'ഹരിത' പ്രവർത്തകർ പറഞ്ഞതും ലീഗ് കേട്ടു. താൻ കൂടി ഉൾപ്പെട്ട വേദിയിൽ ആണ് വാദങ്ങൾ കേട്ടത്. നിരന്തരമായ അസ്വസ്ഥത കാരണം ആണ് വനിതാ കമ്മീഷന് പരാതി നൽകിയത്. പാർട്ടി വേദിയിൽ പറഞ്ഞിട്ട് നടപടി വൈകിയതിൽ മാത്രമാണ് വനിത കമ്മീഷനെ സമീപിച്ചത്. അതിന്റെ പേരിൽ സമൂഹ മാധ്യമങ്ങൾ വഴി ഇപ്പോഴും വ്യക്തിഹത്യ നടത്തുന്നു. പ്രയാസങ്ങളിൽ കൂടെ ആണ് ഇപ്പോഴും കടന്നു പോകുന്നത്. ഇപ്പോഴും പാർട്ടിയിൽ പ്രതീക്ഷ ഉണ്ട്. സഹിക്കുന്നതിൻ്റെ അങ്ങേയറ്റം സഹിച്ചു. രണ്ടാഴ്ച കാത്തിരിക്കാൻ ലീഗ് നേതൃത്വം പറഞ്ഞു. 

മുസ്ലീം ലീഗ് അന്ത്യ ശാസനം നൽകിയിട്ടില്ല. പാർട്ടിയിൽ വിശ്വാസം ഇല്ലാത്തത് കൊണ്ടല്ല വനിതാ കമ്മീഷന് മുൻപിൽ പോയത്. വനിത കമ്മീഷന് പരാതി നൽകിയതിൽ അച്ചടക്ക ലംഘനം ഇല്ല. കമ്മീഷന് മുന്നിൽ പോയത്  തെറ്റ് എന്ന് ഒരു ലീ​ഗ് നേതാവും പറയില്ല. സ്ത്രീ വിരുദ്ധ പരാമർശം നടത്തിയവർക്ക് കിട്ടിയ സ്വാഭാവിക നീതി ഹരിതയ്ക്ക് കിട്ടാത്തതിൽ വേദനയുണ്ട്. ഹരിത മരവിപ്പിച്ച നടപടിയിൽ സങ്കടം ഉണ്ടെന്നും ഫാത്തിമ പറഞ്ഞു. ഹരിതയുടെ സ്ഥാപക ജനറൽ സെക്രട്ടറി കൂടിയാണ് ഫാത്തിമ . മുസ്ലിം ലീഗ് നേതൃത്വവും എം.എസ്എഫ് നേതാക്കളും പറഞ്ഞ ന്യായീകരണങ്ങളൊക്കെ തള്ളിയാണ് ഫാത്തിമ മാധ്യമങ്ങളോട് സംസാരിച്ചത്. ഹരിതയുടെ കമ്മിറ്റി മരവിപ്പിച്ച തീരുമാനത്തോട് എതിർപ്പ് ലീഗിനെ അറിയിച്ചിട്ടുണ്ട്.  


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona


 

click me!