
കോഴിക്കോട്: എംഎസ്എഫ് മുന്‍ സംസ്ഥാന വൈസ് പ്രസിഡണ്ടായിരുന്ന പി പി ഷൈജലിനെ വീണ്ടും പുറത്താക്കി മുസ്ലിം ലീഗ്. ഡിസംബറിലെ നടപടി കോടതി തടഞ്ഞത് കാരണം പുതിയ തിയ്യതി കാണിച്ചാണ് അറിയിപ്പ്. ഹരിത വിവാദത്തിലായിരുന്നു പി പി ഷൈജലിനെതിരായ നടപടി. കോടതി ഉത്തരവ് ലംഘിച്ചാണ് നടപടിയെന്ന് ഷൈജൽ പ്രതികരിച്ചു. ഹരിത വിഷയത്തിൽ മുസ്ലിം ലീഗ് നേതൃത്വത്തെ വിമർശിച്ചതിനാണ് ഷൈജലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. ഹരിതയുടെ പരാതി കൈകാര്യം ചെയ്ത് വഷളാക്കിയത് പിഎംഎ സലാമാണെന്ന് ലീഗ് ദേശീയ നേതൃത്വത്തിന് കത്തുകൊടുത്ത എട്ട് എംഎസ്എഫ് നേതാക്കളില്‍ ഒരാളാണ് പി പി ഷൈജൽ.
ഹരിത വിഷയത്തില്‍ എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് പി കെ നവാസിനും പിന്നീട് ഈ വിഷയത്തില്‍ നവാസിനെ പിന്തുണച്ച ലീഗ് നേതാക്കള്‍ക്കുമെതിരെ പരസ്യ വിമര്‍ശനം ഉന്നയിച്ചതിനെത്തുടര്‍ന്നായിരുന്നു ഷൈജലിനെ സംഘടനയില്‍ നിന്ന് പുറത്താക്കിയത്. ഹരിത വിവാദത്തിന് പിന്നാലെ കോഴിക്കോട്ട് വാര്‍ത്താ സമ്മേളനം വിളിച്ച ഷൈജല്‍ ലീഗിലെ പ്രതിസന്ധിക്ക് ഉത്തരവാദികള്‍ കുഞ്ഞാലിക്കുട്ടിയും സാദിഖ് അലി തങ്ങളും പിഎംഎ സലാമുമാണെന്ന് തുറന്നടിച്ചിരുന്നു. ലീഗിലെയും യൂത്ത് ലീഗിലെയും എംഎസ്എഫിലെയും ഒരു വിഭാഗം നേതാക്കളുടെ പിന്തുണ തനിക്കുണ്ടെന്നും ഷൈജല്‍ പറഞ്ഞിരുന്നു.
Also Read: കോടതി ഉത്തരവുമായി എംഎസ്എഫ് യോഗത്തിന് എത്തിയ ഷൈജലിനെ അകത്ത് കയറ്റിയില്ല, നാടകീയ രംഗങ്ങൾ
അച്ചടക്ക ലംഘനത്തിന് പി പി ഷൈജലിന് ലീഗ് സംസ്ഥാന നേതൃത്വം നേരത്തെ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്ത് മൂന്ന് മാസത്തിന് ശേഷമാണ് നോട്ടീസ് അയച്ചത്. വിശദീകരണം ചോദിക്കാതെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന് കാണിച്ച് ഷൈജൽ കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് നടപടി നല്‍കിയത്. നോട്ടീസ് നൽകിയത് കോടതിയെ തെറ്റിദ്ധരിപ്പിക്കാനെന്ന് ഷൈജൽ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പുതിയ തിയ്യതി കാണിച്ച് വീണ്ടും പുറത്തായി ഉത്തറവിറക്കിയിരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam